18 Dec 2025 1:29 PM IST
Summary
വൺപ്ലസ് R സീരീസിലെ ഏറ്റവും പുതിയ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോൺ
കാത്തിരുപ്പുകൾക്ക് വിരാമമിട്ട് വൺപ്ലസ് 15R (OnePlus 15R) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് കരുത്താക്കിയാണ് വൺപ്ലസ് R സീരീസിലെ ഏറ്റവും പുതിയ ടോപ്പ്-എൻഡ് സ്മാർട്ട്‌ഫോണായ വൺപ്ലസ് 15R എത്തിയിരിക്കുന്നത്. ഈ ചിപ്സെറ്റുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യ സ്മാർട്ട്ഫോൺ ആണ് ഇത്. 360° ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം ഇതിലുണ്ട്. മികച്ചതും സുഗമവുമായ വൈ-ഫൈ കണക്ഷനുകൾക്കായി ഒരു പ്രത്യേക വൈ-ഫൈ ചിപ്പ്, 7,400 mAh ബാറ്ററി ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ട്.
ചാർക്കോൾ ബ്ലാക്ക്, മിന്റ് ബ്രീസ്, ഇലക്ട്രിക് വയലറ്റ് എന്നീ ഡിസൈനുകളുമായാണ് വൺപ്ലസ് 15R എത്തിയിരിക്കുന്നത്. പ്രീമിയം മോഡലായ വൺപ്ലസ് 15 -ൽ ഉള്ളതുപോലെ മികച്ച ഫോട്ടോഗ്രഫിക്കായി ഒന്നിലധികം സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്ന ഒരു നൂതന സംവിധാനമായ DetailMax എഞ്ചിൻ ഇതിലുണ്ട്. അൾട്രാ-ക്ലിയർ 26MP മോഡ്, ക്ലിയർ ബർസ്റ്റ്, ക്ലിയർ നൈറ്റ് എഞ്ചിൻ എന്നിങ്ങനെ ഫോട്ടോഗ്രഫി മികവ് വർധിപ്പിക്കാൻ വിവിധ ഫീച്ചറുകളുമുണ്ട്.
വിലയും ലഭ്യതയും
വൺപ്ലസ് 15R ന്റെ 12GB + 256GB മോഡലിന് 47,999 രൂപയും, 16GB + 512GB മോഡലിന് 52,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭിക്കുമ്പോൾ അടിസ്ഥാന വേരിയന്റ് 44999 രൂപ വിലയിലും ടോപ് മോഡൽ 47999 രൂപ വിലയിലും വാങ്ങാനാകും.
വൺപ്ലസ് 15R പ്രീ-ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ 2,299 രൂപ വിലയുള്ള വൺപ്ലസ് നോർഡ് ബഡ്‌സ് 3 (ഹാർമോണിക് ഗ്രേ) ലഭിക്കും. വൺപ്ലസ് 15R ന്റെ എല്ലാ ഉപയോക്താക്കൾക്കും 180 ദിവസത്തെ ഫോൺ റീപ്ലേസ്‌മെന്റ് പ്ലാനും ലൈഫ് ടൈം ഡിസ്‌പ്ലേ വാറണ്ടിയും ലഭിക്കും.
വൺപ്ലസ് 15R പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 22 ന് ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോഴ്‌സ്, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നേഴ്സ് എന്നിവ വഴി ഈ ഫോൺ വാങ്ങാൻ സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
