image

22 April 2025 9:46 AM IST

Technology

യുഎസ് താരിഫ്; പിക്‌സല്‍ ഉല്‍പ്പാദനം വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേക്ക്

MyFin Desk

യുഎസ് താരിഫ്; പിക്‌സല്‍ ഉല്‍പ്പാദനം  വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേക്ക്
X

Summary

  • ഇതിനായി കമ്പനികളുമായി ആല്‍ഫബെറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചു
  • വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാനും ആല്‍ഫബെറ്റ് പദ്ധതിയിടുന്നു


പിക്‌സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനത്തിന്റെ ഭൂരിഭാഗവും വിയറ്റ്‌നാമില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് പദ്ധതിയിടുന്നു. യുഎസ് താരിഫ് കാരണമാണ് കമ്പനിയുടെ നീക്കം. ഇതിനായി കരാര്‍ നിര്‍മ്മാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസ്, ഫോക്സ്‌കോണ്‍ എന്നിവരുമായി ആല്‍ഫബെറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കാനും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കാനുമുള്ള ആല്‍ഫബെറ്റിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ഇന്ത്യക്കെതിരായി യുഎസ് യുമത്തിയ 26 ശതമാനം നികുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിയറ്റ്‌നാമിന് ഉയര്‍ന്ന തീരുവയാണ് ചുമത്തിയിട്ടുള്ളത്. 46 ശതമാനമാണ് പരസ്പര തീരുവയായി ട്രംപ് നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പിക്‌സല്‍ കയറ്റുമതി കമ്പനിക്ക് കനത്ത നഷ്ടമാകും വരുത്തിവെക്കുക.

പുതിയ താരിഫുകള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും, അടിസ്ഥാന 10% തീരുവ ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നു.

നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പിക്‌സല്‍ സ്മാര്‍ട്ട്ഫോണുകള്‍ പ്രധാനമായും ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ചുള്ളതാണ്. ഇവിടെ ഇറക്കുമതി തീരുവ 16.5% ആണ്. നോയിഡയിലെ ഡിക്സണും തമിഴ്നാട്ടിലെ ഫോക്സ്‌കോണും ചേര്‍ന്നാണ് ഉപകരണങ്ങള്‍ അസംബിള്‍ ചെയ്യുന്നത്. ആദ്യത്തേത് പുതിയ മോഡലുകള്‍ നിര്‍മ്മിക്കുമ്പോള്‍ രണ്ടാമത്തേത് പഴയ മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പിക്‌സലുകളുടെ ഏകദേശം 70% ഡിക്‌സണിലാണ് നിര്‍മ്മിക്കുന്നത്. അതേസമയം 2023 ഓഗസ്റ്റില്‍ ഇവിടെ ആദ്യമായി ഉല്‍പ്പാദനം ആരംഭിച്ചത് ഫോക്‌സ്‌കോണ്‍ ആയിരുന്നു. തായ്വാനിലെ കോമ്പല്‍ ഇലക്ട്രോണിക്‌സുമായുള്ള പങ്കാളിത്തത്തിലൂടെ ഡിക്‌സണ്‍ ഡിസംബറില്‍ ഈ ശ്രമത്തില്‍ പങ്കുചേര്‍ന്നു.

രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ആഗോള പിക്‌സല്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് ക്രമേണ മാറ്റാന്‍ ആല്‍ഫബെറ്റ് ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ യുഎസ്-വിയറ്റ്‌നാം താരിഫ് വ്യവസ്ഥയുടെ സാധ്യത കമ്പനിയെ അതിന്റെ തന്ത്രം വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്ത്യയില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാമെന്ന് കമ്പനി ഇപ്പോള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള സാധ്യതയുള്ള കയറ്റുമതികളും പര്യവേക്ഷണം ചെയ്യുന്നു.

ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രമായി മാറാനുള്ള ന്യൂഡല്‍ഹിയുടെ അഭിലാഷവുമായി ഈ വികസനം യോജിക്കുന്നു. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 190 ബില്യണ്‍ ഡോളറില്‍ നിന്ന് 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്ന ഒരു വ്യാപാര കരാറിലും ഇന്ത്യയും യുഎസും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്.