കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്ക് പറക്കാം; പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സിയാല്‍
- അലയന്‍സ് എയറാണ് ജനുവരി അവസാനത്തോടെ സര്‍വീസ് ആരംഭിക്കുക
- കണ്ണൂര്‍, മൈസൂരു, തിരുച്ചി,മൈസൂര്‍ വഴി തിരുപ്പതിയിലേക്കുമാണ് പുതിയ സര്‍വീസുകള്‍
- ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേക്കും പുതിയ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
കേരളത്തിനകത്തും അയല്‍സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കാന്‍ സിയാല്‍ പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കണ്ണൂര്‍, മൈസൂരു, തിരുച്ചി എന്നിവിടങ്ങളിലേക്ക്അലയന്‍സ് എയറാണ് ജനുവരി അവസാനത്തോടെ സര്‍വീസ് ആരംഭിക്കുക.പുലര്‍ച്ചെയും രാത്രി വൈകിയുമുള്ള സര്‍വീസുകളാകും സിയാലുമായി സഹകരിച്ച് അലയന്‍സ് എയര്‍ നടത്തുക.
കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്കും, മൈസൂരിലേക്കും, തിരുച്ചിയിലേയ്ക്കും മൈസൂര്‍ വഴി തിരുപ്പതിയിലേക്കുമാണ് പുതുതായി സര്‍വീസുകള്‍ തുടങ്ങുന്നത്. ഇതിനായി അലയന്‍സ് എയറിന്റെ എടിആര്‍ വിമാനത്തിന് രാത്രി പാര്‍ക്കിങ്ങിന് സൗകര്യം സിയാല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. വ്യോമയാന ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങള്‍ക്ക് പുതിയ ഇടപെടല്‍ കൂടുതല്‍ കരുത്താകും.
2023-ൽ ഒരു കോടിയിലേറെ യാത്രക്കാർ ഉപയോഗിച്ച വിമാനത്താവളം എന്ന നിലയിൽ സിയാൽ റിക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ നേട്ടം കൈവരിച്ച കേരളത്തിലെ ഒരേയൊരു വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തെ വിമാനത്താവളവുമാണ് സിയാൽ.
നിലവില്‍ അലയന്‍സ് എയറിന് കൊച്ചിയില്‍നിന്ന് അഗത്തി(ലക്ഷദ്വീപ് ), സേലം, ബംഗളൂരു റൂട്ടുകളില്‍ സര്‍വീസുണ്ട്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ പ്രാദേശിക കണക്റ്റിവിറ്റി വികസനത്തിനൊപ്പം,വിനോദ സഞ്ചാരത്തിനും ഉപകാരപ്രദമാകും. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിലേക്കും പുതിയ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു.
