പത്ത് വര്‍ഷത്തില്‍ യാത്രാവിപണി 15ലക്ഷം കോടി ഡോളര്‍ കവിയും

  • ലോകത്തെ ഏറ്റവും ശക്തമായ ആദ്യപത്ത് യാത്രാ, ടൂറിസം സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയും
  • യാത്രകളുടെ വ്യവസായം ആഗോള സമ്പദ് വ്യവസ്ഥയുടെ 11.6ശതമാനമായി വളരും
  • ലോകം കോവിഡിനുമുമ്പുള്ള കാലത്തേക്ക് മടങ്ങി വരുന്നു

Update: 2023-08-22 10:01 GMT

ആഗോളതലത്തില്‍ വന്‍ കുതിപ്പിനൊരുങ്ങുകയാണ് യാത്ര, ടൂറിസം വ്യവസായം. 2033 ഓടെ, യാത്രകള്‍ 15.5 ലക്ഷംകോടി ഡോളറിന്റെ വ്യവസായമായി മാറുമെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. ഇത് ആഗോള സമ്പദ്  വ്യവസ്ഥയുടെ 11.6 ശതമാനത്തിലധികം വരുമെന്നത് നിസാര കാര്യമല്ല.

2019ല്‍ വിനോദസഞ്ചാരത്തിന്റെ മൂല്യം പത്ത് ലക്ഷംകോടി ഡോളറായിരുന്നു.  2033ലേക്ക് 50ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ വേനല്‍ക്കാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിമാനത്താവളങ്ങളില്‍ നിറയുന്ന സഞ്ചാരികളുടെ തിരക്ക് ടൂറിസത്തിന്റെ ഭാവി എന്താണെന്നുള്ളതിന്റെ സൂചനയാണെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (ഡബ്ലിയുടിടിസി) പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നു.

ജിഡിപി സംഭാവനയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ നേട്ടമുണ്ടാക്കിയ ഏറ്റവും  യാത്രാ, ടൂറിസം സമ്പദ്  വ്യവസ്ഥകളുടെ പട്ടികയും കൗണ്‍സില്‍ പുറത്തുവിട്ടിട്ടുണ്ട്.  ആദ്യപത്തു സ്ഥാനങ്ങളില്‍ ഇന്ത്യ ഇടംപിടിച്ചു എന്നത് അഭിമാനാര്‍ഹമായ കാര്യമാണ്. യാത്രകളിലൂടെ ഏറ്റവുമധികം നേട്ടം കൊയ്തത് യുഎസ്, ചൈന, ജര്‍മ്മനി, യുകെ, ജപ്പാന്‍ എന്നീ സമ്പദ് വ്യവസ്ഥകളാണ്. 2019ന് മുമ്പും ഇതേ നില തന്നെയായിരുന്നു.  പുതിയ പട്ടികയില്‍ ജപ്പാന്‍ യുകെയെ മറികടന്നു എന്ന വ്യത്യാസമേയുള്ളു. ഇന്ത്യയ്ക്കു പുറമേ ഫ്രാന്‍സ്, മെക്സിക്കോ, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

തൊഴില്‍ വിപണിയിലെ യാത്രകള്‍, ടൂറിസം എന്നിവയെക്കുറിച്ചുള്ള കണക്കുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. മൊത്തത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍  ഈ വ്യവസായം 2033ഓടെ 430 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 2019 ല്‍ ഇത് 334 ദശലക്ഷമായിരുന്നു. ആഗോളതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒന്‍പത് തൊഴിലുകളിലൊന്ന്  യാത്രകളില്‍ നിന്നുള്ളതായിരിക്കും എന്നത് മേഖലയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു.

യാത്രകള്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ ഒരു വലിയ ഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നു മാത്രമല്ല, അത് സമ്പദ് വ്യവസ്ഥയെക്കാള്‍ വളരെ വേഗത്തില്‍ വളരുകുകയും ചെയ്യുന്നു.  ആഗോള ജിഡിപി പ്രതിവര്‍ഷം 2.6% വാര്‍ഷിക വളർച്ച നേടുമ്പോള്‍  യാത്രയും ടൂറിസവും 5.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നു വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജൂലിയ സിംപ്സണ്‍ പറയുന്നു.

ഡബ്ല്യുടിടിസിയില്‍ നിന്നുള്ള മറ്റൊരു പ്രവചനം ഈ രംഗത്ത് വലിയ മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. അടുത്ത പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവുംവലിയ യാത്രാവിപണി എന്ന ബഹുമതി യുഎസിന് നഷ്ടമാകും. ചൈന ആ സ്ഥാനത്തേക്ക് എത്തും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രണ്ട് ലക്ഷം കോടി ഡോളറാണ് യുഎസ് യാത്രാവിപണിയുടെ മൂല്യം.

2033ല്‍, ചൈനയുടെ യാത്രാ മേഖല ജിഡിപിയിലേക്ക് നാല് ലക്ഷം കോടി ഡോളര്‍ സംഭാവന ചെയ്യുമെന്നും ഇത് അവരുടെ സമ്പദ്വ്യവസ്ഥയുടെ 14.1% വരുമെന്നും ഡബ്ല്യുടിടിസി കണക്കാക്കുന്നു. അതേസമയം യുഎസിലെ യാത്രാവിപണി മൂന്ന് ലക്ഷം കോടി ഡോളറിലാകും എത്തുകയെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ഇത് യുഎസ് സമ്പദ്വ്യവസ്ഥയുടെ 10.1% ആയിരിക്കും.

പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള, ചൈനീസ് യാത്രക്കാര്‍ ആഗോളതലത്തിലുള്ള യാത്രാച്ചെലവിന്റെ 14.3ശതമാനം പ്രതിനിധീകരിച്ചു. എന്നാല്‍ പകര്‍ച്ചവ്യാധി ഇതെല്ലാം തകിടം മറിച്ചു. ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ ക്രമേണ മുഖ്യധാരയിലേക്ക് മടങ്ങിവന്നപ്പോള്‍ ടൂറിസത്തിനും യാത്രകള്‍ക്കും വീണ്ടും ജീവന്‍വച്ചു. ലാറ്റിനമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളാണ് തിരിച്ചുവരവിന് ലോകത്തെ സഹായിച്ചത്. ഈ വര്‍ഷം അവസാനത്തോടെ   ടൂറിസം  വ്യവസായം  2019 ലെ പകര്‍ച്ചവ്യാധിക്കുമുമ്പുള്ള അവസ്ഥയിലേക്ക്   ഏതാണ്ട് എത്തിച്ചേരുമെന്ന് ഡബ്ല്യുടിടിസി പ്രതീക്ഷിക്കുന്നു.

2024-ഓടെ ചൈനീസ് സഞ്ചാരികള്‍ പൂര്‍ണ്ണ ശക്തിയില്‍ തിരിച്ചെത്തിയാല്‍, അത് ആഗോള വിനോദസഞ്ചാരത്തിന്റെ മറ്റൊരു സുപ്രധാന വളര്‍ച്ചയ്ക്ക് തുടക്കമിടും. ആഗോളതലത്തില്‍ യാത്രാച്ചെലവിന്റെ ചൈനീസ് വിഹിതം 2033 ഓടെ 22.3% ആകുമെന്ന് പ്രവചിക്കപ്പെടുന്നു.

മൊത്തത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, ആളുകള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ യാത്രയ്ക്കായുള്ള അവരുടെ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതായും സിംപ്‌സണ്‍ പറയുന്നു.

 2023 ന്റെ ആദ്യ പകുതിയില്‍ ടൂറിസം മേഖലയിലെ വില്‍പ്പനയില്‍ 2019 ലെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ 69 ശതമാനം വര്‍ധനവ് ഉണ്ടായതായി  ആഡംബര യാത്രാ ഉപദേഷ്ടാക്കളുടെ ശൃംഖലയായ വിര്‍ച്യുസോ റിപ്പോര്‍ട്ടു ചെയ്തു. 2024 ലും 2025 ന്റെ തുടക്കത്തിലും മേഖലയില്‍ 107ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

അന്റാര്‍ട്ടിക്കയിലേക്കും ഗാലപാഗോസിലേക്കും (പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകള്‍) ഗവേഷകരുമായി നടത്തിയ ശാസ്ത്രീയ പര്യവേഷണങ്ങള്‍ ഉള്‍പ്പെടെ പ്രകൃതി അധിഷ്ഠിത യാത്രകളിലെ കുതിച്ചുചാട്ടത്തിലേക്കാണ് വിര്‍ച്യുസോയുടെ ഡാറ്റ വിരല്‍ ചൂണ്ടുന്നത്. സഞ്ചാരികള്‍ കൂടുതല്‍ സാഹസികത കാണിക്കുന്നതായും വ്യത്യസ്ത സ്ഥലങ്ങള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നതായും സിംപ്‌സണ്‍ പറയുന്നു. ബള്‍ഗേറിയ, സ്ലോവേനിയ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

ഈ ഷിഫ്റ്റുകളും ബ്യൂറോക്രാറ്റിക് തടസങ്ങളും യുഎസ് വ്യവസായത്തെ അതിന്റെ എതിരാളികളേക്കാള്‍ പിന്നിലാക്കുന്നു. യാത്ര, ടൂറിസം മേഖലയില്‍ തൊഴിലവസരം ഉയരുമെന്ന് ഡബ്ല്യുടിടിസി റിപ്പോര്‍ട്ട് പറയുന്നു.2033-ഓടെ രാജ്യത്ത് 21 ദശലക്ഷം ആളുകള്‍ക്ക് ഈ രംഗത്ത് ജോലി നേടാനാകും. 2019-ല്‍ ഇത് 17.5 ദശലക്ഷം മാത്രമായിരുന്നു.

Tags:    

Similar News