image

2 Feb 2023 6:01 AM GMT

Technology

ചാറ്റ് ജിപിറ്റിയുടെ ആപ്പ് വരുന്നുവെന്ന് റിപ്പോര്‍ട്ട്

MyFin Desk

ചാറ്റ് ജിപിറ്റിയുടെ ആപ്പ് വരുന്നുവെന്ന് റിപ്പോര്‍ട്ട്
X

Summary

  • മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു


ചാറ്റ് ജിപിറ്റിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ ഒരുങ്ങുന്നുവെന്ന് സൂചന. വാര്‍ത്താ വെബ്‌സൈറ്റായ സെമഫോറാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നിലവില്‍ ഓണ്‍ലൈനായി കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ചാറ്റ് ജിപിറ്റി പ്ലാറ്റ്‌ഫോമിന്റെ സേവനം ലഭ്യമാകുക. ചാറ്റ് ജിപിറ്റിയുടെ പുത്തന്‍ അപ്‌ഡേറ്റായ ജിപിറ്റി-4 ല്‍ കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും സെര്‍ച്ച് എഞ്ചിനുകളില്‍ ചാറ്റ് ബോട്ട് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നും അത് ചാറ്റ് ജിപിറ്റിയുടെ തന്നെ നൂതന വേര്‍ഷനായേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടില്ല. ആപ്പ് ഇറക്കുന്നത് വഴി ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പേയ്ഡ് വേര്‍ഷന്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ട്.

ജെനറേറ്റീവ് പ്രീഡട്രെയ്ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജിപിടി. ഓപ്പണ്‍ എഐ എന്ന ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക് പോലുള്ള സിലിക്കണ്‍ വാലി കേന്ദ്രമായുള്ള നിക്ഷേപകര്‍ ചേര്‍ന്നുണ്ടാക്കിയ നോണ്‍ പ്രോഫിറ്റ് എഐ ഗവേഷണ സ്ഥാപനമാണ് ചാറ്റ് ജിപിടിക്ക് പിന്നില്‍. പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജിപിടി സംവിധാനിച്ചിരിക്കുന്നത്.

കംപ്യൂട്ടര്‍ നല്‍കുന്നപോലെയല്ല, മനുഷ്യന്‍ നല്‍കുന്ന പോലെയുള്ള ഉത്തരമാണ് ചാറ്റ് ജിപിടി നല്‍കുന്നതെന്നതാണ് വലിയ പ്രത്യേകത. അതു തന്നെ ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും. കുട്ടി പറയുന്നപോലെ പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടാല്‍, കുട്ടികളുടെ ഭാഷ ഉപയോഗിക്കാനും ചാറ്റ് ജിപിടിക്ക് മടിയില്ല.

വളരെ പ്രൊഫഷണലായ രീതിയിലും മറുപടി നല്‍കും. എങ്ങനെ ചോദിക്കുന്നു എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ഉത്തരം വരുന്നതും. അതായത് നമ്മളെപ്പോലെ സംസാരിക്കുമ്പോഴാണല്ലോ, സംഭാഷണം അതിന്റെ പൂര്‍ണതയിലെത്തുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം പോര എന്നുണ്ടെങ്കില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജിപിടി അവസരം നല്‍കുന്നു.