ലോകകപ്പ് ക്രിക്കറ്റ്, ജി20 ഉച്ചകോടി; ശ്രദ്ധയാകര്‍ഷിച്ച് ഹോട്ടലുകളുടെ ഓഹരികള്‍

  • ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഒക്ടോബറിലാണ്
  • കൊറോണ വിതച്ച മാന്ദ്യത്തിനു ശേഷം ടൂറിസം മേഖലയുടെ ശക്തമായ തിരിച്ചുവരവിന് രണ്ട് പരിപാടികളും കാരണമാകും

Update: 2023-07-28 10:38 GMT

ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ട് വലിയ പരിപാടികളാണ് ലോകകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റും, ജി20 ഉച്ചകോടിയും.

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ഒക്ടോബറിലാണ്.

ജി20 ഉച്ചകോടി നടക്കുന്നത് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ സെപ്റ്റംബര്‍ 9,10 തീയതികളിലുമാണ്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്‌സിഎല്‍) ജൂണ്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. മികച്ച പാദ ഫലമായിരുന്നു ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഎച്ച്‌സിഎല്ലിന്റേത്.

മുന്‍വര്‍ഷം ജൂണ്‍ പാദത്തിലെ 170 കോടി രൂപയെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ അറ്റാദായം 31 ശതമാനം വര്‍ധിച്ച് 222 കോടി രൂപയായിരുന്നു.

വരാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റും, ജി20 ഉച്ചകോടിയും, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിലൂടെ ടൂറിസം രംഗം വീണ്ടെടുപ്പ് നടത്തിയതും ഹോട്ടല്‍ ബുക്കിംഗില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ചേക്കുമെന്നാണു ഐഎച്ച്‌സിഎല്‍ പറയുന്നത്.

കൊറോണ വിതച്ച മാന്ദ്യത്തിനു ശേഷം ടൂറിസം മേഖലയുടെ ശക്തമായ തിരിച്ചുവരവിന് ഈ രണ്ട് പരിപാടികളും കാരണമാകുമെന്നു നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു.

ലോകകപ്പിന് വേദിയാകുന്നത് ഇന്ത്യയിലെ 10 മുഖ്യവേദികളാണ്.

അഹമ്മദാബാദ്, ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ധരംശാല, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ലഖ്‌നൗ, പുനെ എന്നിവിടങ്ങളിലായി 46 ദിവസം 45 മത്സരങ്ങളും മൂന്ന് നോക്കൗട്ട് മത്സരങ്ങളും ലോകകപ്പില്‍ അരങ്ങേറും.

അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരവും ഫൈനല്‍ മത്സരവും അരങ്ങേറുക.

അഹമ്മദാബാദില്‍ ഹോട്ടലുകളില്‍ മുറികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്ക് ചെയ്തതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒക്ടോബറിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതെങ്കിലും പല ഹോട്ടലുകളിലും മുറി വാടകകള്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ കുതിച്ചുയരുകയും ചെയ്തു.

പല രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അഹമ്മദാബാദില്‍ മത്സരം കാണാനെത്തുമെന്നത് ഉറപ്പ്. അഹമ്മദാബാദില്‍ ആഡംബര ഹോട്ടലുകളിലെ മുറി വാടക ശരാശരി 5,000-8,000 രൂപ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മത്സരദിവസങ്ങളില്‍ 40,000 രൂപയും, ഒരു ലക്ഷം രൂപ വരെയും ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്.

Tags:    

Similar News