ഫെഡറൽ ബാങ്ക് ഓഹരികൾ കൂടുതൽ മുന്നേറുമോ? മറ്റ് കേരള ഓഹരികളുടെ പ്രകടനം എങ്ങനെ?

ഏതൊക്കെ കേരള ഓഹരികൾ കൂടുതൽ മുന്നേറും? സാങ്കേതിക വിശകലനം

Update: 2025-11-07 09:18 GMT

നിലവിൽ 227.17 എന്ന നിലയിൽ വ്യാപാരം ചെയ്യുന്ന ഫെഡറൽ ബാങ്ക് ഓഹരി, 205–220 രൂപ എന്ന ദീർഘകാല കൺസോളിഡേഷൻ സോണിൽ നിന്നുള്ള ശക്തമായ ബ്രേക്ക്ഔട്ടിന് ശേഷം ആരോഗ്യകരമായ മുന്നേറ്റത്തിലാണ്. നിലവിൽ ബ്രേക്ക്ഔട്ടിന് ശേഷമുള്ള റാലിയിലാണ് ഓഹരി. ബ്രേക്ക്ഔട്ടിന് ശേഷം 239 രൂപയിലേക്ക് കുത്തനെ ഉയർന്നു. നിലവിൽ ഓഹരി 224 രൂപ226 രൂപ എന്ന മുൻ ബ്രേക്ക്ഔട്ട് സോണിന് അടുത്ത് നേരിയ ലാഭമെടുപ്പിനും കൺസോളിഡേഷനും സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ ലെവൽ ഇപ്പോൾ ഓഹരിയുടെ ശക്തമായ ഹ്രസ്വകാല പിന്തുണയായി പ്രവർത്തിക്കുന്നു. വില, അപ്പർ ബൊളിഞ്ചർ ബാൻഡിൽ നിന്ന് മിഡ്‌ലൈനിലേക്ക് താഴുന്നത്, ഓഹരി ഓവർബോട്ട് നിലയിൽ നിന്ന് തിരിച്ചുവരുന്നതിൻ്റെ സൂചന നൽകുന്നു. അതേസമയം ഓഹരി 224 രൂപക്ക് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം മൊത്തത്തിലുള്ള ട്രെൻഡ് ബുൾളിഷ് ആയി തുടരും.




 മുത്തൂറ്റ് ഫിനാൻസിന്റെ കരുത്ത്

നോൺ-ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളിൽ, മുത്തൂറ്റ് ഫിനാൻസിന്റെ പ്രകടനം മേഖലയിലെ ശക്തമായ ഡിമാൻഡ് അടിവരയിടുന്നു. രണ്ടാം പാദത്തിൽ കമ്പനി 9.24 ശതമാനം അറ്റാദായ വളർച്ച രേഖപ്പെടുത്തി. മൊത്ത വരുമാനം 10.40 ശതമാനം വർധിച്ച് 4,905.73 കോടി രൂപ കടന്നു. സ്വർണ്ണ പണയ വിപണിയിലെ സ്ഥാനം, കാര്യക്ഷമമായ വായ്പാ വിതരണം, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവയിലൂടെയാണ് മുത്തൂറ്റ് ഫിനാൻസ് ഈ വളർച്ച നിലനിർത്തുന്നത്. മണപ്പുറം ഫിനാൻസ്, സിഎസ്ബി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫലങ്ങളും ഈ മേഖലയ്ക്ക് പൊതുവെ അനുകൂലമാണ്.

വിഗാർഡ് ലാഭ സമ്മർദ്ദം തുടരുന്നു

കൺസ്യൂമർ ഇലക്ട്രിക്കൽസ് & അപ്ലയൻസസ് മേഖലയിലെ പ്രമുഖരായ വി ഗാർഡ് ഇൻഡസ്ട്രീസിൻ്റെ വരുമാനത്തിൽ 3.6 ശതമാനം വർധനവുണ്ട്.എന്നാൽ ലാഭ സമ്മർദ്ദം നേരിടുന്നുണ്ട്. പ്രവർത്തനക്ഷമതയിലെ വെല്ലുവിളികൾ കാരണം നികുതിക്ക് മുമ്പുള്ള വരുമാന മാർജിൻ 8.5% ൽ നിന്ന് 8.2% ലേക്ക് കുറഞ്ഞു. ഉത്പാദന, വിതരണ ചെലവുകൾ വർധിന്നത് കമ്പനിയുടെ അറ്റാദായത്തെ ബാധിക്കുന്നു.

20.7 കോടി രൂപയുടെ നികുതി ഡിമാൻഡ് ഒഴിവാക്കിയതിലൂടെ കമ്പനി കോർപ്പറേറ്റ് ബാധ്യതകളിൽ നിന്ന് മുക്തമായി എന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ  രണ്ടാം പാദഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്രതിരോധ, കപ്പൽ നിർമ്മാണ മേഖലകളിൽ ലഭിക്കുന്ന വലിയ ഓർഡറുകൾ കാരണം കമ്പനിയുടെ ഫലങ്ങൾക്കായി വിപണി ആകാംഷയോടെ കാത്തിരിക്കുകയാണ്.കിറ്റെക്സ് ഗാർമെന്റ്സ് പോലുള്ള മറ്റ് കമ്പനികളുടെ പ്രധാന പ്രഖ്യാപനങ്ങളൊന്നും കഴിഞ്ഞയാഴ്ച ഉണ്ടായിട്ടില്ല.

ചുരുക്കത്തിൽ, വിപണിയിലെ നെഗറ്റീവ് ട്രെൻഡിനെ പ്രതിരോധിക്കാൻ കേരളത്തിലെ ബാങ്കിംഗ്, എൻബിഎഫ്സി ഓഹരികൾക്ക് സാധിക്കുന്നുണ്ട്.എന്നാൽ വിഗാർഡ് പോലുള്ള കമ്പനികൾക്ക് ലാഭം വർധിപ്പിക്കേണ്ടതുണ്ട്. നിക്ഷേപകർ പാദ ഫലങ്ങളെ അടിസ്ഥാനമാക്കി, സ്ഥിരതയും ആസ്തി ഗുണമേന്മയുമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതം.

Tags:    

Similar News