image

5 Jun 2023 8:18 AM GMT

Technology

ട്വിറ്റര്‍ സിഇഒ ലിന്‍ഡ യാക്കാരിനോയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

MyFin Desk

linda yacarino takes over as ceo of twitter
X

Summary

  • ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇനി പ്രവര്‍ത്തിക്കും
  • ട്വിറ്റര്‍ ചില സമൂലമായ മാറ്റങ്ങളിലൂടെയാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്
  • എന്‍ബിസി യൂണിവേഴ്‌സലില്‍ നിന്നാണ് ലിന്‍ഡ ട്വിറ്ററിന്റെ തലപ്പത്തേയ്ക്ക് എത്തിയിരിക്കുന്നത്


മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിന്‍ഡ യാക്കാരിനോ ചുമതലയേറ്റു. എന്‍ബിസി യൂണിവേഴ്‌സലില്‍ നിന്നാണ് ലിന്‍ഡ ട്വിറ്ററിന്റെ തലപ്പത്തേയ്ക്ക് എത്തിയിരിക്കുന്നത്.

എന്‍ബിസി യൂണിവേഴ്‌സലിലെ തന്റെ വിശ്വസ്തനായ ഉപദേഷ്ടാവ് ജോ ബെനാരോച്ചിനെയും ലിന്‍ഡ ട്വിറ്ററില്‍ നിയമിച്ചിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇനി പ്രവര്‍ത്തിക്കും.

കഴിഞ്ഞ മാസമായിരുന്നു ലിന്‍ഡയെ ട്വിറ്ററിന്റെ സിഇഒ ആയി തിരഞ്ഞെടുത്ത വിവരം മസ്‌ക് അറിയിച്ചത്.

2022 ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ചില സമൂലമായ മാറ്റങ്ങളിലൂടെയാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാര്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും 80 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു മസ്‌ക്. ഇതിനു പുറമെ ട്വിറ്ററില്‍ ബ്ലൂ ടിക് ഉള്ള വെരിഫിക്കേഷന്‍ ബാഡ്ജ് എടുത്തുമാറ്റി പകരം ട്വിറ്റര്‍ ബ്ലൂ എന്ന പുതിയ സംവിധാനം മസ്‌ക് അവതരിപ്പിച്ചു. പണം കൊടുത്താല്‍ ആര്‍ക്കും ട്വിറ്റര്‍ ബ്ലൂ നേടാന്‍ സാധിക്കും. എന്നാല്‍ വെരിഫിക്കേഷന്‍ ബാഡ്ജ് അങ്ങനെയായിരുന്നില്ല. വളരെ അഭിമാനകരമായിട്ടാണ് വെരിഫിക്കേഷന്‍ ബാഡ്ജിനെ കണക്കാക്കിയിരുന്നത്. ട്വിറ്ററിന്റെ യൂസര്‍ ബേസിലെ വെറും ഒരു ശതമാനമാണ് ട്വിറ്റര്‍ ബ്ലൂ ഉപയോഗിക്കുന്നത്.

മസ്‌കിന്റെ മാനേജ്‌മെന്റ് ശൈലി പലപ്പോഴും ജീവനക്കാരില്‍ നിന്നും ട്വിറ്റര്‍ യൂസര്‍മാരില്‍നിന്നും വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

2022-ന്റെ തുടക്കം മുതല്‍ ദൈനംദിന യൂസര്‍മാരില്‍ നേരിയ മുന്നേറ്റമുണ്ടായെങ്കിലും, പരസ്യത്തിലെ വന്‍ ഇടിവിന്റെ ഫലമായി ട്വിറ്ററിന്റെ വരുമാനം ഒക്ടോബര്‍ മുതല്‍ 50% കുറഞ്ഞു.

ട്വിറ്ററിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതടക്കം നിരവധി വെല്ലുവിളികളാണ് പുതിയ സിഇഒ ആയ 60-കാരി ലിന്‍ഡയെ കാത്തിരിക്കുന്നത്. എന്‍ബിസി യൂണിവേഴ്‌സലില്‍ ഗ്ലോബല്‍ അഡ്വര്‍ടൈസിംഗ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ്‌സ് ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ലിന്‍ഡ മേല്‍നോട്ടം കൊടുത്തിരുന്ന ടീം ബ്രോഡ്കാസ്റ്റ്, കേബിള്‍-ഡിജിറ്റല്‍ പരസ്യ വരുമാനത്തിലൂടെ (ad sales) 100 ബില്യന്‍ ഡോളറിലധികം തുകയാണു സമാഹരിച്ചത്.

മാത്രമല്ല, ആപ്പിള്‍, സ്‌നാപ്ചാറ്റ്, ബസ്ഫീഡ്, ട്വിറ്റര്‍, യുട്യൂബ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളുമായി പാര്‍ട്ണര്‍ഷിപ്പിലേര്‍പ്പെടുകയും ചെയ്തു.