ഗാലിയം കയറ്റുമതിക്ക് നിയന്ത്രണവുമായി ചൈന; വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്

  • ലോകത്തിലെ വലിയ ജെര്‍മേനിയം ഖനികള്‍ സ്ഥിതി ചെയ്യുന്നത് യുഎസ്സിലാണ്
  • യൂറോപ്പിനും അമേരിക്കയ്ക്കും ഒരു മുന്നറിയിപ്പ് കൂടി ചൈന നല്‍കിയിരിക്കുകയാണ്
  • സാങ്കേതിക രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് ചൈനയും യുഎസ്സും

Update: 2023-07-04 09:47 GMT

അര്‍ദ്ധ ചാലകങ്ങളുടെ (semi conductors) നിര്‍മാണത്തില്‍ പ്രധാനപ്പെട്ട രണ്ട് ലോഹങ്ങളാണ് ഗാലിയം(gallium), ജെര്‍മേനിയം (germanium) എന്നിവ. ഗാലിയത്തിന്റെ 90 ശതമാനവും ജെര്‍മേനിയത്തിന്റെ 80 ശതമാനവും വിതരണം ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. ഈ രണ്ട് ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് വാണിജ്യമന്ത്രാലയം. ജുലൈ 3 തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇതിലൂടെ യൂറോപ്പിനും അമേരിക്കയ്ക്കും ഒരു മുന്നറിയിപ്പ് കൂടി ചൈന നല്‍കിയിരിക്കുകയാണ്.

ഹൈടെക് മൈക്രോചിപ്പിലേക്കുള്ള ആക്‌സസിനെ ചൊല്ലി ബീജിംഗും വാഷിംഗ്ടണും തമ്മില്‍ യുദ്ധം നടക്കുന്നുണ്ട്. ഇപ്പോള്‍ ചൈനയുടെ പുതിയ നീക്കം ആ യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയും ചെയ്യും.ചൈനയിലേക്കുള്ള ഹൈടെക് മൈക്രോചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ അമേരിക്ക സമീപകാലത്ത് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ചൈന നല്‍കിയിരിക്കുന്നത്.

ദേശീയ സുരക്ഷയും താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു പുതിയ നിയന്ത്രണങ്ങളെന്നാണു ചൈന വ്യക്തമാക്കുന്നത്.

പുതിയ നിയന്ത്രണം ചൈന 2023 ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാക്കും. ഓഗസ്റ്റ് മുതല്‍ ചില ഗാലിയം, ജെര്‍മേനിയം സംയുക്തങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് ലൈസന്‍സ് വേണ്ടി വരും. ഈ ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ അവ ആര്‍ക്കാണ് നല്‍കുന്നതെന്നും അത് എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കാന്‍ പോകുന്നതെന്നും വ്യക്തമാക്കേണ്ടി വരും.

സാങ്കേതിക രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് ചൈനയും യുഎസ്സും. സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ തടയാന്‍ യുഎസ്സും ചില യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി ചൈനയ്ക്കു മേല്‍ ചില നിയന്ത്രണങ്ങളും യുഎസ് ഏര്‍പ്പെടുത്തി. ഇതിനുള്ള മറുപടിയായിട്ടാണ് ചൈന ഗാലിയം, ജെര്‍മേനിയം കയറ്റുമതിക്കു നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചൈനയുടെ നിയന്ത്രണങ്ങള്‍ ഗാലിയവുമായി ബന്ധപ്പെട്ട എട്ട് ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമാകും: ഗാലിയം ആന്റിമോനൈഡ്, ഗാലിയം ആര്‍സെനൈഡ്, ഗാലിയം മെറ്റല്‍, ഗാലിയം നൈട്രൈഡ്, ഗാലിയം ഓക്‌സൈഡ്, ഗാലിയം ഫോസ്‌ഫൈഡ്, ഗാലിയം സെലിനൈഡ്, ഇന്‍ഡിയം ഗാലിയം ആര്‍സെനൈഡ് എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണമുണ്ടാകും.

ചൈനയുടെ ഈ നടപടി സമീപഭാവിയില്‍ വിതരണ ശൃംഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുകയും സെമി കണ്ടക്ടറുകളുടെ വില ഹ്രസ്വകാലത്തേക്ക് ഉയരാനും ഇടയാക്കും.

ഗാലിയവും ജെര്‍മേനിയവും സെമി കണ്ടക്ടര്‍ ചിപ്പുകള്‍ക്കുള്ള വളരെ പ്രധാനപ്പെട്ട രണ്ട് സാമഗ്രികളാണ്. GaN (generative adversarial network), SiGe (Silicon–germanium) പോലുള്ള സാങ്കേതിക വിദ്യകളുടെ പ്രധാന ചേരുവകളുമാണ്.

അവ പവര്‍ ഇലക്ട്രോണിക്‌സ് ചിപ്പുകള്‍, റേഡിയോ ഫ്രീക്വന്‍സി ചിപ്പുകള്‍, വയര്‍ലെസ് ആശയവിനിമയം, വളരെ ഉയര്‍ന്ന വേഗതയുള്ള സിഗ്‌നലിംഗ് എന്നിവയ്ക്കു നിര്‍ണായകവുമാണ്.

ഇലക്ട്രിക് വാഹനങ്ങള്‍, ഡാറ്റാ സെന്ററുകള്‍, 5ജി, റഡാര്‍, ജിപിഎസ്, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഈ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിപ്പുകളെയാണു പ്രധാനമായും ആശ്രയിക്കുന്നത്.

സെമി കണ്ടക്ടര്‍ വ്യവസായത്തിന് പ്രധാനപ്പെട്ട ലോഹങ്ങളാണ് ഗാലിയവും ജെര്‍മേനിയവും. പക്ഷേ, ഇവ അപൂര്‍വ ലോഹങ്ങളുമല്ല. എങ്കിലും ചൈന കാരണമാണ് ഈ ലോഹങ്ങള്‍ ചെലവ് കുറഞ്ഞ് ലഭിക്കുന്നത്.

ഇവ വേര്‍തിരിച്ചെടുക്കുന്നത് (extract) വളരെ ചെലവേറിയതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെര്‍മേനിയം ഖനികള്‍ സ്ഥിതി ചെയ്യുന്നത് യുഎസ്സിലാണ്. പക്ഷേ, യുഎസ് അവ വേര്‍തിരിച്ചെടുക്കുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു പോലെ ജെര്‍മേനിയം ഖനികളുണ്ട്. പക്ഷേ, അവിടെയൊന്നും ഖനനം നടക്കുന്നില്ല. കാരണം ഒന്നുകില്‍ ഖനനം ചെലവേറിയതായതു കൊണ്ടാണ്. അതുമല്ലെങ്കില്‍ ഖനനം ചെയ്യുന്നതിനുള്ള ടെക്‌നോളജിയുടെ അഭാവം കാരണമാണ്. യുകെ ക്രിട്ടിക്കല്‍ മിനറല്‍സ് ഇന്റലിജന്‍സ് സെന്ററിന്റെ കണക്കനുസരിച്ച്, നിലവില്‍ ലോകത്തെ ഗാലിയം ഉല്‍പ്പാദനത്തിന്റെ 94 ശതമാനവും നടക്കുന്നത് ചൈനയിലാണ്.

Tags:    

Similar News