ഭൂട്ടാനില്‍ സോളാര്‍ പ്രോജക്ടുമായി റിലയന്‍സ് പവര്‍

  • ഭൂട്ടാന്റെ ഡ്രൂക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക
  • ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയാണിത്

Update: 2025-05-19 07:10 GMT

ഭൂട്ടാന്റെ ഏറ്റവും വലിയ സോളാര്‍ പദ്ധതി അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ നിര്‍മിക്കും. 2000 കോടി രൂപയുടെ പദ്ധതി ഭൂട്ടാന്റെ ഡ്രൂക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സുമായി (ഡിഎച്ച്‌ഐ) സഹകരിച്ചാണ് നടപ്പാക്കുക. 500 മെഗാവാട്ടിന്റെ ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതിയാണിത്.

ഭൂട്ടാന്റെ സ്വകാര്യ മേഖലയിലെ സൗരോര്‍ജ്ജ വിഭാഗത്തില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കുമിത്.

ഡിഎച്ച്‌ഐ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ഗ്രീന്‍ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിനായി (പിപിഎ) റിലയന്‍സ് പവര്‍ ഒരു വാണിജ്യ ടേം ഷീറ്റില്‍ ഒപ്പുവച്ചു.

ഭൂട്ടാനില്‍ നടത്തിയ ഈ സൗരോര്‍ജ്ജ നിക്ഷേപം, പുനരുപയോഗ ഊര്‍ജ്ജ പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ തന്ത്രപരമായ നീക്കത്തെ അടിവരയിടുന്നതാണ്. സൗരോര്‍ജ്ജ വിഭാഗത്തില്‍ റിലയന്‍സ് പവറിന്റെ മൊത്തം ക്ലീന്‍ എനര്‍ജി ഉല്‍പ്പാനിദിപ്പിക്കുന്നതിനുശേഷി 2.5 ജിഗാവാട്ട് എത്തിയതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീര്‍ഘകാല കരാറിലൂടെ ഗ്രീന്‍ ഡിജിറ്റലിന് വില്‍ക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെ കരാറുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റിലയന്‍സ് പവര്‍.

റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും തമ്മിലുള്ള സംയുക്ത സംരംഭമായ റിലയന്‍സ് എന്റര്‍പ്രൈസസും ഭൂട്ടാന്റെ ഡിഎച്ച്‌ഐയും തമ്മില്‍ 2024 ഒക്ടോബറില്‍ സ്ഥാപിതമായ പങ്കാളിത്തത്തെ പിന്തുടരുന്നതാണ് ഈ പദ്ധതി. 

Tags:    

Similar News