image

21 Nov 2026 8:36 AM IST

Technology

ട്രംപിന്റെ ആവശ്യം; ജെന്‍സണ്‍ ഹുവാങ് എന്‍വിഡിയയില്‍ തിരിച്ചെത്തുമോ?

MyFin Desk

ട്രംപിന്റെ ആവശ്യം; ജെന്‍സണ്‍ ഹുവാങ്  എന്‍വിഡിയയില്‍ തിരിച്ചെത്തുമോ?
X

Summary

ലോകത്തിലെ ഏറ്റവും മികച്ച മേധാവികളില്‍ ഒരാളാണ് ഹുവാങ്ങെന്നും അമേരിക്കയെ മറ്റ് രാജ്യങ്ങളേക്കാള്‍ പത്ത് വര്‍ഷം മുന്നിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും ട്രംപ്


ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് കമ്പനികളിലൊന്നായ എന്‍വിഡിയ സമ്മര്‍ദ്ദത്തിലേക്ക്. മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങ്ങിനെ വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിശക്തികളിലൊരാളാണ് ഹുവാങ്ങെന്നും അമേരിക്കയെ മറ്റ് രാജ്യങ്ങളേക്കാള്‍ പത്ത് വര്‍ഷം മുന്നിലെത്തിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. ഒരു വലിയ ക്ഷമാപണം നടത്തി ഹുവാങ് തിരിച്ചെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകരക്കാരനായി ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ പേര് നേരത്തെ താന്‍ മുന്നോട്ടുവെച്ചതായും ട്രംപ് പറഞ്ഞു.

എന്‍വിഡിയ ഇനി എന്തു നിലപാട് സ്വീകരിക്കും?

എന്നാല്‍ ട്രംപിന്റെ ആഗ്രഹത്തിന് എന്‍വിഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് വഴങ്ങുമെന്ന സൂചനയില്ല. നവംബര്‍ 12-ന് ഹുവാങ് രാജിവെച്ചപ്പോള്‍ ബോര്‍ഡ് ഏകകണ്ഠമായി രാജി അംഗീകരിച്ചിരുന്നു. അദ്ദേഹത്തെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെയര്‍മാന്‍ ഹാര്‍വി സി. ജോണ്‍സ് വ്യക്തമാക്കുകയും ചെയ്തു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ കോളെറ്റ് ക്രെസാണ് ഇടക്കാല സിഇഒയുടെ ചുമതല വഹിക്കുന്നത്. അതേസമയം, ബോര്‍ഡ് തിരിച്ചുവരാന്‍ തീരുമാനിച്ചാല്‍ ചുമതലയേല്‍ക്കാന്‍ തയ്യാറാണെന്ന് ഹുവാങ് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പെറ്റീഷനും വലിയ പിന്തുണ നേടുകയാണ്.

എന്താണ് ഹുവാങ്ങിന്റെ രാജിയിലേക്ക് നയിച്ചത്?

സിംഗപ്പൂര്‍ ആസ്ഥാനമായ മെഗാസ്പീഡ് ഇന്റര്‍നാഷണലിലെ മുന്‍ എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലീസ് ഹുവാങ്ങിന് ചൈനീസ് ചാരബന്ധമുണ്ടെന്ന സംശയം യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെഗാസ്പീഡ് വഴി നിയന്ത്രിത എന്‍വിഡിയ ചിപ്പുകള്‍ ചൈനയിലേക്ക് കടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ഇനി യുഎസ്-ചൈന സാങ്കേതികവിദ്യാ പോരാട്ടം

ഇതോടെ എന്‍വിഡിയയിലെ വിവാദം യുഎസ്-ചൈന സാങ്കേതികവിദ്യാ പോരാട്ടത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്. മെഗാസ്പീഡിനെ എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിനെ വിമര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലുട്‌നിക്കിന് പിന്തുണയുമായി ട്രംപ് രംഗത്തെത്തി. അതേസമയം, ചൈനീസ് കമ്പനികള്‍ക്ക് നൂതന എഐ ചിപ്പുകളും സെര്‍വറുകളും റിമോട്ട് ആക്‌സസ് വഴി ലഭിക്കുന്നത് നിയന്ത്രിക്കാനുള്ള നീക്കങ്ങളും അമേരിക്ക ശക്തമാക്കുകയാണ്. ദേശീയ സുരക്ഷ, ചിപ്പ് കയറ്റുമതി നിയന്ത്രണം, എന്‍വിഡിയയുടെ ഭാവി നേതൃത്വം എന്നിവയെല്ലാം ഒരുമിച്ച് ചര്‍ച്ചയാകുമ്പോള്‍ ജെന്‍സന്‍ ഹുവാങ്ങിന്റെ തിരിച്ചുവരവ് ടെക് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചോദ്യങ്ങളിലൊന്നായി മാറുകയാണ്. അതോടൊപ്പം ഹുവാങ് വിഷയം അമേരിക്കയുടെ സുരക്ഷാ വിഷയവുമായി മാറുകയാണ്.