കോള്‍ ഇന്ത്യയുടെ കോക്കിംഗ് കോള്‍ ഉല്‍പ്പാദനം 17% ഉയര്‍ന്നു

  • ഇറക്കുമതി ബില്‍ കുറയ്ക്കുന്നതില്‍ ഗുണം ചെയ്യും
  • 2021-22ല്‍ രാജ്യത്തിന്റെ കോക്കിംഗ് കോള്‍ ഇറക്കുമതി കുറഞ്ഞു

Update: 2023-04-13 11:24 GMT

ആഗോള തലത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ തങ്ങളുടെ കോക്കിംഗ് കോള്‍ ഉല്‍പ്പാനദത്തില്‍ 17.2 ശതമാനം വളര്‍ച്ച നേടി. 2021-22ലെ 46.6 മില്യണ്‍ ടണ്ണിനെ അപേക്ഷിച്ച് 2022-23ല്‍ ഉല്‍പ്പാദനം 54.6 മില്യണ്‍ ടണ്ണിലെത്തിയെന്ന് കമ്പനി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ ഡാറ്റ.

2030ഓടെ കോക്കിംഗ് കോള്‍ ഉല്‍പ്പാദനം 105 മില്യണ്‍ ടണ്ണിലേക്ക് എത്തിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോള്‍ ഇന്ത്യയോട് അവശ്യപ്പെട്ടിട്ടുള്ളത്. ഇരുമ്പ്, സ്റ്റീല്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലെ പ്രധാന ഘടകമായ കോക്കിംഗ് കോളിന്റെ ഇറക്കുമതി കുറയ്ക്കുന്നത് വിദേശ നാണ്യത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കും.

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ ഉപകമ്പനിയായ ബിസിസിഎലില്‍ നിന്നാണ് ഉല്‍പ്പാദനത്തിന്റെ 62 ശതമാനമായ 33.7 മില്യണ്‍ ടണ്‍ ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 29 മില്യണിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ധന. മറ്റൊരു ഉപകമ്പനിയായ സിസിഎല്‍ 20 ശതമാനം വളര്‍ച്ചയോടെ 20.6 മില്യണ്‍ ടണ്ണിലേക്ക് ഉല്‍പ്പാദനം എത്തിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 56 മില്യണ്‍ ടണ്‍ കോക്കിംഗ് കോളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 57.1 മില്യണ്‍ ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 1.1 മില്യണ്‍ ടണ്ണിന്റെ കുറവ്.

Tags:    

Similar News