ജൂണില്‍ പാമോയില്‍,സോയ്ഓയില്‍ ഇറക്കുമതി കൂടി
- മേയിനെ അപേക്ഷിച്ച് പാമോയില്‍ ഇറക്കുമതി 49% ഉയർന്നു
- വില 28 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
ഇന്ത്യയുടെ പാമോയിൽ ഇറക്കുമതി ജൂണില്‍ മുൻ മാസത്തെ അപേക്ഷിച്ച് 49 ശതമാനം ഉയർന്നു. 28 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പാമോയില്‍ വില എത്തിയതോടെ വ്യാപാരികള്‍ ഇത് വാങ്ങലിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു. മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലുള്ള ഇറക്കുമതിയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. സസ്യഎണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായ ഇന്ത്യയിലെ ഇറക്കുമതിയില്‍ ഉണ്ടായ വീ്ണ്ടെടുപ്പ് മലേഷ്യൻ പാം ഓയിൽ ഫ്യൂച്ചേഴ്സിനെ പിന്തുണയ്ക്കുകയും ചരക്കുകള്‍ വിറ്റഴിക്കാന്‍ മുൻനിര ഉൽപ്പാദകരായ ഇന്തോനേഷ്യയെയും മലേഷ്യയെയും സഹായിക്കുകയും ചെയ്യും.
ഡീലർമാരില്‍ നിന്നു ലഭിക്കുന്ന ഏകദേശ കണക്കുകൾ പ്രകാരം ഇന്ത്യയുടെ പാം ഓയിൽ ഇറക്കുമതി മേയ് മാസത്തിലെ 439,173 മെട്രിക് ടണ്ണിൽ നിന്ന് ജൂണിൽ 655,000 മെട്രിക് ടണ്ണായി ഉയർന്നു. 2021 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണ് മെയ് മാസത്തിൽ രേഖപ്പെടുത്തിയിരുന്നത്. സോയ്ഓയിൽ ഇറക്കുമതി മുന്‍മാസത്തെ അപേക്ഷിച്ച് ജൂണില്‍ 35% ഉയർന്ന് 432,000 മെട്രിക് ടണ്ണായി.
കുറഞ്ഞ വിലയും കുറഞ്ഞ ഷിപ്പിംഗ് സമയവും കാരണം വിലയ്ക്ക് ഊന്നല്‍ നല്‍കുന്ന ഏഷ്യൻ ബയേര്‍സ് സാധാരണയായി പാം ഓയിലിനെ കൂടുതലായി ആശ്രയിക്കുന്നു.
