കേന്ദ്ര വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് എതിരെന്ന് വീണാ ജോര്‍ജ്
- 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്
- എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന ഗഡുക്കളിൽ ഒന്ന് പോലും ലഭിച്ചിട്ടില്ല
- കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് പദ്ധതികള്‍ മുന്നോട്ട് പോകുന്നത്.
കേരളത്തിന് അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് എതിരാണെന്ന് മന്ത്രി വീണാ ജോര്‍ജ്. 2023-24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഫണ്ടുകള്‍ അനുവദിക്കാത്തതിനാല്‍ എന്‍എച്ച്എം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം ബുദ്ധിമുട്ടുന്നതായും മന്ത്രി പറഞ്ഞു. എന്‍എച്ച്എം പദ്ധതികള്‍ക്ക് 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്. സംസ്ഥാനം നല്‍കുന്നത് 550.68 കോടിയും.
എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി നാല് ഗഡുക്കളായാണ് അനുവദിക്കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. മൂന്ന് ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞുവെങ്കിലും ഒന്ന് പോലും അനുവദിച്ചിട്ടില്ല. അതേസമയം സംസ്ഥാന വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ സംസ്ഥാന വിഹിതം ഉപയോഗിച്ചാണ് എന്‍.എച്ച്.എം. പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. കോബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതില്‍ കേന്ദ്രം തടസമായി പറയുന്ന്. കേന്ദ്ര നിര്‍ദേശ പ്രകാരം 6825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിംഗ് പൂര്‍ത്തിയായതായും കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നതായും മന്ത്രി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിയ്ക്കായി കേന്ദ്രം അനുവദിക്കാനുള്ളത് 7 കോടി രൂപയാണ്. സംസ്ഥാനം ഇടപെട്ട് പെരിട്ടോണിയല്‍ ഡയാലിസിസിന് ആവശ്യമായ ഫ്‌ളൂയിഡ് വിതരണം ചെയ്തിരുന്നു. 800 ഓളം രോഗികള്‍ക്കാണ് നിലവില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം എത്രയും വേഗം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.
