പലിശ നിരക്കുകള്‍ വീണ്ടും ഉയരുന്നു, ആശയക്കുഴപ്പത്തില്‍ വിപണി
കൊച്ചി: മിക്കവാറും എല്ലാ സെൻട്രൽ ബാങ്കുകളും കഴിഞ്ഞ ആഴ്ചയിൽ പലിശനിരക്ക് വർധിപ്പിച്ചതിനു പിന്നാലെയാണ് യുഎസ് ഫെഡറൽ റിസേർവ് വീണ്ടും 75 ബേസിസ് പോയിന്റ് നിരക്ക് കൂട്ടിയത്. ഇത് മാന്ദ്യത്തിലേക്കുള്ള ഒരു പോക്കാണോ എന്ന ഭീതിയിലാണ് ലോക വിപണി. കമ്പനി ഫലങ്ങളല്ലാതെ ബുള്ളുകൾക്ക് ഊർജം പകരാനുള്ള ഒരു വാർത്തയും ഉണ്ടാവുന്നില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 18,000-ത്തിനു മുകളിൽ നിഫ്റ്റി കയറിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി അവിടെത്തന്നെ ചാഞ്ചാടി നിൽക്കുകയാണ്. ഇന്നലെ സെന്‍സെക്‌സ 69.68 പോയിന്റ് താഴ്ന്ന് 60,836.41 ലും, നിഫ്റ്റി […]
കൊച്ചി: മിക്കവാറും എല്ലാ സെൻട്രൽ ബാങ്കുകളും കഴിഞ്ഞ ആഴ്ചയിൽ പലിശനിരക്ക് വർധിപ്പിച്ചതിനു പിന്നാലെയാണ് യുഎസ് ഫെഡറൽ റിസേർവ് വീണ്ടും 75 ബേസിസ് പോയിന്റ് നിരക്ക് കൂട്ടിയത്. ഇത് മാന്ദ്യത്തിലേക്കുള്ള ഒരു പോക്കാണോ എന്ന ഭീതിയിലാണ് ലോക വിപണി. കമ്പനി ഫലങ്ങളല്ലാതെ ബുള്ളുകൾക്ക് ഊർജം പകരാനുള്ള ഒരു വാർത്തയും ഉണ്ടാവുന്നില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 18,000-ത്തിനു മുകളിൽ നിഫ്റ്റി കയറിയെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി അവിടെത്തന്നെ ചാഞ്ചാടി നിൽക്കുകയാണ്.
ഇന്നലെ സെന്‍സെക്‌സ 69.68 പോയിന്റ് താഴ്ന്ന് 60,836.41 ലും, നിഫ്റ്റി 30.15 പോയിന്റ് ഇടിഞ്ഞ് 18,052.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ ഒമ്പത് മാസത്തേക്ക് 2-6 ബാൻഡിനുള്ളിൽ പണപ്പെരുപ്പം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ആർബിഐ ഇന്നലെ യോഗം ചേർന്നിരുന്നു. പലരും പ്രതീക്ഷിച്ച പോലെ നിരക്ക് വർദ്ധനവ് മീറ്റിങ്ങിൽ വിഷയമായില്ല.
“പണപ്പെരുപ്പം മെരുക്കാനും ലക്ഷ്യമായ 4% ലെവലിലേക്ക് തിരികെ കൊണ്ടുവരാനുമുള്ള ആർബിഐയുടെ ശ്രമങ്ങളിൽ കേന്ദ്ര സർക്കാരിന് ആശ്വാസം നൽകുന്നതായിരുന്നു സെൻട്രൽ ബാങ്കിന്റെ ഇന്നലത്തെ യോഗം. കഴിഞ്ഞ 3 പാദങ്ങളിൽ പണപ്പെരുപ്പം 6% എന്ന ഉയർന്ന സഹന പരിധി തുടർച്ചയായി ലംഘിച്ചു. ആർബിഐ ഈ സാമ്പത്തിക വർഷം ഇതിനകം 4 തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് ഇപ്പോൾ അത് 5.9% ആയിട്ടുണ്ട്. സാമ്പത്തിക കർക്കശമാക്കൽ കുറച്ച് നേരത്തെ തുടങ്ങാമായിരുന്നുവെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും, കൊവിഡ് പ്രേരിതമായ ലോക്ക്ഡൗണുകളിൽ നിന്നും ബിസിനസ്സ് തടസ്സങ്ങളിൽ നിന്നും ഇന്ത്യ ഉയർന്നുവരുന്നതിനാൽ വളർച്ച മന്ദഗതിയിലാകാതിരിക്കാൻ ആർബിഐ തികച്ചും സന്തുലിതമായ സമീപനമാണ് സ്വീകരിച്ചത്", ഇന്റർഫേസ് വെഞ്ചേഴ്‌സ് സ്ഥാപകൻ കരൺ ദേശായി പറയുന്നു.
എങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വാങ്ങലുകാരായി തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നലെ അവർ 677.62 കോടി രൂപയ്ക്കു അധികം വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ പതിവ് പോലെ ഇന്നലെയും -732.11 കോടി രൂപയുടെ അധിക വില്പന നടത്തി.
2022 അവസാനിക്കുന്നതിന് മുമ്പ് യുകെയുടെ പണപ്പെരുപ്പം 10.9 ശതമാനമായി ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പറഞ്ഞു, സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാണ്, അത് 2024 പകുതി വരെ നീണ്ടുനിൽക്കും എന്ന് പറഞ്ഞ ബാങ്ക് പലിശ നിരക്ക് ഇന്ന് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചു.
ലോക വിപണി
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 7.35-നു -36.00 പോയിന്റ് താഴ്ന്നു വ്യാപാരം നടക്കുന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്.
മറ്റു ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (103.27), ജക്കാർത്ത കോമ്പസിറ്റ് (18.88) എന്നിവ പച്ചയിലാണ്; എന്നാൽ, ഷാങ്ഹായ് (-5.56), ടോക്കിയോ നിക്കെ (-5.56), കോസ്‌പി (-2.47), തായ്‌വാൻ (-89.92) എന്നിവ കാലിടറി നിൽക്കുന്നു.
വ്യാഴാഴ്ച അമേരിക്കന്‍ വിപണികള്‍ തുടർച്ചയായ നാലാം ദിവസവും താഴ്ചയിലേക്ക് നീങ്ങി. നസ്‌ഡേക് കോമ്പസിറ്റും (-181.86) എസ് ആൻഡ് പി 500 (-39.80) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (-146.51) ഇടിഞ്ഞു.
യൂറോപ്പിൽ ലണ്ടൻ ഫുട്‍സീ 100 (+44.49) നേരിയ നേട്ടം കൈവരിച്ചപ്പോൾ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-126.55) പാരീസ് യുറോനെക്സ്റ്റും (-33.60) ഇടിഞ്ഞു.
കമ്പനി ഫലങ്ങൾ
സെപ്തംബർ പാദത്തിൽ ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 13 ശതമാനം ഉയർന്ന് 1,225 കോടി രൂപയായി.
എച്ച്ഡിഎഫ്‌സിയുടെ 2022 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 24 ശതമാനം വര്‍ധിച്ച് 7,043 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 5,670 കോടി രൂപയായിരുന്നു അറ്റാദായം.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി വില്‍മറിന്റെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 73.25 ശതമാനം ഇടിഞ്ഞ് 48.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 182.33 കോടി രൂപയായിരുന്നു.
രണ്ടാം പാദത്തിൽ യൂക്കോ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 145 ശതമാനം വര്‍ധിച്ച് 504.52 കോടി രൂപയായി.
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനു തുടര്‍ച്ചയായി രണ്ടാം പാദത്തിലും 2,475.69 കോടി രൂപ അറ്റനഷ്ടം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) അറ്റാദായം 55 ശതമാനത്തിലധികം ഇടിഞ്ഞ് 492 കോടി രൂപയായി.
604 കോടി രൂപ ചെലവിൽ വിവിധ പ്രത്യേക രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനായി നാല് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള ഒരു പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള നിക്ഷേപം നടത്തുമെന്ന് എസ് ആർ എഫ് അറിയിച്ചു.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,670 രൂപ.
യുഎസ് ഡോളർ = 82.68 രൂപ.
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 94.77 ഡോളർ
ബിറ്റ് കോയിൻ = 17,49,950 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.16 ശതമാനം ഇടിഞ്ഞ് 112.67 ആയി.
ഇന്നത്തെ ഫലങ്ങൾ
ഇന്ന് ബ്രിട്ടാനിയ, സിപ്ല, കൊച്ചിൻ മലബാർ എസ്റ്റേറ്റ്, സിറ്റി യൂണിയൻ ബാങ്ക്, എസ്കോർട്ട്സ്, ഗോദ്‌റെജ് അഗ്രോവെറ്റ്, മാരിക്കോ, പുറവങ്കര, ടൈറ്റൻ കമ്പനി, ടിവിഎസ് എന്നീ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
ഐപിഓ
ഫ്യൂഷൻ മൈക്രോ ഫിനാൻസ്ന്റെ 1,106 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫർ സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗം ഇന്നലെ വൈകുന്നേരം 5 മണി വരെ 61 ശതമാനവും റീട്ടെയിൽ വ്യക്തിഗത നിക്ഷേപകരുടെ ഭാഗം 31 ശതമാനവും സബ്‌സ്‌ക്രൈബുചെയ്‌തു. ഇന്ന് അവസാനിക്കുന്ന ഈ ഐ പി ഓ യുടെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 350-368 രൂപയാണ്.
ഗ്ലോബൽ ഹെൽത്തിന്റെ 2,206 കോടി രൂപ മൂല്യമുള്ള ഐപിഒ-ക്കു ആദ്യ ദിവസം 26 ശതമാനം വരിക്കാരായി. നവംബർ 7 തിങ്കളാഴ്ച വരെ ഐപിഒ ലഭ്യമാണ്.
ബിക്കാജി ഫുഡ്‌സ്ന്റെ 881 കോടി രൂപയുടെ ഐപിഒ ഇന്നലെ ആദ്യ ദിവസം 67 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ നേടി. നവംബർ ഏഴ് വരെ രണ്ട് വ്യാപാര ദിനങ്ങൾ കൂടി ലേലം തുടരും.
ബ്രോക്കറേജ് വീക്ഷണം
രണ്ടാം പാദത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ വോൾട്ടാസ് ഓഹരികൾ കുറക്കാം എന്നാണ് പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നത്. എന്നാൽ വെൾപൂൾ ഇന്ത്യയും സൺ ഫാർമയും ധനുക അഗ്രിടെക്കും വാങ്ങാം എന്നാണ് അവരുടെ അഭിപ്രായം.
ലാർസൺ ആൻഡ് ടൂബ്രോ, ഭാരത് ഇലക്ട്രോണിക്സ്, മാരുതി എന്നിവ വാങ്ങാമെന്നു എൽ കെ പി സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നുണ്ട്.
ഇടക്കാലത്തേക്കു വെല്ലുവിളകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏഷ്യൻ പെയിന്റ്‌സ് വാങ്ങാം എന്നാണ് ജിയോജിത് പറയുന്നത്. അതുപോലെ രണ്ടാം പാദ ഫലങ്ങളിൽ തിരിച്ചടി നേരിട്ടെങ്കിലും വി ഗാർഡ് വാങ്ങാം എന്നും ജിയോജിത് പറയുന്നു.
