image

27 April 2023 9:37 AM GMT

Technology

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കു പിന്നിലെന്ത്? എന്തൊക്കെ ശ്രദ്ധിക്കണം

MyFin Desk

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കു പിന്നിലെന്ത്? എന്തൊക്കെ ശ്രദ്ധിക്കണം
X

Summary

  • ലിഥിയം-ഇയോണ്‍ ബാറ്ററികളാണ് സാധാരണ ഉപയോഗിക്കുന്നത്.
  • ഫോണ്‍ അധികസമയം ചാര്‍ജിലിടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
  • തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാതിരിക്കുക.


മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ടു വയസുകാരി മരണപ്പെട്ടതോടെ മൊബൈല്‍ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം അപകടങ്ങള്‍ കുട്ടികളെ മാത്രമല്ല ബാധിക്കുക.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഉജ്ജയിനില്‍ മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ് 68കാരന്‍ മരിച്ചതിനു പിന്നിലും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറി ആയിരുന്നു. ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു അപകട കാരണമെന്ന് പൊലിസ് വെളിപ്പെടുത്തിയിരുന്നു. 2021ല്‍ ഗുജറാത്തില്‍ ഒരു 17കാരി മരിച്ചതും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു.

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉപയോഗിക്കുന്ന ശീലം കുട്ടികളില്‍ വ്യാപകമാണ്. ഇതിലെ അപകടം അവര്‍ മനസ്സിലാക്കുന്നില്ല. ചാര്‍ജിങ്ങിനിടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് ചൂട് കൂടാനിടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ചാര്‍ജ് ചെയ്യുന്ന ഫോണ്‍ ഉപയോഗിച്ച് കോള്‍ ചെയ്യരുതെന്നും അവര്‍ പറയുന്നു. ഇതാണ് ഉജ്ജയിനില്‍ വയോധികന്‍ മരിക്കാനിടയാക്കിയത്. ഫോണിലെ ബാറ്ററി അമിതമായി ചൂടാകുന്നത് അത് കേടുവരാനും പൊട്ടിത്തെറിക്കാനും തീപിടിക്കാനും വരെ കാരണമാകും.

ബാറ്ററി ചൂടാകാന്‍ കാരണം?

ലിഥിയം-ഇയോണ്‍ ബാറ്ററികളാണ് സാധാരണയായി മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഒരു നെഗറ്റീവ് ടെര്‍മിനലും പോസിറ്റീവ് ടെര്‍മിനലും (ആനോഡും കാഥോഡും) ഉണ്ടായിരിക്കും. ഈ രണ്ട് ഇലക്ടറോഡുകള്‍ക്കുമിടയില്‍ വൈദ്യുതി സഞ്ചരിക്കുന്ന ഒരു ഇലക്ടറോലൈറ്റും ഇതിനുണ്ടാകും.

ബാറ്ററി തകരുകയോ കേടാവുകയോ ചെയ്താല്‍ സംഭവിക്കാവുന്ന ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇലക്ട്രോലൈറ്റിനെ മറികടന്ന് കാഥോഡിനും ആനോഡിനും ഇടയില്‍ അയോണുകളെ നേരിട്ട് നീങ്ങാന്‍ അനുവദിക്കുന്നു. തദ്‍ഫലമായി ബാറ്ററിക്കുള്ളിലെ താപനിലയും മര്‍ദ്ദവും ഉയരുന്നു.

ഇത് ഇലക്ട്രോലൈറ്റില്‍ ഒരു രാസപ്രവര്‍ത്തനത്തിന് കാരണമാവുകയും വാതകങ്ങള്‍ പുറത്തുവിടുകയും ബാറ്ററിക്കുള്ളിലെ താപനിലയും മര്‍ദവും വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് ഒരു സ്‌ഫോടനത്തിലേക്ക് നയിക്കുന്നു.

83% കുട്ടികളും ഫോണില്‍

പത്ത് മുതല്‍ പതിനാല് വയസ് വരെയുള്ള കുട്ടികളില്‍ 83 ശതമാനം പേരും സ്മാര്‍ട്ട് ഫോണുകള്‍ നിരന്തരമായി ഉപയോഗിക്കുന്നവരാണ്.

ഡിജിറ്റല്‍ അടിമകളായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ ലഹരി വിമോചന കേന്ദ്രങ്ങളും വിഭാവനം ചെയ്തിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിനും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ അവബോധം സൃഷ്ടിക്കുന്നതിനുമാണിത്.

അപകടം ഒഴിവാക്കാന്‍

അപകടസാധ്യത ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ:

1. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക.

2. ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്‌കണക്ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ഫോണ്‍ അധികസമയത്തേക്ക് ചാര്‍ജിലിടുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.

3. മൊബൈല്‍ ഫോണ്‍ അസാധാരണമായ രീതിയില്‍ ചൂടാകുന്നത് ബാറ്ററിയുടെ പ്രശ്‌നമാണ് കാണിക്കുന്നത്. അല്ലെങ്കില്‍ ഫോണിന് മറ്റെന്തെങ്കിലും പ്രശ്‌നം സംഭവിച്ചിരിക്കും. ഇങ്ങനെ ഫോണ്‍ ചൂടാകുന്നുവെങ്കില്‍ വിദഗ്ധനെ കാണിച്ച് പ്രശ്‌നം പരിഹരിക്കുകയോ ഫോണ്‍ മാറ്റുകയോ ചെയ്യുക.

4. ഫോണ്‍ ചാര്‍ജിലിടുന്നത് നിങ്ങള്‍ കിടക്കുന്നതിന്‍റെ തൊട്ടടുത്താകരുത്. നിങ്ങള്‍ കിടക്കുന്നതിന് അകലെയായിട്ട് വേണം ഫോണ്‍ സൂക്ഷിക്കാന്‍.

5. ചെറിയ കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുത്ത് ദീര്‍ഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. ഫോണ്‍ ചൂടാകുന്നുണ്ടോ ചാര്‍ജിലാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇടയ്ക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

6. ദീര്‍ഘസമയം ഫോണ്‍ ഉപയോഗിക്കുന്നതും അപകടസാധ്യത കൂട്ടാം. അതിനാല്‍ തുടര്‍ച്ചയായി മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കാതിരിക്കുക.