പ്രീമിയം ഭവന പ്രോപ്പര്‍ട്ടികളുടെ വിലക്കയറ്റം; ആഗോളതലത്തില്‍ ബെംഗളൂരു നാലാമത്
ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ദക്ഷിണ കൊറിയയിലെ സിയോളില്‍
പ്രീമിയം പ്രോപ്പര്‍ട്ടികളുടെ വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ബെംഗളൂരുവിന് വന്‍ കുതിപ്പ്. ആഗോളതലത്തില്‍ 46 നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു ഇന്ന് നാലാം സ്ഥാനത്താണ്. മുംബൈ ആറാം സ്ഥാനത്തും ഡല്‍ഹി പതിനഞ്ചാം സ്ഥാനത്തുമാണ്.
നൈറ്റ് ഫ്രാങ്കിന്റെ പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ് (പിജിസിഐ) 2025 ലെ രണ്ടാം പാദം (ഏപ്രില്‍-ജൂണ്‍) റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൈം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളില്‍ 25.2 ശതമാനം വാര്‍ഷിക വില വര്‍ധനവോടെ സിയോള്‍ ഒന്നാം സ്ഥാനത്തെത്തി.
16.3 ശതമാനം മൂല്യവര്‍ദ്ധനവുമായി ടോക്കിയോ രണ്ടാം സ്ഥാനത്തും 15.8 ശതമാനം വാര്‍ഷിക മൂല്യവര്‍ദ്ധനയുമായി ദുബായ് മൂന്നാം സ്ഥാനത്തും എത്തി. ലോകമെമ്പാടുമുള്ള 46 നഗരങ്ങളിലെ പ്രധാന റെസിഡന്‍ഷ്യല്‍ വിലകളുടെ ചലനം ട്രാക്ക് ചെയ്യുന്ന ഒരു സൂചികയാണ് പ്രൈം ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്.
ഇന്ത്യയില്‍, ബെംഗളൂരുവില്‍ പ്രൈം ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 10.2 ശതമാനം വര്‍ധനവ് ഉണ്ടായി. മുംബൈയില്‍ (8.7 ശതമാനം), ഡല്‍ഹിയില്‍ (3.9 ശതമാനം) എന്നിങ്ങനെയാണ് വര്‍ധനവ്.
2025 ജൂണ്‍ വരെയുള്ള 12 മാസങ്ങളില്‍ ആഗോളതലത്തില്‍ പ്രൈം റെസിഡന്‍ഷ്യല്‍ വിലകള്‍ ശരാശരി 2.3 ശതമാനം വര്‍ദ്ധിച്ചതായി കണ്‍സള്‍ട്ടന്റ് വ്യക്തമാക്കി.
