image

24 Nov 2022 12:10 PM GMT

Technology

കമ്പനികള്‍ക്ക് സ്വന്തം നെറ്റ് വര്‍ക്ക്: സര്‍ക്കാരിന് അടയ്‌ക്കേണ്ടത് 1,500 കോടി രൂപ

MyFin Desk

കമ്പനികള്‍ക്ക് സ്വന്തം നെറ്റ് വര്‍ക്ക്: സര്‍ക്കാരിന് അടയ്‌ക്കേണ്ടത് 1,500 കോടി രൂപ
X

Summary

എന്നാല്‍ സ്പെക്ട്രം അനുവദിക്കുന്നത് ലേലത്തില്‍ നിശ്ചയിച്ച തുകയ്ക്കായിരിക്കുമെന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ഡെല്‍ഹി: സ്വകാര്യ നെറ്റ് വര്‍ക്ക് സജ്ജീകരിക്കുന്നതിനായി സ്‌പെക്ട്രം വാങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ഏകദേശം 1,500 കോടി രൂപ സര്‍ക്കാരിന് നല്‍കേണ്ടി വരുമെന്ന് സൂചന. സ്പെക്ട്രം അനുവദിക്കുന്നത് ലേലത്തില്‍ നിശ്ചയിക്കുന്ന തുകയ്ക്കായിരിക്കുമെന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫോസിസ്, തേജസ് നെറ്റ് വര്‍ക്ക്സ്, കേപ്ജെമിനി, ലാര്‍സന്‍ ആന്‍ഡ് ടുര്‍ബോ എന്നിവയാണ് സ്വകാര്യ നെറ്റ് വര്‍ക്ക് സ്ഥാപിക്കാനൊരുങ്ങുന്ന കമ്പനികള്‍.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി (ട്രായ്) കൂടിയാലോചിച്ച ശേഷമേ തുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകു. സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് 24.25-28.5 ജിഗാഹെര്‍ട്സിന്റെ സ്പെക്ട്രം ബാന്‍ഡ് ആവശ്യമാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ ഒരു മെഗാഹെര്‍ട്സിന് 6.99 കോടി രൂപയായിരുന്നു വില. ലൊക്കേഷനുകളുടെ എണ്ണത്തിനനുസരിച്ച് സ്പെക്ട്രത്തിന്റെ എണ്ണത്തിലും വ്യത്യാസം വരും. കുറഞ്ഞത് 100-400 മെഗാഹര്‍ട്സ് എങ്കിലും ആവശ്യമാണ്.

സ്വകാര്യ ശൃംഖലകള്‍ക്ക് കീഴില്‍, കമ്പനികള്‍ക്ക് സ്വന്തമായി വൈ-ഫൈ ഡാറ്റ നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ കഴിയും. അതിനായി അവര്‍ക്ക് മറ്റൊരു സേവന ദാതാവിനെ ആശ്രയിക്കേണ്ടി വരില്ല. ആരോഗ്യപരിപാലനം, ഓട്ടോമൊബൈല്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഇവ വളരെ പ്രയോജനകരമായേക്കാം. സ്വകാര്യ കമ്പനികള്‍ ഒന്നുകില്‍ ഇപ്പോള്‍ ലേലം നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക് സ്പെക്ട്രം എടുത്ത് അവരുടേതായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ലേലത്തില്‍ പങ്കെടുക്കുകയും വാങ്ങുകയും ചെയ്യാം. ഇങ്ങനെയാണെങ്കില്‍ ഇത്തരം നിയന്ത്രണങ്ങളില്‍ നിന്ന് സ്വകാര്യ കമ്പനികള്‍ക്ക് ഒഴിവാകാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ നെറ്റ് വര്‍ക്കുകള്‍ക്കായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോ നേരിട്ട് എയര്‍വേവ് അനുവദിക്കുക എന്നതായിരുന്നു ജൂണില്‍ പ്രഖ്യാപിച്ച സ്പെക്ട്രം അലോട്ട്‌മെന്റ് നയത്തിന് കീഴിലുള്ള ഓപ്ഷനുകളില്‍ ഒന്ന്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയതിന് ശേഷം മാത്രം സ്പെക്ട്രം അനുവദിക്കൂ എന്നും വ്യക്തമാക്കിയിരുന്നു.