കെഫിന്‍ ടെക്നോളജീസ് ഐപിഒ ഡിസംബര്‍ 19 ന്, വില 347/366

Update: 2022-12-15 05:24 GMT


പ്രമുഖ ധനകാര്യ സേവന പ്ലാറ്റ് ഫോമായ കെഫിന്‍ ടെക്നോളജീസിന്റെ പ്രാരംഭ ഓഹരി വില്പന ഡിസംബര്‍ 19ന് ആരംഭിക്കും. ഓഹരി ഒന്നിന് 347 രൂപ മുതല്‍ 366 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നേരത്തെ 2400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ലക്ഷ്യം ലഘൂകരിക്കുകയായിരുന്നു.

ഡിസംബര്‍ 19 ന് ആരംഭിക്കുന്ന ഐപിഒ ഡിസംബര്‍ 21 ന് അവസാനിക്കും. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് തുക സമാഹരികുക. ഇതിനായി കമ്പനിയുടെ നിലവിലുള്ള പ്രൊമോട്ടര്‍ ഗ്രൂപ്പായ ജനറല്‍ അറ്റ്‌ലാനിക്ക് സിംഗപ്പൂര്‍ ഫണ്ട് ലിമിറ്റഡാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്.

നിലവില്‍ കമ്പനിയുടെ 74.37 ശതമാനം ഓഹരികളാണ് പ്രൊമോട്ടറും, പ്രൊമോട്ടര്‍ ഗ്രൂപ്പും ചേര്‍ന്ന് കൈവശം വച്ചിരിക്കുന്നത്. സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക് കൈകാര്യം ചെയുന്ന ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ളതാണ് കെഫിന്‍ ടെക്‌നോളജീസ്. കൊട്ടക് മഹിന്ദ്ര ബാങ്ക് കമ്പനിയുടെ 9.98 ശതമാനം ഓഹരികളും കൈവശം വച്ചിട്ടുണ്ട്. 2021 ലാണ് ബാങ്ക് കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കിയത്.

ഐപിഒയില്‍ 75 ശതമാനം ഓഹരികള്‍ ഇന്‌സ്ടിട്യൂഷണല്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം ഓഹരികള്‍ ഇതര നിക്ഷേപകര്‍ക്കും, ശേഷിക്കുന്ന 10 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും മാറ്റി വക്കും.

നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 40 ഓഹരികള്‍ മുതല്‍ വാങ്ങാന്‍ കഴിയും. മ്യൂച്വല്‍ ഫണ്ടുകള്‍, ഇതര നിക്ഷേപ ഫണ്ടുകള്‍ (അകഎ), വെല്‍ത്ത് മാനേജര്‍മാര്‍, പെന്‍ഷന്‍ ഫണ്ടുകള്‍, കോര്‍പ്പറേറ്റ് ഇഷ്യൂവര്‍മാര്‍ തുടങ്ങിയ അസറ്റ് മാനേജര്‍മാര്‍ക്കും സേവനം നല്‍കുന്ന ഒരു ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമാണ് കെഫിന്‍ ടെക്ക്. ഇവര്‍ക്ക് തെക്കുകിഴക്കന്‍ ഏഷ്യയിലും ഹോങ്കോങ്ങിലും ആഗോള ഇടപാടുകാരുണ്ട്.

രാജ്യത്തെ 41 അസ്സെറ്റ് മാനേജ്മെന്റ് കമ്പനികളില്‍ 24 കമ്പനികള്‍ക്കും ഫിന്‍ടെക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇത് വിപണി വിഹിതത്തിന്റെ 59 ശതമാനം വരും. ഐസിഐസിഐ സെക്യുരിറ്റീസ്, കൊട്ടക് മഹിന്ദ്ര കാപിറ്റല്‍, ജെപി മോര്‍ഗന്‍ ഇന്ത്യ, ഐഐഎഫ്എല്‍ സെക്യുരിറ്റീസ്, ജെഫെരീസ് ഇന്ത്യ എന്നിവരാണ് ബുക്ക് റണ്ണിങ് മാനേജര്‍മാര്‍. കമ്പനിയുടെ ഓഹരികള്‍ ഡിസംബര്‍ 29 ന് വിപണിയില്‍ ലിസ്റ്റ് ചെയ്യും.

Tags:    

Similar News