image

21 March 2026 9:48 PM IST

Tech News

കണ്ടൻ്റിടൂ.. കാശ് വാരൂ.. ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കാന്‍ മെറ്റയുടെ പുതിയ തന്ത്രം

MyFin Desk

കണ്ടൻ്റിടൂ.. കാശ് വാരൂ.. ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കാന്‍ മെറ്റയുടെ പുതിയ തന്ത്രം
X

Summary

10 ലക്ഷം ഫോളോവേഴ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ലക്ഷങ്ങൾ നേടാം


ഫേസ്ബുക്കിലേക്ക് കൂടുതല്‍ കണ്ടൻ്റ് ക്രിയേറ്റർമാരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി മെറ്റ. ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക്, യൂട്യൂബ് എന്നിവയില്‍ സജീവമായവര്‍ക്ക് ഫേസ്ബുക്കില്‍ കണ്ടൻ്റ് പോസ്റ്റ് ചെയ്യുന്നതിനായി പ്രതിമാസം 2.7 ലക്ഷം വരെ നല്‍കുമെന്നാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിൻ്റെ പ്രഖ്യാപനം. കണ്ടൻ്റ് ക്രിയേറ്റര്‍മാര്‍ ഫേസ്ബുക്കിനേക്കാള്‍ മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ നീക്കം.

'ക്രിയേറ്റര്‍ ഫാസ്റ്റ് ട്രാക്ക്' എന്ന പേരിലാണ് മെറ്റ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതുപ്രകാരം ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് അല്ലെങ്കില്‍ യൂട്യൂബില്‍ കുറഞ്ഞത് 20,000 ഫോളോവേഴ്സുള്ള കണ്ടൻ്റ് ക്രിയേറ്റര്‍മാര്‍ക്ക് ഇതിൻ്റെ ഭാഗമാകാം. 100 ഡോളര്‍ മുതലാണ് വരുമാനം ലഭിക്കുക. കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിക്കും. ഒരുലക്ഷം ഫോളോവേഴ്സുള്ളവര്‍ക്ക് പ്രതിമാസം 1,000 ഡോളര്‍ (ഏകദേശം 92,000 രൂപ) വരെ ലഭിക്കും. 10 ലക്ഷം ഫോളോവേഴ്സിന് മുകളില്‍ ഉള്ളവര്‍ക്ക് 3,000 ഡോളര്‍ വരെ നേടാം. അതായത് ഏകദേശം 2.78 ലക്ഷം രൂപ.

ഇതിനായി ക്രിയേറ്റര്‍മാര്‍ സ്ഥിരമായി കണ്ടൻ്റ് പോസ്റ്റ് ചെയ്യേണ്ടതുണ്ട്. 30 ദിവസത്തിനുള്ളില്‍ കുറഞ്ഞത് 15 ഒറിജിനല്‍ റീലുകളെങ്കിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം. ഇവ കുറഞ്ഞത് 10 വ്യത്യസ്ത ദിവസങ്ങളിലായി പോസ്റ്റ് ചെയ്യണം എന്നാണ് നിബന്ധന. പ്രാരംഭത്തില്‍ ഈ സാമ്പത്തിക പ്രോത്സാഹനം മൂന്ന് മാസത്തേക്കാണ് ലഭിക്കുക. തുടര്‍ന്നും ക്രിയേറ്റര്‍മാര്‍ക്ക് ഇത്തരം പദ്ധതികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പല കണ്ടൻ്റ് ക്രിയേറ്റര്‍മാരും ഫേസ്ബുക്കിനെ പ്രധാന പ്ലാറ്റ്‌ഫോമായി കാണുന്നില്ലെന്ന് നേരത്തേ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുറന്നു പറഞ്ഞിരുന്നു. 2025ല്‍ ക്രിയേറ്റര്‍മാര്‍ക്ക് ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ മെറ്റ നല്‍കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 60 ശതമാനവും റീലുകള്‍ക്കായാണ്. കൂടാതെ 'ക്വാളിഫൈഡ് വ്യൂസ്' എന്ന പുതിയ മെട്രിക്കും അവതരിപ്പിച്ചിട്ടുണ്ട്. ഇത് വഴി യഥാര്‍ത്ഥത്തില്‍ വരുമാനത്തിന് യോഗ്യമായ വ്യൂസ് തിരിച്ചറിയാന്‍ കഴിയും.