യുകെയില്‍ ലോ കാര്‍ബണ്‍ സ്റ്റീല്‍ നിര്‍മാണം; പദ്ധതിയുമായി ടാറ്റാ സ്റ്റീല്‍
- 2027ഓടെ പദ്ധതി പ്രവര്‍ത്തനക്ഷമമാകും
- പദ്ധതിക്ക് 1.5 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നു
ടാറ്റാ സ്റ്റീല്‍, ജൂലൈ മുതല്‍ യുകെയിലെ പോര്‍ട്ട് ടാല്‍ബോട്ടില്‍ കുറഞ്ഞ കാര്‍ബണ്‍ ഇഎഎഫ് അധിഷ്ഠിത സ്റ്റീല്‍ നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കും. പദ്ധതി 2027 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പദ്ധതിക്ക് 1.5 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ളതായി കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
യുകെയിലെ കമ്പനിയുടെ അപ്സ്ട്രീം പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടി. യുകെയിലെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് ടാറ്റ സ്റ്റീല്‍ ഇന്ത്യ, നെതര്‍ലാന്‍ഡ്സ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സബ്സ്ട്രേറ്റ് ഉപയോഗിക്കുന്നു.
സ്ഥിര ചെലവുകള്‍ കുറയ്ക്കുന്നതിലൂടെ, ടാറ്റ സ്റ്റീല്‍ യുകെയിലെ വിപണി വെല്ലുവിളികളെ മികച്ച രീതിയില്‍ മറികടക്കാനുള്ള ശ്രമത്തിലാണ്. സുസ്ഥിരതയിലും മത്സരക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയുടെ വിശാലമായ ഘടനാപരമായ പരിവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ ചെലവ് ചുരുക്കല്‍ നടപടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിര ചെലവ് 762 മില്യണ്‍ പൗണ്ടില്‍ നിന്ന് 540 മില്യണ്‍ പൗണ്ടായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
'കമ്പനി കുറഞ്ഞ എമിഷന്‍ സ്റ്റീല്‍ നിര്‍മ്മാണത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണ്. പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ബ്ലാസ്റ്റ് ഫര്‍ണസുകള്‍ നിര്‍ത്തലാക്കുന്നത്, യുകെ സര്‍ക്കാരിന്റെ പിന്തുണയോടെ അടുത്ത തലമുറ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് (ഇഎഎഫ്) പദ്ധതിക്ക് വഴിയൊരുക്കി', ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കമ്പനി ബ്ലാസ്റ്റ് ഫര്‍ണസ് റൂട്ടില്‍ നിന്ന് ലോ-എമിഷന്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസ് പ്രക്രിയയിലേക്ക് മാറുകയാണ്, ഇത് പ്രാദേശികമായി ലഭ്യമായ സ്‌ക്രാപ്പ് ഉപയോഗപ്പെടുത്തും.
2027 ആകുമ്പോഴേക്കും, പ്രതിവര്‍ഷം 3.2 ദശലക്ഷം ടണ്‍ കുറഞ്ഞ എമിഷന്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇഎഎഫ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
