image

25 March 2024 12:07 PM GMT

Tech News

ടെക് കമ്പനികൾക്കെതിരെ യൂറോപ്യൻ യൂണിയൻ: ഗൂഗിൾ, ആപ്പിൾ, മെറ്റ എന്നിവർക്ക് പിഴ വരും

MyFin Desk

eu has launched an investigation against tech giants
X

Summary

  • ആപ്പിൾ, ഗൂഗിൾ എന്നിവയുടെ ആപ്പ് സ്റ്റോർ നിയമങ്ങളും ഗൂഗിൾ തിരയൽ ഫലങ്ങളിൽ സ്വന്തം സേവനങ്ങൾ അനാവശ്യമായി മുൻഗണന നൽകുന്ന രീതി അന്വേഷിക്കും
  • മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ ഈടാക്കുന്ന പുതിയ സബ്‌സ്ക്രിപ്‌ഷൻ ഫീസുകളും അന്വേഷണ പരിധിയിൽ വരും
  • യുഎസിൽ നടക്കുന്ന വ്യാപകമായ ആന്റിട്രസ്റ്റ് അന്വേഷണത്തിന്റെ തുടർച്ചയായാണ് യൂറോപ്യൻ യൂണിയന്റെ ഈ അന്വേഷണം വരുന്നത്


ആപ്പിൾ, ഗൂഗിൾ, മെറ്റ എന്നീ വൻകിട ടെക് കമ്പനികൾ യൂറോപ്പിൽ നിലവിൽ വന്ന പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു. വൻകിട ടെക് കമ്പനികളുടെ ആധിപത്യം കുറയ്ക്കുന്നതിനുള്ളതാണ് ഈ നിയമങ്ങൾ.

ആദ്യ ഘട്ടത്തിൽ, ആപ്പിൾ, ഗൂഗിൾ എന്നിവയുടെ ആപ്പ് സ്റ്റോർ നിയമങ്ങളും ഗൂഗിൾ തിരയൽ ഫലങ്ങളിൽ സ്വന്തം സേവനങ്ങൾ അനാവശ്യമായി മുൻഗണന നൽകുന്ന രീതിയും, ആപ്പിൾ ഉപയോക്താക്കൾക്ക് സഫാരി ബ്രൗസറിന് പകരം മറ്റുള്ള ബ്രൗസറുകൾ തിരഞ്ഞെടുക്കാൻ പരിമിതികൾ വയ്ക്കുന്നതും അന്വേഷിക്കും.

മെറ്റയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ ഈടാക്കുന്ന പുതിയ സബ്‌സ്ക്രിപ്‌ഷൻ ഫീസുകളും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഈ നിയമലംഘനത്തിന് കമ്പനികൾക്ക് ആഗോള വരുമാനത്തിന്റെ 10% വരെയോ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 20% വരെയോ പിഴ ചുമത്താം.

"ഈ മൂന്ന് കമ്പനികളും നിർദ്ദേശിച്ച പരിഹാരങ്ങൾ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് (ഡി എം എ ) പൂർണ്ണമായും പാലിക്കുന്നില്ലെന്ന് ഞങ്ങൾ സംശയിക്കുന്നു," യൂറോപ്യൻ യൂണിയന്റെ ആന്റിട്രസ്റ്റ് മേധാവി മാർഗരേത്ത് വെസ്റ്റേജർ പറഞ്ഞു. ഇതോടൊപ്പം, ആപ്പിളിന്റെ പുതിയ ആപ്പ് സ്റ്റോർ ഫീസ് ഘടനയും ആമസോണിന്റെ വിപണിയിലെ റാങ്കിംഗ് രീതികളും കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.

യുഎസിൽ നടക്കുന്ന വ്യാപകമായ ആന്റിട്രസ്റ്റ് അന്വേഷണത്തിന്റെ തുടർച്ചയായാണ് യൂറോപ്യൻ യൂണിയന്റെ ഈ അന്വേഷണം വരുന്നത്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഉപകരണങ്ങളിലെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയർ ഫീച്ചറുകളും എതിരാളികളായ കമ്പനികളെ പരിമിതപ്പെടുത്തുന്നതിനാൽ ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് യുഎസ് നീതിവകുപ്പും 16 അറ്റോർണി ജനറലുകളും കഴിഞ്ഞ ആഴ്ച കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.

ഓൺലൈൻ പരസ്യ സാങ്കേതികവിദ്യയിലെ ഗൂഗിളിന്റെ നടപടിക്രമങ്ങളും കമ്മീഷൻ അന്വേഷിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഗൂഗിൾ നേരിട്ട നാലാമത്തെ ദുരുപയോഗ കേസാണിത്. മറ്റൊരു അന്വേഷണത്തിൽ ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലെയ്‌സ് മത്സരാർഥികളായ ക്ലാസിഫൈഡ് ആഡ് കമ്പനികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ആരോപിക്കുന്നു.

ടെക് ഭീമന്മാരുടെ ആധിപത്യം നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമങ്ങളുടെ ഭാഗമായി ടെക് കമ്പനികൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാക്കാനാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടു വന്നത്.