ദക്ഷിണേന്ത്യയിൽ തകർപ്പൻ വീട് വിൽപ്പന; ഈ നഗരങ്ങളിൽ വീടു കിട്ടാതാകുമോ?
ഹൈദരാബാദ് ആണ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഭവന വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47% വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. പ്രോപ്ടൈഗറിന്റെ ഡാറ്റ പ്രകാരം, ഈ മൂന്ന് തെക്കന്‍ നഗരങ്ങളും 38,644 യൂണിറ്റുകള്‍ വിറ്റു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26,284 യൂണിറ്റായിരുന്നു.
ഹൈദരാബാദ് ആണ് വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്, അവിടെ ഭവന വില്‍പ്പന 53% വര്‍ധിച്ച് 17,658 യൂണിറ്റിലെത്തി, തൊട്ടുപിന്നാലെ ബെംഗളൂരുവിലെ ഭവന വിൽപ്ന 18 ശതമാനം വര്‍ധിച്ച് 13,124 യൂണിറ്റിലെത്തി. ചെന്നൈയില്‍ വിൽപ്പനയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായി. വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ച് 7,862 യൂണിറ്റായി. സ്ഥിരതയുള്ള പലിശനിരക്കുകളും സിമന്റിലെ സമീപകാല ജിഎസ്ടി കുറവ് പോലുള്ള നയ പരിഷ്‌കാരങ്ങളും പോലുള്ള അനുകൂല സാഹചര്യങ്ങളാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.
ഈ നഗരങ്ങളിൽ മൊത്തത്തിലുള്ള വളര്‍ച്ച ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ മികച്ച എട്ട് പ്രാഥമിക ഭവന വിപണികള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ വില്‍പ്പനയില്‍ 1% നേരിയ ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളിലെ ഡിമാന്‍ഡ് കുറഞ്ഞതിനാലാണിത്. എന്നാല്‍ ഉത്സവ പാദത്തെക്കുറിച്ച് വിദഗ്ദ്ധര്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു. ഉപഭോക്തൃ ആവശ്യം സ്ഥിരമായിരിക്കുമെന്നും വിപണി വികാരം മെച്ചപ്പെടുമെന്നുമാണ് പ്രതീക്ഷ.
