വീണ്ടും നിപ മരണം; പനി ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

Update: 2025-07-13 06:58 GMT

സംസ്ഥാനത്ത് വീണ്ടും നിപ മരണം. ശനിയാഴ്ച വൈകീട്ടോടെ മരിച്ച പാലക്കാട് സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന പ്രഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം സാമ്പിൾ വിശദ പരിശോധനയ്ക്ക് പുനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശ്വാസതടസ്സത്തെ തുടർന്നാണ് രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. കുമരംപുത്തൂർ സ്വദേശിയാണ്. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക. മരണപ്പെട്ടയാളുടെ വീടിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടൈയ്ൻമെൻ്റ് സോണുകൾ ഉടൻ പ്രഖ്യാപിക്കും. എന്നാല്‍ നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപ സാഹചര്യം വിലയിരുത്താൻ, മന്ത്രി വീണാ ജോര്‍ജിൻ്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

Tags:    

Similar News