image

28 Jan 2026 3:25 PM IST

Technology

ടിക് ടോക്ക് ഉപയോക്താക്കള്‍ ഒഴിയുന്നു; ആപ്പ് ഡിലീറ്റ് ചെയ്യുന്നതില്‍ 150% വര്‍ധന

MyFin Desk

ടിക് ടോക്ക് ഉപയോക്താക്കള്‍ ഒഴിയുന്നു;  ആപ്പ് ഡിലീറ്റ് ചെയ്യുന്നതില്‍ 150% വര്‍ധന
X

Summary

കൂട്ടത്തോടെ ടിക് ടോക് ആപ്പ് ഡിലീറ്റ് ചെയ്ത് കൂടുതൽ പേർ. അപ്‌ഡേറ്റ് ചെയ്ത സ്വകാര്യതാനയം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ആവശ്യം പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു


യുഎസില്‍ ടിക് ടോക്ക് ഡിലീറ്റ് ചെയ്യുന്ന ഉപഭോക്താക്കളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. ആപ്പിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ചതിനുശേഷമാണ് ഉപഭോക്താക്കൾ ആപ്പ് ഡിലീറ്റ് ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ആപ്പ് ഡിലീറ്റ് ചെയ്യുന്നതില്‍ 150 ശതമാനം വര്‍ധനയാണ് . പുതിയ ആപ് അപ്ഡേറ്റുകൾ സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കും ഉപയോക്തൃ അസ്വസ്ഥതകള്‍ക്കും കാരണമായതാണ് ഇതിന് കാരണം.

അണ്‍ഇന്‍സ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വര്‍ധനവ് ഉണ്ടായിരുന്നിട്ടും, മൊത്തത്തിലുള്ള ഉപയോഗം സ്ഥിരമാണ്. ഉപയോക്താക്കൾക്കിടയിലും സമ്മിശ്ര പ്രതികരണമാണ്.അമേരിക്കന്‍ നിക്ഷേപകരുമായി ചേർന്ന് പുതുതായി രൂപീകരിച്ച സംയുക്ത സംരംഭത്തിന് കീഴിലാണ് തങ്ങളുടെ യുഎസ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നതെന്ന് ടിക്ടോക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എങ്കിലും, പുതിയ അപ്ഡേറ്റുകൾ കണ്ടൻ്റ് ക്രിയേറ്റർമാരെ ഉൾപ്പെടെ അസ്വസ്ഥരാക്കുകയായിരുന്നു.

അവരോട് അപ്ഡേറ്റ് ചെയ്ത സ്വകാര്യതാ നയം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള ആവശ്യം പുതിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തിരിച്ചടിക്ക് കാരണമായി.മുന്‍ മൂന്ന് മാസത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, സംയുക്ത സംരംഭം പ്രഖ്യാപിച്ചതിന് ശേഷമുള്ള അഞ്ച് ദിവസങ്ങളില്‍ യുഎസിലെ ദൈനംദിന ശരാശരി അണ്‍ഇന്‍സ്റ്റാളുകള്‍ ഏകദേശം 150% വര്‍ദ്ധിച്ചതായി മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനങ്ങളില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ടിക്ടോക്കും അതിന്റെ ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയും തമ്മിലുള്ള ആശയവിനിമയത്തിൽ വന്നിട്ടുള്ള തടസത്തിൽ ഉപയോക്താക്കളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കുക, സ്വകാര്യതാ നിലപാട് വ്യക്തമാക്കുക, സംയുക്ത സംരംഭം ആപ്പുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തുകയല്ല, ശക്തിപ്പെടുത്തുമെന്ന് കണ്ടൻ്റ് ക്രിയേറ്റർമാർക്ക് ഉറപ്പുനല്‍കുക എന്നിവയാണ് ഇപ്പോള്‍ കമ്പനിയുടെ മുന്നിലുള്ള വെല്ലുവിളി.