ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് ചെലവ് ഒറ്റ അക്കത്തിലേക്ക്

എക്‌സ്പ്രസ് വേകളുടെയും സാമ്പത്തിക ഇടനാഴികളുടെയും വികസനമാണ് ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുക

Update: 2025-10-17 09:16 GMT

ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് ചെലവ് ഈ വര്‍ഷം ഡിസംബറോടെ ഒറ്റ അക്കത്തിലേക്ക് കുറയുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേകളുടെയും സാമ്പത്തിക ഇടനാഴികളുടെയും ദ്രുതഗതിയിലുള്ള വികസനമാണ് ഇതിനുകാരണമാകുക. അസോചം വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയുടെ എക്സ്പ്രസ് വേകളുടെയും സാമ്പത്തിക ഇടനാഴികളുടെയും നിര്‍മ്മാണം രാജ്യത്തിന്റെ ലോജിസ്റ്റിക് ചെലവ് നേരത്തെ 16 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ സഹായിച്ചു. ഐഐടി ചെന്നൈ, ഐഐടി കാണ്‍പൂര്‍, ഐഐഎം ബാംഗ്ലൂര്‍ എന്നിവര്‍ അടുത്തിടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

'ഡിസംബറോടെ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് 9 ശതമാനമായി കുറയും. ഇത് ഇന്ത്യയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കാന്‍ സഹായിക്കും. ഇത് നമ്മുടെ വ്യവസായത്തിന് 100 ശതമാനം നേട്ടം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ കയറ്റുമതി കൂടുതല്‍ മത്സരക്ഷമതയുള്ളതായിരിക്കും,' അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ ലോജിസ്റ്റിക്‌സ് ചെലവ് 12 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ 12 ശതമാനവും ചൈനയില്‍ 8 മുതല്‍ 10 ശതമാനവുമാണ്. ഇന്ത്യയുടെ ഓട്ടോമൊബൈല്‍ മേഖലയെക്കുറിച്ച് സംസാരിക്കവെ, 'അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തെ ലോകത്തിലെ ഒന്നാം നമ്പരാക്കി മാറ്റുക എന്നതാണ് ലക്ഷ്യം', മന്ത്രി പറഞ്ഞു.

'ഞാന്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോള്‍, ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലുപ്പം 14 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലുപ്പം 22 ലക്ഷം കോടി രൂപയാണ്,' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുഎസ് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വലുപ്പം 78 ലക്ഷം കോടി രൂപയും, തൊട്ടുപിന്നില്‍ ചൈനയും (47 ലക്ഷം കോടി രൂപ) ഇന്ത്യയും (22 ലക്ഷം കോടി രൂപ) ആണ്.

ഓട്ടോമൊബൈല്‍ മേഖല 4 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്നും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒരു സാമ്പത്തിക ബാധ്യതയാണെന്നും, ഇന്ധന ഇറക്കുമതിക്കായി പ്രതിവര്‍ഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇത് പരിസ്ഥിതിക്ക് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചോളത്തില്‍ നിന്ന് ബയോ എത്തനോള്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനുശേഷം, ചോളത്തില്‍ നിന്ന് എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് 45,000 കോടി രൂപ അധിക വരുമാനം ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    

Similar News