റോഡ് വികസനം ഒരു തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല; ​ഗൗരവത്തോടെ ചർച്ച ചെയ്യണം ചില കാര്യങ്ങൾ

നമ്മുടെ റോഡ് നിർമ്മാണത്തിലെ പാളിച്ചകൾ എവിടെയാണ്? ​ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ

Update: 2025-10-09 08:49 GMT

കേരളത്തിൻ്റെ വികസനത്തിൻ്റെ ജീവനാഡിയാണ് നമ്മുടെ റോഡുകൾ. കേരളത്തിൽ 5 പുതിയ ദേശീയ പാതകൾ കൂടി വരുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗതാഗതക്കുരുക്കും, വർധിച്ചു വരുന്ന അപകടങ്ങളും, കാലഹരണപ്പെട്ട നിർമ്മാണ രീതികളും നമ്മുടെ യാത്രകളെ ദുസ്സഹമാക്കുകയാണ്.

ദേശീയപാതാ വികസനവും, അടിസ്ഥാന സൗകര്യ വികസനത്തിലെ സാമ്പത്തിക ബാധ്യതയും ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറുകയാണ്.അടുത്ത തലമുറയുടെ യാത്രകൾ സുരക്ഷിതമാക്കാനും, സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാനും റോഡ് വികസനം ഏത് ദിശയിലായിരിക്കണം ? നിർമ്മാണത്തിലെ പാളിച്ചകൾ എവിടെയാണ്?

ഈ വിഷയത്തിൽ മൈഫിൻ ഗ്ലോബൽ ഫിനാൻസ് മീഡിയ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്ത ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് റോഡ് സേഫ്റ്റി സിഇഒ ഉപേന്ദ്ര നാരായണൻ ചൂണ്ടിക്കാട്ടിയ ഒരു പ്രധാന കാര്യമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ മഴക്കാലമുള്ള സംസ്ഥാനമാണ് കേരളം. കാലവർഷക്കാലത്തെ ഭീകരമായ മഴ കേരളത്തിലെ റോഡുകളുടെ നിർമാണത്തെ മാത്രമല്ല ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ട്.

അപ്രതീക്ഷതമായ സമയത്തെ വലിയ മഴ ദേശീയപാതകളെ ബാധിക്കുന്നുത് കണക്കിലെടുത്ത് വേണം റോഡ് നിർമാണത്തിൻ്റെ പ്രധാന ഘട്ടങ്ങൾ തീരുമാനിക്കാൻ. ഇതിന് കോൺട്രാക്ടർമാരെയും ഡിസൈനർമാരെയും  ഉൾപ്പെടെ ബോധവൽക്കരിക്കേണ്ടതുണ്ട്. എൻഎച്ച് 66 എന്ന ദേശീയപാത സംസ്ഥാന, ദേശീയ സർക്കാരുകളുടെ സ്വപ്ന പദ്ധതിയായിരുന്നു. എന്നാൽ ആദ്യ മഴയിൽ തന്നെ കുത്തൊലിച്ചു. മഴക്കാലത്തിന് അനുയോജ്യമല്ലാത്ത നിർമാണ ശൈലിയാണ് വില്ലനായത്. റോഡുകളുടെ അലൈൻമൻ്റ് വിദഗ്ധരെക്കൊണ്ടു തന്നെ ഡിസൈൻ ചെയ്യിക്കണമെന്നും ഉപേന്ദ്ര നാരാണൻ വ്യക്തമാക്കിയിരുന്നു.

അലൈൻമെൻ്റും ഡിസൈനും പ്രധാനം

കേരളത്തിലെ റോഡുകൾക്ക് ഗുരുതരമായ ഡിസൈൻ, സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നതിൽ തർക്കമില്ലെന്ന അഭിപ്രായമാണ് കോൺഗ്രസ് പ്രതിനിധി രാജു പി നായർക്കും. അതേസമയം റോഡ് വികസനവും പ്രശ്നപരിഹാരവും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം ബാധ്യതയോ ഉത്തവാദിത്തമോ അല്ലെന്ന് രാജു പി നായരും ചൂണ്ടിക്കാട്ടുന്നു.

''ജനസാന്ദ്രത കൂടെ പരിഗണിച്ച് വേണം ഹൈവേ നിർമാണം. ഹൈവേകളിൽ കുറേ ദൂരം സഞ്ചരിച്ച് റോഡ് മറികടക്കേണ്ട അവസ്ഥ പലപ്പോഴും ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്.ആളുകളുടെയും വാഹനങ്ങളുടെയും ആക്സസ് പോയിൻ്റുകൾ ഉൾപ്പെടെ ഹൈവേ, റോഡ് നിർമാണത്തിൽ പ്രധാനമാണ്. അതുപോലെ റോഡുകൾ ഒരിക്കലും പൊതുമാനദണ്ഡത്തിൽ പണിയാനാകില്ല.

കേരളത്തിലെ സാഹചര്യങ്ങൾ കൂടെ നിർമാണത്തിൽ പരിഗണിക്കേണ്ടതുണ്ട്. ഇതൊന്നും പരിഗണിക്കാതെ ദേശീയ ഹൈവേ നിർമാണ അതോറിറ്റി കോൺട്രാക്ടർമാർക്ക് റോഡിൻ്റെ ഡിസൈനുണ്ടാകാൻ അനുവാദം കൊടുക്കുന്നു. അവർ അവരുടെ സാമ്പത്തിക ലാഭം കൂടി നോക്കി റോഡുകൾ നിർമിക്കുന്നു. ''ഈ നിരീക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

റോഡുകളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ ഇപ്പോഴും പൊലിയുന്നത് വലിയ ആശങ്കയാണ്.  റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കുന്നതിലൂടെ മാത്രം സംസ്ഥാനത്തെ അപകടങ്ങൾ കുറയ്ക്കാൻ കഴിയില്ല. റോഡിൻ്റെ അലൈൻമെൻ്റുൾപ്പെടെ പ്രധാനമാണ്.  ഹൈവേ പെട്രോളിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. 

അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വലിയ തുക നൽകുന്നുണ്ടെന്നും ഇത് ഫലപ്രദമായി ഉപയോ​ഗിക്കാൻ സംസ്ഥാനത്തിനാകണമെന്നും ബിജെപി പ്രതിനിധി അഡ്വ. ജെ ആർ പദ്മകുമാർ പറയുന്നു. നാഷണൽ ഹൈവേ അതോറിറ്റി നി‍‍ർമിക്കുന്ന എല്ലാ റോഡുകളും മോശമാണെന്ന് പറയാനാകില്ല. മറ്റ് സംസ്ഥാനങ്ങളിലെ റോഡുകൾ കൂടെ നോക്കണം. ടോൾ പിരിക്കുന്നതിലെ അപാകതകൾ ച‍ർച്ച ചെയ്ത് തന്നെ പരിഹരിക്കേണ്ടതുണ്ടെന്നതിൽ പദ്മകുമാറിനും ത‍ർക്കമില്ല.

കടമ്പകൾ ഒട്ടേറെ

കേരളത്തിൻ്റെ റോഡ് വികസനം കേവലം ടാർ ചെയ്യലിലോ പാലം പണിയലിലോ ഒതുങ്ങുന്നില്ല . റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം, ഭൂമി ഏറ്റെടുക്കലിലെ സമയബന്ധിതമായ പ്രവർത്തനം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ, കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം എന്നിവയെല്ലാം ഈ വിഷയത്തിൽ പരമപ്രധാനമാണ്.

രാഷ്ട്രീയ പാർട്ടികൾ റോഡ് വികസനത്തെ ഒരു തെരഞ്ഞെടുപ്പ് വിഷയമായി മാത്രം കാണാതെ, ദീർഘകാല സുരക്ഷാ പദ്ധതിയായും സാമ്പത്തിക ബാധ്യത കുറക്കുന്നതിനുള്ള മാർഗ്ഗമായും കാണേണ്ടതുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ അശാസ്ത്രീയമായ നിർമ്മാണ രീതികൾ മാറ്റി, കാൽനട യാത്രക്കാർക്ക് പ്രാധാന്യം നൽകുന്ന സുരക്ഷിതമായ രൂപകൽപ്പനയിലേക്ക് നമ്മൾ മാറേണ്ടതുണ്ട്.

Tags:    

Similar News