image

9 Jun 2023 6:29 AM GMT

Technology

എഫ്ബി, ഇന്‍സ്റ്റാഗ്രാം വെരിഫൈഡ് ബാഡ്ജിന് 699 രൂപ

MyFin Desk

fb instagram verified badge
X

Summary

  • യുഎസ്സിലാണ് ഈ സേവനം മെറ്റ ആദ്യം ലഭ്യമാക്കിയത്
  • ട്വിറ്ററിലും സമാന സേവനം നേരത്തേ നടപ്പിലാക്കിയിരുന്നു
  • ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണു വെരിഫിക്കേഷന്‍ നല്‍കുക


പ്രൊഫൈലില്‍ നീല ബാഡ്ജ് യൂസര്‍ക്ക് നല്‍കുന്ന പ്രീമിയം വെരിഫിക്കേഷന്‍ സേവനം മെറ്റ ആരംഭിച്ചു. ഐഒഎസ് (iOS), ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സേവനം ലഭിക്കാന്‍ 699 രൂപയാണ് നല്‍കേണ്ടത്.

സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണു യൂസര്‍ക്ക് വെരിഫിക്കേഷന്‍ സേവനം മെറ്റ നല്‍കുക. ഇതിനു പുറമെ സെല്‍ഫി വീഡിയോയും യൂസര്‍ നല്‍കണം.

മെറ്റ ഈ സേവനം ജൂണ്‍ ഏഴാം തീയതി ബുധനാഴ്ചയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അര്‍ഹരായവര്‍ക്ക് ഈ സേവനം വരും ദിവസം മുതല്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

വ്യക്തികള്‍ക്ക് ഈ സേവനം ലഭ്യമാണെങ്കിലും ബിസിനസുകള്‍ക്ക് വെരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമായിരിക്കില്ല. അതായത്, പേജുകള്‍ക്ക് വെരിഫിക്കേഷന്‍ ലഭിക്കില്ല പകരം പ്രൊഫൈലുകള്‍ക്കായിരിക്കും വെരിഫിക്കേഷന്‍ ലഭിക്കുക.

ഈ വെരിഫിക്കേഷന്‍ ബാഡ്ജിലൂടെ യൂസര്‍ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അവരുടെ യഥാര്‍ഥ ഐഡന്റിറ്റി സ്ഥാപിക്കാനും അതിലൂടെ ആള്‍മാറാട്ടക്കാരില്‍ നിന്നോ വ്യാജ പ്രൊഫൈലുകളില്‍ നിന്നോ അവരുടെ അക്കൗണ്ടുകളെ വേര്‍തിരിച്ചറിയാനും സഹായിക്കും. കൂടാതെ, വെരിഫൈഡ് സബ്സ്‌ക്രൈബര്‍മാര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്ന ഡെഡിക്കേറ്റഡ് അക്കൗണ്ട് സപ്പോര്‍ട്ട് (dedicated account support) വിഭാഗത്തിലേക്ക് ആക്‌സസ് ലഭിക്കും. വെരിഫൈഡ് അക്കൗണ്ട് ഉടമകള്‍ നേരിട്ടേക്കാവുന്ന ഏതെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ പരിഹരിക്കാനും ഇതിലൂടെ സാധിക്കും.

യുഎസ്സിലാണ് ഈ സേവനം മെറ്റ ആദ്യം ലഭ്യമാക്കിയത്. ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വെരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കി.

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിലും സമാന സേവനം നേരത്തേ നടപ്പിലാക്കിയിരുന്നു. ട്വിറ്റര്‍ ബ്ലൂ എന്ന പേരിലാണ് സേവനം നടപ്പിലാക്കിയത്. മൊബൈലില്‍ പ്രതിമാസം 900 രൂപയും വെബ്‌സൈറ്റില്‍ പ്രതിമാസം 650 രൂപയുമാണ് ഈടാക്കുന്നത്. ട്വിറ്റര്‍ ബ്ലൂ അവതരിപ്പിച്ച് ആദ്യ മൂന്ന് മാസങ്ങളില്‍ (2023 മാര്‍ച്ച് വരെ), മൊബൈലില്‍ 11 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടിയത്.

ഇതിനകം വെരിഫൈഡ് ബാഡ്ജുകള്‍ ഉള്ള യൂസര്‍മാരെ സംബന്ധിച്ചിടത്തോളം, അവര്‍ ഒന്നും ചെയ്യേണ്ടതില്ല. മെറ്റ തുടര്‍ന്നും അവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളിലെ വെരിഫൈഡ് ബാഡ്ജുകളുമായി തുടരാന്‍ അനുവദിക്കും.

മെറ്റയുടെ വെരിഫിക്കേഷന്‍ ബാഡ്ജ് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായിരിക്കും ലഭ്യമാകുന്നത്. വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ള മെറ്റ് അനുമതി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജിന് അപേക്ഷ സമര്‍പ്പിക്കാം.

ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും പ്രത്യേകം പ്രത്യേകമായിട്ടാണ് വെരിഫിക്കേഷന്‍ ബാഡജ് നല്‍കുക. ഒരു അപേക്ഷയിലൂടെ രണ്ട് അക്കൗണ്ടിനും വെരിഫൈഡ് ബാഡ്ജ് ലഭിക്കില്ല. പ്രത്യേകമായിട്ടു വേണം അപേക്ഷ സമര്‍പ്പിക്കേണ്ടതും ഫീസ് അടയ്‌ക്കേണ്ടതും.

മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ബ്ലൂ ടിക്ക് പോലെ, ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും പബ്ലിക് ഫിഗറുകള്‍ക്കും, സെലിബ്രിറ്റികള്‍ക്കും ഈ സേവനം വലിയ രീതിയില്‍ തന്നെ ഗുണം ചെയ്യുമെന്നാണു കരുതുന്നത്. വെരിഫൈഡ് ബാഡ്ജിലൂടെ അവരുടെ യഥാര്‍ഥ ഐഡന്റിറ്റിയെ തിരിച്ചറിയാന്‍ സാധിക്കും. ആധികാരികത ഉറപ്പാക്കുകയും ചെയ്യും.

വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കാനുള്ള വഴി

1) ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ യൂസര്‍ പ്രൊഫൈല്‍ (user profile) തിരഞ്ഞെടുക്കുക. തുടര്‍ന്ന് സെറ്റിംഗ്‌സ് (settings) ലേക്ക് പ്രവേശിക്കുക.

2) അക്കൗണ്ട്‌സ് സെന്റര്‍ (Accounts Center) സെലക്ട് ചെയ്യുക. തുടര്‍ന്ന് മെറ്റ വെരിഫൈഡ് ഓപ്ഷനും (Meta Verified option) സെലക്ട് ചെയ്യുക.

3) പേയ്‌മെന്റ് വിഭാഗം തിരഞ്ഞെടുത്ത് പണം അടയ്ക്കുക.

4) സെല്‍ഫി വീഡിയോ അപ്‌ലോഡ് ചെയ്യുക. അതോടൊപ്പം സര്‍ക്കാര്‍ അംഗീകൃത ഐഡിയും സമര്‍പ്പിക്കണം.

ഇത്രയും ചെയ്തു കഴിയുമ്പോള്‍ വെരിഫിക്കേഷന്‍ ബാഡ്ജ് ലഭിക്കും. 48 മണിക്കൂറാണ് വെരിഫിക്കേഷന്‍ ബാഡ്ജിനുള്ള അനുമതി ലഭിക്കാന്‍ മെറ്റ പറയുന്ന സമയദൈര്‍ഘ്യം.