image

27 Aug 2022 2:17 AM GMT

ആശങ്കയുടെ കാര്‍മേഘം പടരുന്ന ടൂറിസം മേഖല, ബഫർസോണിലാകുമോ വരുമാനം?

Swarnima Cherth Mangatt

ആശങ്കയുടെ കാര്‍മേഘം പടരുന്ന ടൂറിസം മേഖല, ബഫർസോണിലാകുമോ വരുമാനം?
X

Summary

മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംരക്ഷണവും ഇതേ തുടര്‍ന്നുള്ള സുപ്രീംകോടതി ഉത്തരവും മലയോര നിവാസികളെ കുടിയിറക്കുമോ എന്ന ആശങ്കയിലാണ്. ഓരോ മഴക്കാലവും കേരളം ചര്‍ച്ച ചെയ്യുന്നത് പശ്ചിമഘട്ടവും പരിസ്ഥിതി ലോല നിയമങ്ങളുമാണ്. വന്യ ജീവി സങ്കേതങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് കാലാവസ്ഥാ ദുരിതത്തിനൊപ്പം ജീവിതം മുന്നോട്ട് വയ്ക്കുന്ന അനിശ്ചിതത്വവും ഏറെയാണ്.   പരിസ്ഥിതി ലോലം   കേരളത്തില്‍ 24 സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 21 ഓളം ഇടങ്ങളില്‍ കരട് വിജ്ഞാപനം വന്നു കഴിഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്ക് അകത്തെ വനങ്ങള്‍, കൃഷി […]


മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട സംരക്ഷണവും ഇതേ തുടര്‍ന്നുള്ള സുപ്രീംകോടതി ഉത്തരവും മലയോര നിവാസികളെ കുടിയിറക്കുമോ എന്ന ആശങ്കയിലാണ്. ഓരോ മഴക്കാലവും കേരളം ചര്‍ച്ച ചെയ്യുന്നത് പശ്ചിമഘട്ടവും പരിസ്ഥിതി ലോല നിയമങ്ങളുമാണ്. വന്യ ജീവി സങ്കേതങ്ങള്‍ക്കടുത്ത് താമസിക്കുന്നവര്‍ക്ക് കാലാവസ്ഥാ ദുരിതത്തിനൊപ്പം ജീവിതം മുന്നോട്ട് വയ്ക്കുന്ന അനിശ്ചിതത്വവും ഏറെയാണ്.

പരിസ്ഥിതി ലോലം

കേരളത്തില്‍ 24 സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 21 ഓളം ഇടങ്ങളില്‍ കരട് വിജ്ഞാപനം വന്നു കഴിഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്ക് അകത്തെ വനങ്ങള്‍, കൃഷി ഭൂമികള്‍, വിനോദ പാര്‍ക്കുകള്‍ തുറസ്സായ സ്ഥലങ്ങള്‍ എന്നിവ വാണിജ്യ ആവശ്യത്തിനോ, പാര്‍പ്പിട സമുച്ചയ ആവശ്യത്തിനോ, വ്യവസായ ആവശ്യത്തിനോ, ഉപയോഗിക്കാനോ തരം മാറ്റാനോ പാടില്ലെന്നാണ് വിജ്ഞാപനം.

സുപ്രീം കോടതി പരിസ്ഥിതി ഉത്തരവ് നടപ്പായാല്‍ ഏറെ ബാധിക്കുക വയനാട്, ഇടുക്കി ജില്ലകളെയാണ്. സാധാരണക്കാരന്റെ നിലനില്‍പ്പ് അവതാളത്തിലാകുമെന്ന ആശങ്കയാണ് ഇവിടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്. പരിസ്ഥിതി ലോല മേഖലയ്ക്ക് ചുറ്റമുള്ള ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി മാറുന്നത് ഏറെ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്.

കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന മലനാട് ഇതോടെ അവതാളത്തിലാകും. ടൂറിസത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്നവര്‍ പട്ടിണിയിലാകും. പുനരധിവാസങ്ങള്‍ എത്രകണ്ട് ഫലപ്രദമാകുമെന്നത് ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. ഇടുക്കി ജില്ലയിലെ കുമളിയില്‍ ജീപ്പ് സഫാരി ഉപജീവനമാക്കി ജീവിക്കുന്ന ഷാജഹാന്‍ പി എന്ന ഷാജു പങ്കുവയ്ക്കുന്നതും ഇതേ ആശങ്കയാണ്.

കൊട്ടിയടയ്ക്കപ്പെട്ടേക്കാവുന്ന ഹരിതാഭ

340 ഓളം ജീപ്പ് ഡ്രൈവര്‍മാരാണ് കുമിളിയില്‍ മാത്രമുള്ളത്. ഓഫ് റോഡ് സഫാരികള്‍ക്കാണ് സഞ്ചാരികള്‍ ഇവരെ ആശ്രയിക്കുന്നത്. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന് ചുറ്റുമുള്ള മനോഹരമായ വനഭൂമികള്‍ക്കിടയിലൂടെയുള്ള ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. മഴക്കാലമാണ് പ്രധാന സീസണ്‍. കൊവിഡ് രണ്ട് കൊല്ലമാണ് ഇവരെ വീട്ടിലിരുത്തിയത്. സഞ്ചാരികള്‍ ഇടുക്കിയെ തേടിയെത്താന്‍ തുടങ്ങിയിട്ടും കാര്യമായ വരുമാനം ഇവര്‍ക്ക് ലഭിക്കുന്നില്ലായിരുന്നു.

' പെരിയാര്‍ വന്യജീവി സങ്കേതം, കടുവാ സംരക്ഷിത മേഖല കൂടി ആയതോടെ ഞങ്ങള്‍ സമീപ വാസികള്‍ക്ക് നിയന്ത്രണങ്ങള്‍ കൂടുതലായി. വലിയ തോതിലുള്ള ഫണ്ട് വന്യജീവികളുടെ സംരക്ഷണത്തിനായി വരുന്നുണ്ട്. പക്ഷെ വനമേഖലയ്ക്ക് ചുറ്റും താമസിക്കുന്നവരുടെ ജീവിതങ്ങള്‍ ഇത്ര ഹരിതാഭ നിറഞ്ഞതല്ല. കൊവിഡ് നല്‍കിയ സാമ്പത്തിക ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. ഏതാണ്ട് രണ്ട് കൊല്ലം കാര്യമായ പണിയില്ലാതെ ഇരുന്നു. കിട്ടുന്ന ജോലിയ്ക്ക് പോയാണ് കുടുംബം പോറ്റിയത്. ഇപ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വീണ്ടും തല പൊക്കുമ്പോള്‍ കിടപ്പാടം വരെ പോകുമോയെന്ന ആശങ്ക ഞങ്ങള്‍ക്കുണ്ട്.' ഷാജഹാന്‍ പി പറയുന്നു.

സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. 7000 രൂപയ്ക്ക് നാല് പേര്‍ക്ക് ഭക്ഷണവും, ടെന്റിലെ താമസവും, ജംഗിള്‍ സഫാരിയുമടങ്ങുന്ന ഒരു ദിവസത്തെ പാക്കേജുണ്ട്. കൂടാതെ 3000 രൂപയ്ക്ക് വനാത്ഥിര്‍ത്തികളിലെ സൈറ്റ് സീയിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. അഞ്ച് കൊല്ലം കൊണ്ട് നിരവധി സഞ്ചാരികളെ ഇവിടെയെത്തിക്കാനം ഈ പ്രകൃതി കാണിക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പാസുകളും എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ സജ്ജീകരിച്ച് നല്‍കാറുണ്ട്. ഈ കാടും ഇവിടത്തെ കാഴ്ച്ചകളുമാണ് ഞങ്ങളുടെ വരുമാനം. ഈ സീസണ്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളെ തേടിയെത്തുന്നത് ഇലക്ഷന്‍ പ്രചരണത്തിനായുള്ള ജീപ്പ് ബുക്കിംഗുകളാണ്. അഞ്ച് കൊല്ലത്തിലൊരിക്കല്‍ മാത്രമുള്ള വരുമാനം പോരല്ലോ ജീവിക്കാന്‍. നിയന്ത്രണങ്ങളും, നൂലാമാലകളും ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ മാത്രമേ ബാധിക്കുന്നുള്ളു.' അസ്വസ്തത നിറഞ്ഞ വാക്കുകളില്‍ ഷാജഹാന്‍ പറയുന്നു.

'ദിവസേന രണ്ട് ട്രിപ്പാണ് ഒരു ഡ്രൈവര്‍ക്ക് എടുക്കാനാവുകയുള്ളു. അഞ്ച് വര്‍ഷമേ ആയിട്ടുള്ളു ഓഫ് റോഡ് സഫാരികള്‍ക്ക് തുടക്കം കുറിച്ചിട്ട്. മുന്‍പ് ഗവിയിലേയ്‌ക്കോ, ചുറ്റുമുള്ള എതെങ്കിലും പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ കാടിനും വന്യജീവികളുടെ സ്വര്യവിഹാരത്തിനും കോട്ടം തട്ടാതെ പ്രകൃതി സുന്ദരമായ കാഴ്ച്ചകള്‍ ആസ്വദിക്കാനുള്ള സാഹചര്യമാണ് ഞങ്ങള്‍ നല്‍കുന്നത്. വിനോദ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ പുലരുന്നത് ഇത്തരം മേഖലകളിലേയ്ക്ക് എത്തുന്ന സഞ്ചാരികളിലൂടെയാണ്. പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാകുമ്പോള്‍ ഈ സ്ഥാലങ്ങളിലേയ്ക്കുള്ള യാത്രകള്‍ നിരോധിക്കും. ഞങ്ങള്‍ക്ക് വീണ്ടും പണിയില്ലാതാകും. ജോലി മാത്രമല്ല എന്റെ വീടിന് പുറകില്‍ കാടാണ്. പരിസ്ഥിതി നിയന്ത്രണങ്ങള്‍ വന്നാല്‍ കിടപ്പാടം പോകും.' ഷാജഹാന്റെ വാക്കുകളില്‍ ആശങ്ക. പെരിയാര്‍ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീര്‍ണ്ണം 925 ചതുരശ്ര കിലോമീറ്റരറാണ്. ഇതില്‍ 360 ചതുരശ്ര കിലോമീറ്റര്‍ നിത്യ ഹരിത വനമേഖലയാണ്.