image

1 Jun 2023 10:08 AM GMT

Technology

രാജ്യത്തെ മുന്‍നിര റീട്ടെയില്‍ സ്റ്റോറായി ആപ്പിള്‍

MyFin Desk

apple is the leading retail store in the country
X

Summary

  • ആപ്പിളിന്റെ ഐ ഫോണുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉള്ളത്
  • ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോറായ സാകേതിലെ വരുമാനവും ഏറെക്കുറെ മുംബൈ സ്റ്റോറിനു സമാനമാണ്
  • വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് റീട്ടെയില്‍ സ്റ്റോറായി യുഎസ് കമ്പനിയായ ആപ്പിള്‍ മാറി


ഇന്ത്യയില്‍ ആദ്യത്തെ ചില്ലറ വില്‍പനശാലകള്‍ തുറന്ന് മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്തെ മുന്‍നിര ഇലക്ട്രോണിക്‌സ് റീട്ടെയില്‍ സ്റ്റോറായി യുഎസ് കമ്പനിയുടെ ആപ്പിള്‍ സ്റ്റോര്‍ മാറി.

ഇന്ത്യയിലെ ആപ്പിളിന്റെ രണ്ട് സ്റ്റോറുകള്‍ 22-25 കോടി രൂപയില്‍ കൂടുതല്‍ വരുമാനം നേടി.

രാജ്യത്ത് ദീപാവലി കാലയളവിലാണു പൊതുവേ ഇലക്ട്രോണിക്‌സ് സ്റ്റോറില്‍ ഉയര്‍ന്ന വരുമാനം കൈവരിക്കുന്നത്. എന്നാല്‍, ഇത് ആദ്യമായി ദീപാവലി അല്ലാതിരുന്ന ഒരു സീസനില്‍ ഉയര്‍ന്ന വരുമാനം നേടിയിരിക്കുകയാണ്.

ഈ വര്‍ഷം ഏപ്രില്‍ 18, 20 തീയതികളിലാണ് യഥാക്രമം മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ ആപ്പിള്‍ സ്റ്റോര്‍ തുറന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക് സ്‌റ്റോറുകളുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് ഡ്രൈവില്‍ സ്ഥിതി ചെയ്യുന്ന മുംബൈ സ്റ്റോര്‍ ആപ്പിളിന്റെ ഉടമസ്ഥതയിലുള്ള 10 മികച്ച സ്റ്റോറുകളില്‍ ഒന്നായി മാറി. ആപ്പിള്‍ ബികെസി (ബാന്ദ്ര-ബിര്‍ള കോംപ്ലക്‌സ്) എന്നാണ് മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന്റെ പേര്. ഇവിടെ ഉദ്ഘാടനം ദിവസമായ ഏപ്രില്‍ 18-ന് 10 കോടി രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. 6000-ത്തോളം പേര്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയും ചെയ്തു.

ഡല്‍ഹിയിലെ ആപ്പിള്‍ സ്റ്റോറായ സാകേതിലെ വരുമാനവും ഏറെക്കുറെ മുംബൈ സ്റ്റോറിനു സമാനമാണ്.

ഇന്ത്യയിലെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ ബിസിനസ്സ് ലണ്ടനിലെ ആപ്പിളിന്റെ റീജിയണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സാണ് നേരിട്ട് കൈകാര്യം ചെയ്യുന്നത്. ആപ്പിളിന്റെ ഇന്ത്യന്‍ സെയില്‍സ് ടീമിന് ഇതുമായി നേരിട്ട് പങ്കാളിത്തമില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ ആപ്പിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലായിരിക്കും വില്‍പന കണക്കാക്കുക. മുംബൈയിലെയും ഡല്‍ഹിയിലെയും രണ്ട് സ്റ്റോറുകളുടെ വാടക കരാറുകള്‍ ആപ്പിള്‍ ഇന്ത്യയുമായിട്ടാണ് ഒപ്പുവച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐ ഫോണുകള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഉള്ളത്. എന്നാല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ പ്രീമിയം ഹാന്‍ഡ്സെറ്റുകള്‍ വാങ്ങുന്നതിനാല്‍ ഈ വിഹിതം സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ സ്ഥാപിച്ചതും ഐഫോണുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനി ഈയടുത്ത കാലത്ത് തീരുമാനിച്ചതും ക്യൂപെര്‍ട്ടിനോ ആസ്ഥാനമായുള്ള ടെക് ഭീമന് ദക്ഷിണേഷ്യന്‍ വിപണി എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു കൂടി തെളിയിക്കുന്നതാണ്.