ഇന്ത്യ വഴങ്ങി; യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്
ഇന്ത്യയ്ക്ക് ഏറ്റവും അധികം എണ്ണ വിതരണം ചെയ്യുന്നത് റഷ്യ തന്നെയാണ്
ഒക്ടോബറില്‍ യുഎസില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നാലര വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍. 593,000 ബാരല്‍ (യുറ) ആണ് ഒക്ടോബറിലെ ഇറക്കുമതിയെന്ന് മാരിടൈം ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലറിന്റെ ഡാറ്റ പറയുന്നു.
ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ന്യൂഡെല്‍ഹി എണ്ണ സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നുണ്ട്. കൂടാതെ യുഎസുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള തന്ത്രപരമായ ഒരു നീക്കമാണ് എണ്ണ ഇറക്കുമതിയിലെ വര്‍ധനവെന്നും വിലയിരുത്തപ്പെടുന്നു.
എന്നാല്‍ യുഎസില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വര്‍ദ്ധനവുണ്ടായിട്ടും, റഷ്യ ഏറ്റവും വലിയ വിതരണക്കാരനായി തുടരുന്നു.ഒക്ടോബറില്‍ ഇറക്കുമതി 1.61 ദശലക്ഷം ബാരലാണ് മോസ്‌കോയില്‍നിന്നുള്ള ഇറക്കുമതി. ഇത് വാര്‍ഷിക ശരാശരിയായ 1.73 ദശലക്ഷം ബാരലിനേക്കാള്‍ അല്പം താഴെയാണ്. ഇന്ത്യന്‍ റിഫൈനര്‍മാര്‍ ഇടനിലക്കാര്‍ വഴി സ്‌പോട്ട് മാര്‍ക്കറ്റില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്.ഇത് അവരെ ഉപരോധങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
റഷ്യയിലെ പ്രധാന എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റിനെയും ലുക്കോയിലിനെയും ലക്ഷ്യമിട്ട് യുഎസ് ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നതിനിടയില്‍, റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഇന്ത്യയുടെ ആഗ്രഹവും യുഎസ് എണ്ണ ഇറക്കുമതിയിലേക്കുള്ള മാറ്റത്തിന് കാരണമാണ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി സ്ഥിരമായി തുടരുമ്പോള്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള ചില റിഫൈനര്‍മാര്‍ വാഷിംഗ്ടണുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നു. ഈ കമ്പനികള്‍ കൂടുതല്‍ യുഎസ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
