30 Sep 2023 5:49 AM GMT
Summary
- മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ എ ഐ അധിഷ്ഠിത ഫേസ് റെക്കഗ്നീഷൻ സിസ്റ്റം
- 82 കോടി രൂപയ്ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്
- കുറ്റകൃത്യങ്ങൾ തടയുകയും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് റെയില്‍വേ
മുംബൈ സെൻട്രൽ റെയിൽവേ ശൃംഖലയിലെ 117 സ്റ്റേഷനുകളിൽ എ ഐ അധിഷ്ഠിത ഫേസ് റിക്കഗ്നീഷൻ സിസ്റ്റം ഉള്ള ക്യാമറകൾ സ്ഥാപിക്കാൻ സെൻട്രൽ റെയിൽവേ പദ്ധതിയിടുന്നു. ഇതിൽ 76 എണ്ണം പാസഞ്ചർ സബർബൻ സിസ്റ്റത്തിന്റെ ഭാഗമാണ്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, കുർള, താനെ, ലോകമാന്യ തിലക് ടെർമിനസ്, കല്യാൺ എന്നിവയുൾപ്പെടെ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം (ഐ എസ് എസ് ) മുന്നേ സജ്ജീകരിച്ചിട്ടുള്ള സ്റ്റേഷനുകൾ ഒഴികെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും എ ഐ ക്യാമറകൾ സ്ഥാപിക്കും.
കൂടാതെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 364 സ്റ്റേഷനുകളിൽ 6,122 ക്യാമറകൾ സ്ഥാപിക്കുമെന്നും കേന്ദ്ര റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. 82 കോടി രൂപയ്ക്കാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അടുത്ത 12 - 18 മാസത്തിനുള്ളിൽ എല്ലാ ക്യാമറകളും സ്ഥാപിക്കും. നിർഭയ ഫണ്ടിൽ നിന്നാണ് ഈ പദ്ധതി നടപ്പിലാക്കുക. ഈ ക്യാമറകളിൽ മുഖം തിരിച്ചറിയൽ സംവിധാനം, വീഡിയോ അനലിറ്റിക്‌സ്, വീഡിയോ മാനേജ്‌മെന്റ് സംവിധാനം എന്നിവ ഉണ്ടായിരിക്കും.
കുറ്റവാളികളെ പിടികൂടുന്നതിനും സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഫേസ് റിക്കഗ്നീഷൻ സിസ്റ്റം ഉപയോഗിക്കും. കാമറകൾ റെയിൽവേ പൊലീസിനും, സുരക്ഷാ ഉദ്യോഗസ്ഥർക്കും കുറ്റവാളികളെ പിടികൂടാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്.
കാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നിയന്ത്രണ മുറിയിലെ മോണിറ്ററുകളില്‍ പ്രദർശിപ്പിക്കും. ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ, പോലീസിന് വാറണ്ടുള്ള ക്രിമിനലുകളെ തിരിച്ചറിയാനും പിടികൂടാനും കഴിയും. കൂടാതെ മറ്റ് സുരക്ഷാപ്രശ്നങ്ങളെയും കണ്ടെത്താനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കാമറകൾ പ്രവർത്തനക്ഷമമായാൽ, കുറ്റവാളികളെ പിടികൂടാനും, കാണാതായവരെ കണ്ടെത്താനും പോലീസിനെ സഹായിക്കും. കൂടാതെ, സ്റ്റേഷനുകളിലെ പോക്കറ്റടി,മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനും സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂർത്തിയാകുന്നതോടെ, സെൻട്രൽ റെയിൽവേയുടെ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാകുകയും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യും.
ക്രിമിനല്‍ പ്രവർത്തനങ്ങള്‍ തടയുന്നതിനും, യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ കാമറകൾ സഹായിക്കുമെന്നത് ആശ്വാസകരമായ ഒന്നാകുന്നു. സുരക്ഷാ കാരണങ്ങളാല്‍, യാത്രക്കാർക്കിടയില്‍ നിരന്തരം പരിശോധനകള്‍ നടത്തുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തോടു കൂടിയ കാമറകള്‍ സ്ഥാപിക്കുന്നതോടെ, ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്..