സംസ്ഥാനത്ത് ഹൗസിംഗ് പാര്‍ക്ക് നടപ്പിലാക്കും, ലക്ഷ്യം പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതി

  • ത്രീഡി പ്രിന്റിംഗ് കെട്ടിട നിര്‍മാണ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

Update: 2023-08-03 11:45 GMT

കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതികള്‍ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാര്‍ക്ക് കേരളത്തില്‍ സ്ഥാപിക്കുമെന്ന് റവന്യൂ, ഭവന നിര്‍മാണ മന്ത്രി കെ രാജന്‍.. സംസ്ഥാന നിര്‍മിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക പാര്‍പ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ത്രീഡി പ്രിന്റിംഗ് നിര്‍മാണ സാങ്കേതികവിദ്യ സര്‍ക്കാര്‍ പരിചയപ്പെടുത്തുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ചെന്നൈ ഐ ഐ ടി കേന്ദ്രീകരിച്ച ട്വസ്റ്റ എന്ന സ്ഥാപനമാണ് നൂതനമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രവുമായി സഹകരിച്ച് മറ്റ് മേഖലകളിലും പദ്ധതി വ്യാപിപ്പിക്കും. അധിക മാലിന്യമില്ലാതെ സങ്കീര്‍ണത കുറഞ്ഞ രീതിയില്‍ 500 ചതുരശ്ര അടി വീട്നിര്‍മാണത്തിന് പരമാവധി 27 ദിവസം മാത്രമാണെടുക്കുന്നത്. ഇത്തരത്തില്‍ ഒരേ ഡിസൈനിലുള്ള ഹൗസിംഗ് കോളനികളുടെ നിര്‍മാണം കൂടുതല്‍ ലാഭകരമാകും.

നടി സുകുമാരിയുടെ സ്മരണക്കായി നിംസ് മെഡിസിറ്റി നിര്‍മിക്കുന്ന മന്ദിരത്തിന്റെ നിര്‍മാണം നിര്‍മിതി കേന്ദ്രവുമായി സഹകരിച്ച് പൂര്‍ണമായും ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നറിയിച്ചിട്ടുണ്ട്. ആധുനിക പാര്‍പ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള പൊതു സംവാദത്തിനുള്ള ഇടമായി നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹൗസിംഗ് പാര്‍ക്കുകള്‍ ഭാവിയില്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു.നിര്‍മിതി കേന്ദ്രവും ട്വസ്റ്റ കമ്പനിയും തമ്മിലുള്ള ധാരണാ പത്രം ചടങ്ങില്‍ കൈമാറി.

തിരുവനന്തപുരം പി ടി പി നഗറിലെ നിര്‍മിതി കേന്ദ്രം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ ഡോ.ഫെബി വര്‍ഗീസ് സ്വാഗതമാശംസിച്ചു. ട്വസ്റ്റ കമ്പനി സിഇ ഒ ആദിത്യ വി എസ് പദ്ധതി വിശദീകരണം നടത്തി. അശോക് കുമാര്‍ , ഡോ. റോബര്‍ട്ട് വി തോമസ്, ജയന്‍ ആര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News