6 Nov 2026 2:00 PM IST
ദീപാവലിക്ക് ശേഷം യുപിഐക്ക് ഫീസ് വരുമോ? സൗണ്ട്ബോക്സ് വാടക എന്താകും? ആശങ്ക ഉയരുന്നു
MyFin Desk
Summary
ഒക്ടോബര്‍ 15-ന് നടപ്പാക്കാനിരുന്ന എംഡിആര്‍ ദീപാവലിക്ക് ശേഷമാക്കി മാറ്റി. പുതിയ തീയതി ഇതുവരെ അറിയിച്ചിട്ടില്ല. ജനുവരി ഒന്നിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
ദീപാവലിക്ക് ശേഷം യുപിഐ വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് വരുമോ എന്നതാണ് ഇപ്പോള്‍ വ്യാപാര മേഖലയിലെ ഏറ്റവും വലിയ ചോദ്യം. 2,000രൂപയ്ക്ക് മുകളിലുള്ള Person-to-Merchant യുപിഐ ഇടപാടുകള്‍ക്ക് 0.4% Merchant Discount Rate (MDR) ഏര്‍പ്പെടുത്താനായിരുന്നു എന്‍പിസിഐയുടെ ആദ്യ തീരുമാനം. ഒക്ടോബര്‍ 15-ന് നടപ്പാക്കാനിരുന്ന ഈ നീക്കം പിന്നീട് ദീപാവലിക്ക് ശേഷമാക്കി മാറ്റി. പുതിയ തീയതി ഇതുവരെ അറിയിച്ചിട്ടില്ല. ജനുവരി 1, 2027-ലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി തുടരും. ഫീസ് നല്‍കേണ്ടത് വ്യാപാരിയാണ്, ഉപഭോക്താവില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് നവംബര്‍ 3-ന് എന്‍പിസിഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ഈ ഫീസ് എല്ലാവരെയും ബാധിക്കില്ല. 2,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഇല്ല. മാസം 1 ലക്ഷം വരെ യുപിഐ വഴി സ്വീകരിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും പൂര്‍ണ്ണ ഇളവുണ്ട്. എന്‍പിസിഐ പറയുന്നത് 96% വ്യാപാര ഇടപാടുകളും ഫീസിന് പുറത്തായിരിക്കുമെന്നാണ്. 5,000രൂപയുടെ ഇടപാടിന് വ്യാപാരി 20രൂപയാണ് നല്‍കേണ്ടത് 75,000രൂപയ്ക്ക് മുകളില്‍ പരമാവധി 300 രൂപയാണ് പരിധി. റെയില്‍വേ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം തുടങ്ങിയ മേഖലകളില്‍ 5രൂപ ഫ്‌ലാറ്റ് ഫീസാണ്. മൂലധന വിപണി ഇടപാടുകള്‍ക്ക് 0.02% മാത്രം. എംഡിആറിന് 18% ജിഎസ്ടിയും ബാധകമാണ്. ടയര്‍-1 നഗരങ്ങളിലെ 53% പേരും ടയര്‍-2-ലെ 45% പേരും യുപിഐ വഴിപണം സ്വീകരിക്കുന്നത് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
എംഡിആര്‍ വരുന്നതോടെ സൗണ്ട്ബോക്സ് ബിസിനസും മാറും. ഇപ്പോള്‍ വ്യാപാരികള്‍ സൗണ്ട്ബോക്സിന് മാസം 125-130 രൂപവരെ വാടക നല്‍കുന്നുണ്ട്. 2020 മുതല്‍ യുപിഐ സൗജന്യമായിരുന്നതിനാല്‍ ഇതായിരുന്നു കമ്പനികളുടെ പ്രധാന വരുമാനം. എന്നാല്‍ എംഡിആറും വാടകയും ഒരുമിച്ച് നല്‍കാന്‍ വ്യാപാരികള്‍ തയ്യാറാകില്ലെന്ന് പേയ്മെന്റ് കമ്പനികള്‍ തന്നെ പറയുന്നു. പൈന്‍ ലാബ്സ് സിഇഒ അമ്രീഷ് റാവു പറഞ്ഞത് - 'രണ്ടും ഒരുമിച്ച് നടക്കില്ല, ഒന്നേ നിലനില്‍ക്കൂ, ഞങ്ങള്‍ ഇടപാട് ഫീസിനെയാണ് തിരഞ്ഞെടുക്കുക' എന്നാണ്. വലിയ വ്യാപാരികള്‍ക്ക് ഇപ്പോള്‍ തന്നെ വാടക ഒഴിവാക്കി നല്‍കുന്നുണ്ട്. ഏറ്റവും ചെറിയ വ്യാപാരികളില്‍ മാത്രമേ വാടക നിലനില്‍ക്കൂ എന്നാണ് വിലയിരുത്തല്‍. ഫോണ്‍പേ 50 ലക്ഷം ഡിവൈസുകളും പൈന്‍ ലാബ്സ് 10 ലക്ഷം സൗണ്ട്ബോക്സുകളും പുതിയതായി എത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
അതുകൊണ്ട് ദീപാവലിക്ക് ശേഷം യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരി ചെറിയ ഫീസ് നല്‍കേണ്ടി വരും. രണ്ട്, സൗണ്ട്ബോക്സ് വാടകയ്ക്ക് പകരം ഇടപാട് ഫീസ് വരും. ചെറുകിട കച്ചവടക്കാര്‍ക്ക് നേരിട്ട് ബാധിക്കില്ലെങ്കിലും, വിതരണക്കാര്‍ ഫീസ് കൂട്ടി വിലയില്‍ ചേര്‍ത്താല്‍ ചെലവ് കൂടിയേക്കും. വ്യാപാരികള്‍ക്ക് യുപിഐ നിര്‍ത്താന്‍ കഴിയില്ല, കാരണം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ പേയ്മെന്റ് ആഗ്രഹിക്കുന്നു. എന്‍പിസിഐ-യുടെ പുതിയ തീയതി അറിയിപ്പിനായി കാത്തിരിക്കുകയാണ് വ്യാപാര ലോകം.
പഠിക്കാം & സമ്പാദിക്കാം
Home
