കളിപ്പാട്ട വ്യവസായം പിഎല്‍ഐ പദ്ധതി തേടുന്നു

  • നിര്‍മ്മാണ ചെലവ് വര്‍ധിക്കുന്നത് ഉല്‍പ്പാദകര്‍ക്ക് താങ്ങാനാവുന്നില്ല
  • 2028-ഓടെ രാജ്യത്തെ കളിപ്പാട്ട വ്യവസായം മൂന്നുബില്യണ്‍ ഡോളറിലെത്തും
  • കളിപ്പാട്ടങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയത് രാജ്യത്തെ ഉല്‍പ്പാദകര്‍ക്ക് ഗുണകരമായി

Update: 2023-07-11 07:17 GMT

വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മത്സരത്തെ മറികടക്കാനും ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാതാക്കളുടെ നഷ്ടം നികത്താനും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി പ്രധാനമാണെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. സ്‌കീമിന് 2020-ല്‍ അംഗീകാരം ലഭിച്ചു. നിലവില്‍ സ്റ്റീല്‍, ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, ഐടി ഹാര്‍ഡ് വെയര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ടെലികോം, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെ 14 മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് മേഖലകളെ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പിഎല്‍ഐ പദ്ധതി കളിപ്പാട്ടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് മുമ്പ് സര്‍ക്കാരില്‍ നിന്ന് നിരവധി പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്.  ഈ വര്‍ഷം ജൂണ്‍ 13 ന്, വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഇത് സംബന്ധിച്ച പ്രസ്താവന വീണ്ടും നടത്തിയെങ്കിലും പദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍, പുതിയ സൈക്കിളുകളുടെ ഘടകങ്ങള്‍ എന്നിവയില്‍ പിഎല്‍ഐ സ്‌കീം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമന ഘട്ടത്തിലാണെന്ന് സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചൈനയിലെ കളിപ്പാട്ട വ്യവസായവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ചെലവേറിവരുകയാണ്. അത് പരിഹരിക്കാന്‍ ഒരു പിഎല്‍ഐ അവതരിപ്പിക്കുക മാത്രമാണ് മാര്‍ഗം. 14-മത് കളിപ്പാട്ടഎക്‌സ്‌പോ ജൂലൈ 11ന് സമാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടോയ് അസോസിയേഷന്‍ പിഎല്‍ഐ സ്‌കീം ആവശ്യപ്പെട്ടിരിക്കുന്നത്.

'ചൈന പ്ലസ് വണ്‍ പോളിസി ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം ആറ് ബില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്യാന്‍ വിയറ്റ്‌നാമിന് കഴിഞ്ഞു. അടുത്ത ശക്തമായ വിപണിയായി ഇന്തോനേഷ്യ ഉയര്‍ന്നുവരുന്നു. വളര്‍ച്ചയുടെ വേഗതയുമായി പൊരുത്തപ്പെടാന്‍ ഇന്ത്യയ്ക്ക് ഒരു പിഎല്‍ഐ ആവശ്യമാണ്, ''ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ മനു ഗുപ്ത പറയുന്നു.

ഇന്‍വെസ്റ്റ് ഇന്ത്യ പറയുന്നതനുസരിച്ച്, ആഗോളതലത്തില്‍ അതിവേഗം വളരുന്നതാണ് ഇന്ത്യന്‍ കളിപ്പാട്ട വ്യവസായം. ഇത് 2028-ഓടെ 3 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, ആഭ്യന്തര കളിപ്പാട്ട നിര്‍മ്മാണത്തിന് ഉത്തേജനം നല്‍കുന്നതിനായി ഗവണ്‍മെന്റ് നിരവധി നയ നടപടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കളിപ്പാട്ടങ്ങളുടെയും അതിന്റെ ഘടകങ്ങളുടെയും ഇറക്കുമതി തീരുവ 20 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി 2020-ല്‍ ഉയര്‍ത്തി. പിന്നീട് അത് 70 ശതമാനമാക്കുകയും ചെയ്തു.ഇറക്കുമതി തടയുന്നതിനും പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളായിരുന്നു ഇത്.

തുടര്‍ന്ന്, സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ മാത്രമേ രാജ്യത്ത് പ്രവേശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍, കളിപ്പാട്ട ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുകയും ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങള്‍ക്ക് 2020 സെപ്റ്റംബര്‍ 1 മുതല്‍ ഗുണനിലവാര നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

2020-21, 2021-22 വര്‍ഷങ്ങളില്‍ ഇന്ത്യ അടുത്തിടെ കളിപ്പാട്ടങ്ങളുടെ മൊത്തം കയറ്റുമതിക്കാരായി മാറി, പതിറ്റാണ്ടുകളായി ഇറക്കുമതി ആധിപത്യം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞു, കയറ്റുമതി 61 ശതമാനം ഉയര്‍ന്നു.

Tags:    

Similar News