പോക്കറ്റ് കാലിയാക്കുന്ന ചികിത്സകള്‍, സാര്‍വത്രിക ആരോഗ്യ പരിരക്ഷ സ്വപ്‌നം മാത്രം

  • സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ നേടുന്നത് ആളുകള്‍ക്ക് സഹായവും ദാരിദ്രാവസ്ഥയില്‍ കൈതാങ്ങുമാണ്. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പെരുകുകയാണ്. പ്രത്യേകിച്ച് ദരിദ്രരും ദുര്‍ബലരുമായവര്‍ക്കിടയില്‍.

Update: 2023-09-20 09:30 GMT

ലോകജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും അവശ്യ ആരോഗ്യ സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് ലോകാരോഗ്യ സംഘടനയുടേയും ലോക ബാങ്കിന്റെയും സംയുക്ത റിപ്പോര്‍ട്ട്. കൂടാതെ 200 കോടി ആളുകള്‍ക്ക് ആരോഗ്യ മേഖലയിലെ ചെലവുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങളില്‍ നിന്ന് ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ല എന്ന വസ്തുത അവരുടെ ആരോഗ്യത്തെ മാത്രമല്ല, സമൂഹങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെയും സ്ഥിരതയെ അപകടത്തിലാക്കുന്നത് കൂടിയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മൂന്നിലൊന്നില്‍ താഴെ രാജ്യങ്ങള്‍ ആരോഗ്യ സേവന കവറേജ് മെച്ചപ്പെടുത്തുകയും പോക്കറ്റ് കാലിയാക്കുന്ന ആരോഗ്യ ചെലവുകള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആരോഗ്യരംഗത്ത് കൂടുതല്‍ മികച്ച നിക്ഷേപങ്ങളും പ്രാഥമികാരോഗ്യ സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതും അടിയന്തിരമായി ആവശ്യമുള്ളവയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

2019 മുതല്‍ 2021 വരെ സേവന പരിരക്ഷയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സാംക്രമിക രോഗങ്ങള്‍ക്കുള്ള സേവനങ്ങള്‍ 2000 മുതല്‍ കാര്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടില്ലെന്നു മാത്രമല്ല സമീപ വര്‍ഷങ്ങളില്‍ സാംക്രമികേതര രോഗങ്ങള്‍ക്കും പ്രത്യുല്‍പാദന, മാതൃ, നവജാത, ശിശു ആരോഗ്യ സേവനങ്ങള്‍ക്കുമുള്ള സേവന പരിരക്ഷയില്‍ പുരോഗതി നേടാനായില്ല. ഈ റിപ്പോര്‍ട്ടില്‍ കൊവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്,  ഗാര്‍ഹിക ബജറ്റിന്റെ 10 ശതമാനത്തിലധികമാണ് ഇത്തരത്തിലുള്ള ആരോഗ്യ ആവശ്യങ്ങള്‍ക്കുള്ള ചെലവ്. ആഗോള ജനസംഖ്യയുടെ ഏകദേശം 14 ശതമാനം ആളുകളും അവരുടെ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ പണച്ചോര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.

2018 സെപ്റ്റംബര്‍ 23 നാണ് ഇന്ത്യയില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന നടപ്പിലാക്കിയത്. ജനസംഖ്യയുെട 40 ശതമാനത്തിലേക്ക് ഈ പദ്ധതി എത്തികുകയാണ് ഇതിന്റെ ലക്ഷ്യം. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2030 ഓടെ എല്ലാവര്‍ക്കും സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാകുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.

Tags:    

Similar News