image

11 April 2024 9:41 AM GMT

Tech News

സൈബര്‍ ആക്രമണം:ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ആപ്പിള്‍

MyFin Desk

apple warns of cyber attack
X

Summary

  • 91 രാജ്യങ്ങളിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്
  • നിങ്ങളുടെ ഐഫോണ്‍ ദൂരെയിരുന്ന് നിരീക്ഷിക്കാന്‍ മെഴ്‌സിനറി സ്‌പൈവെയറിന്റെ സഹായത്തോടെ സാധിക്കും
  • വലിയ ചെലവുവരുന്ന സ്‌പൈവെയര്‍ ആക്രമണത്തിന് പിന്നില്‍ വന്‍ശക്തികളെന്ന് സൂചന


ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ആപ്പിള്‍. 91 രാജ്യങ്ങളിലെ ആപ്പിള്‍ ഉപഭോക്താക്കള്‍ക്കാണ് മെഴ്‌സിനറി സ്‌പൈവെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഇസ്രയേലിന്റെ സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒയില്‍ നിന്നുള്ള പെഗാസസിന് സമാനമായി മെഴ്സിനറി സ്പൈവെയര്‍ ആക്രമണത്തിനാണ് സാധ്യത.

സാധാരണ സൈബര്‍ കുറ്റവാളികളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നുമുള്ള ആക്രമണങ്ങളേക്കാള്‍ സങ്കീര്‍ണമാണ് മെഴ്‌സിനറി സ്‌പൈവെയര്‍ പോലുള്ള സൈബര്‍ ആക്രമണങ്ങള്‍. നിങ്ങളുടെ ഐഫോണ്‍ ദൂരെയിരുന്ന് നിരീക്ഷിക്കാന്‍ മെഴ്‌സിനറി സ്‌പൈവെയറിന്റെ സഹായത്തോടെ സാധിക്കും. നിങ്ങള് ആരാണ്,എന്തു ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ സ്‌പൈവെയര്‍ ആക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിള്‍ വ്യക്തമാക്കി. പത്രപ്രവര്‍ത്തകര്‍,രാഷ്ട്രീയക്കാര്‍,നയതന്ത്രജ്ഞര്‍,ബിസിനസുകാര്‍,ആക്ടിവിസ്റ്റുകള്‍ എന്നിവരെയാണ് സാധാരണ സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യമിടുന്നത്.

ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്‌സിനറി സ്‌പൈവെയറിന് സാധിക്കും. വലിയ ചെലവ് വരുന്നതിനാല്‍ തന്നെ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശക്തമായ അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകാനിടയുണ്ട്. എന്നാല്‍ പുതിയ സ്പൈവെയര്‍ ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും ഒരു പ്രത്യേക സ്പൈവെയറിന്റെ പേര് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. സാധാരണ ഗതിയില്‍ വലിയ ചെലവ് വരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഭരണകൂടങ്ങളുടേയോ ഏജന്‍സികളുടെയോ മറ്റോ പിന്തുണയിലാണ് നടക്കാറുള്ളത്.