വിഴിഞ്ഞത്തിന് ചരിത്ര നേട്ടം; എം എസ് സി ഐറിന തുറമുഖത്ത്

നങ്കുരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍

Update: 2025-06-09 05:29 GMT

വിഴിഞ്ഞം തുറമുഖത്തിന് ചരിത്ര നേട്ടം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി ഐറിന തുറമുഖത്ത് നങ്കുരമിട്ടു. ഒരു ദക്ഷിണേഷ്യന്‍ തുറമുഖത്തേക്കുള്ള എംഎസ്സി ഐറിനയുടെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യയുടെ വളര്‍ന്നുവരുന്ന സമുദ്ര ശേഷിയും അള്‍ട്രാ-ലാര്‍ജ് കണ്ടെയ്‌നര്‍ വെസ്സലുകള്‍ (യുഎല്‍സിവി) കൈകാര്യം ചെയ്യാനുള്ള വിഴിഞ്ഞത്തിന്റെ സന്നദ്ധതയും പ്രകടമാക്കുന്നതിലുള്ള അംഗീകാരമാണ് എംഎസ്സി ഐറിനയുടെ വരവ്.

സ്വിസ് ഷിപ്പിംഗ് ഭീമനായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) പ്രവര്‍ത്തിപ്പിക്കുകയും ലൈബീരിയന്‍ പതാകയ്ക്ക് കീഴില്‍ സഞ്ചരിക്കുകയും ചെയ്യുന്ന കപ്പലാണ് എംഎസ്സി ഐറിന. കപ്പലിന് 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിഫ ഫുട്‌ബോള്‍ മൈതാനത്തിന്റെ നാലിരട്ടി നീളമുള്ളതാണ്.

24,346 ടിഇയു വഹിക്കാനുള്ള ശേഷിയുള്ള ഈ കൂറ്റന്‍ കപ്പല്‍, ആഗോള വ്യാപാരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയുടെയും അതില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിന്റെയും ശ്രദ്ധേയമായ പ്രതീകമാണ്.

ഏഷ്യയ്ക്കും യൂറോപ്പിനുമിടയില്‍ വലിയ അളവിലുള്ള കണ്ടെയ്നറുകളുടെ ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന കപ്പലാണിത്.

പരമാവധി കാര്യക്ഷമതയ്ക്ക് ഈ കപ്പല്‍ പേരുകേട്ടതാണ്. കൂടാതെ 26 നിരകള്‍ വരെ ഉയരത്തില്‍ കണ്ടെയ്നറുകള്‍ അടുക്കി വയ്ക്കാനും കഴിയും. നിലവില്‍ 16000 കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ട്.5000 വരെ കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് ഇറക്കിയേക്കും. സിംഗപ്പൂരില്‍ നിന്നെത്തിയ കപ്പലിന് ആചാരപരമായ വരവേല്‍പ്പും നല്‍കി.

എംഎസ്സി ഐറിന ചൊവ്വാഴ്ച വരെ വിഴിഞ്ഞം തുറമുഖത്ത് തുടരും, തുടര്‍ന്ന് ആഗോള റൂട്ടില്‍ സര്‍വീസ് തുടരും. 

Tags:    

Similar News