ഇന്ത്യ യുഎസില്‍നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യും; കരാറായി
ഒരു വര്‍ഷത്തെ കരാറില്‍ ഇന്ത്യ 22 ലക്ഷം ടണ്‍ എല്‍പിജിയാണ് ഇറക്കുമതി ചെയ്യുക
യുഎസില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യുന്നതിന് കരാറിലൊപ്പുവച്ച് ഇന്ത്യ. ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22 ലക്ഷം ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യും.
ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആദ്യമായി അമേരിക്കയില്‍ നിന്ന് ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) ഇറക്കുമതി ചെയ്യുന്നതിനുള്ള ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചതായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ യുഎസില്‍ നിന്ന് ഏകദേശം 22 ലക്ഷം ടണ്‍ എല്‍പിജി ഇറക്കുമതിക്കായി 1 വര്‍ഷത്തെ കരാറിലെത്തി. ഇത് ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതിയുടെ 10% വരും.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു കരാറില്‍ ഒപ്പുവച്ചതെന്ന് ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. യുഎസിന്റെ ഗള്‍ഫ് കോസ്റ്റ് വഴിയാകും ഇറക്കുമതി. ഇന്ത്യന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഇന്ത്യന്‍ വിപണിയിലേക്കുള്ള യുഎസ് എല്‍പിജിയുടെ ആദ്യത്തെ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങള്‍ക്ക് ഇത് വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ഈ നീക്കം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വര്‍ഷത്തെ താരിഫ് വര്‍ദ്ധന മൂലമുണ്ടായ കയറ്റുമതി സമ്മര്‍ദ്ദം ലഘൂകരിക്കാനുള്ള നടപടികളായിട്ടാണ് ഇവയെ കാണുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. ഇതില്‍ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
