പരസ്യ വിവാദത്തിലായ പതഞ്ജലി പോർട്ട്‌ഫോളിയോ ഉടച്ചുവാർക്കുന്നു

  • ടൂത്ത് പേസ്റ്റ്, ഓയിൽ, സോപ്പ്, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യേതര ബിസിനസ് കൈമാറും
  • തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ യോഗഗുരു ബാബാ രാംദേവിനെയും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയെയും വിളിച്ചുവരുത്തി കോടതി കഴിഞ്ഞ ദിവസം ശാസിച്ചിരുന്നു.

Update: 2024-04-29 11:38 GMT

യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡ് അതിന്റെ പോർട്ട്‌ഫോളിയോ ഉടച്ചുവാർക്കുന്നു. ടൂത്ത് പേസ്റ്റ്, ഓയിൽ, സോപ്പ്, ഷാംപൂ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യേതര ബിസിനസ് കൈമാറും. ഗ്രൂപ്പിനിടയിൽ പോർട്ട്‌ഫോളിയോകൾ കൈമാറി നിക്ഷേപകരെ പിടിച്ചു നിർത്താനാണ് ശ്രമിക്കുന്നത്.

പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ ഭക്ഷ്യേതര ബിസിനസ് വിൽപ്പനയുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചതായി പതഞ്ജലി ഫുഡ്സ് തന്നെ ഓഹരി വിപണി ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ യോഗഗുരു ബാബാ രാംദേവിനെയും പതഞ്ജലിയുടെ എം.ഡി. ആചാര്യ ബാലകൃഷ്ണയെയും വിളിച്ചുവരുത്തി കോടതി കഴിഞ്ഞ ദിവസം ശാസിച്ചിരുന്നു.

വിഷയത്തിൽ വേണ്ടത്ര ജാഗ്രത പാലിക്കാനും, പ്രൊഫഷണലുകളെ നിയമിക്കാനും, നിർദ്ദേശത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും ചർച്ച ചെയ്യാനും, കൂടുതൽ പരിഗണനയ്ക്കായി ഓഡിറ്റ് കമ്മിറ്റിക്കും ബോർഡിനും കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യാനും അധികാരപ്പെടുത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പതഞ്ജലി ഫുഡ്സ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി വ്യക്തമാക്കുന്നു.

ഇതിനു മുമ്പും പതഞ്ജലി ഫുഡ്സ് ഗ്രൂപ്പിന്റെ മറ്റു കമ്പനികളിൽ നിന്നു ബിസിനസുകൾ ഏറ്റെടുത്തിട്ടുണ്ട്. ഉൽപ്പന്ന പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിന് 2021 മെയിൽ 60.03 കോടി രൂപയ്ക്ക് പതഞ്ജലി നാച്ചുറൽ ബിസ്‌ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിസ്‌ക്കറ്റ് പോർട്ട്‌ഫോളിയോ കമ്പനി ഏറ്റെടുത്തിരുന്നു. 2021 ജൂണിൽ 3.50 കോടി രൂപയ്ക്ക് നൂഡിൽസ്, ബ്രേക്ക്ഫാസ്റ്റ് സിറൽസ് ബിസിനസും, 2022 മേയിൽ 690 കോടിക്ക് പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ ഭക്ഷ്യ ബിസിനസും കമ്പനി കൂടെ കൂട്ടിയിരുന്നു.

1986 -ൽ സംയോജിപ്പിച്ച, പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ്, മുമ്പ് രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലെ മുൻനിര എഫ്എംസിജി പ്ലെയറുകളിൽ ഒന്നാണ് കമ്പനി. പതഞ്ജലി, രുചി ഗോൾഡ്, ന്യൂട്രേല തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പാദകരാണ്. 

Tags:    

Similar News