ഇന്ററസ്റ്റ് റേറ്റ് ഫ്യൂച്ചേഴ്‌സ്

ഇതൊരു ഫിനാൻഷ്യൽ ഡെറിവേറ്റീവ് ആണ്. ഇതിന്റെ മൂല്യം മറ്റൊരു അടിസ്ഥാന വസ്തുവില്‍ (Underlying asset) അധിഷ്ഠിതമാണ്.

Update: 2022-01-08 04:44 GMT
story

  പലിശയുമായി ബന്ധമുള്ള ഒരു ധന ഉല്‍പ്പന്നം (ട്രഷറി ബില്ലുകള്‍, ഗവണ്‍മെന്റ്ബോണ്ടുകള്‍ എന്നിവ) ഭാവിയിലെ ഒരു ദിവസം ഇന്നു...

 

പലിശയുമായി ബന്ധമുള്ള ഒരു ധന ഉല്‍പ്പന്നം (ട്രഷറി ബില്ലുകള്‍, ഗവണ്‍മെന്റ്
ബോണ്ടുകള്‍ എന്നിവ) ഭാവിയിലെ ഒരു ദിവസം ഇന്നു തീരുമാനിക്കുന്ന വിലയില്‍
വില്‍ക്കാനോ അല്ലെങ്കില്‍ വാങ്ങാനോ നിശ്ചയിക്കുന്ന ഉടമ്പടി (Agreement) യാണ്
ഇന്ററസ്റ്റ് റേറ്റ് ഫ്യൂച്ചേഴ്‌സ് (Interest Rate Futures-IRF) . ഇതൊരു ഫിനാൻഷ്യൽ ഡെറിവേറ്റീവ് ആണ്. ഇതിന്റെ മൂല്യം മറ്റൊരു അടിസ്ഥാന വസ്തുവില്‍ (Underlying asset) അധിഷ്ഠിതമാണ്.

അവ ട്രഷറി ബില്ലുകള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍ എന്നിവയാകാം. ഐ ആര്‍ എഫ്
വിപണിയില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ കാലാവധിയെത്തുമ്പോള്‍ അടിസ്ഥാനവസ്തു സ്വീകരിക്കാനും സാധിക്കും. ഉദാഹരണമായി, 30 ദിവസത്തേക്കുള്ള ഐ ആര്‍ എഫ് ആണെങ്കില്‍, ഇതിനിടയില്‍ അതിന്റെ വില ഉയര്‍ന്നാല്‍ വിപണിയില്‍ വിറ്റ് പണമാക്കാം. അല്ലെങ്കില്‍ 31-ാം ദിവസം ട്രഷറി ബില്‍ അല്ലെങ്കില്‍ ഗവണ്‍മെന്റ് കടപ്പത്രം, ഏതാണോ അടിസ്ഥാന വസ്തു അത്, കൈയില്‍ ലഭിക്കും.

ഇത് എങ്ങനെയാണ് വിപണിയില്‍ ഇടപെടുന്നത് എന്നു നോക്കാം. പ്രധാനമായി,
പലിശനിരക്കിലെ വ്യതിയാനത്തെ ഭയപ്പെടുന്നവരാണ് ഒരു ഹെഡ്ജ് (പ്രതിരോധം) ആയി ഐ ആര്‍ എഫ് വാങ്ങി സൂക്ഷിക്കുന്നത്. പ്രത്യേകിച്ച് ബോണ്ട് (കടപ്പത്രങ്ങള്‍) കച്ചവടക്കാര്‍. പലിശ നിരക്ക് ഉയര്‍ന്നാല്‍ കൈയിലുള്ള ബോണ്ടുകളുടെ വില കുറയും (ബോണ്ടുകളുടെ വിലയും വിപണിയിലെ പലിശനിരക്കും എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവയാണ്). അടുത്ത മാസം പലിശ നിരക്ക് ഉയരുമെന്ന് വിശ്വസിക്കുന്ന ഒരു കടപ്പത്ര വ്യാപാരി ആ നഷ്ടം മറികടക്കാനായി ഐ ആര്‍ എഫ് വാങ്ങി സൂക്ഷിക്കും.

പലിശനിരക്ക് ഉയര്‍ന്നാല്‍ തന്റെ കൈയിലുള്ള ബോണ്ടുകളുടെ വില കുറയും. ഉടന്‍ തന്നെ ഐ ആര്‍ എഫിന്റെ വിലയും കുറയാന്‍ തുടങ്ങും. കാരണം, ഐ ആര്‍ എഫുകളുടെ അടിസ്ഥാനവസ്തു ഗവ. ബോണ്ടുകളും ട്രഷറി ബില്ലുകളുമാണല്ലോ. ഉടന്‍ തന്നെ വ്യാപാരികള്‍ ഐ ആര്‍ എഫ് വിറ്റ് അതില്‍ നിന്നു കിട്ടുന്ന പണം കൊണ്ട് താല്‍ക്കാലികമായി നഷ്ടം നികത്തും.

ഐ ആര്‍ എഫുകളുടെ വില കൂടുതലായി താഴേക്ക് പോവുമ്പോള്‍, എത്ര എണ്ണം ഐ ആര്‍
എഫുകള്‍ വിറ്റുവോ അത്രയും എണ്ണം കുറഞ്ഞ വിലയില്‍ അവര്‍ വീണ്ടും വാങ്ങി സൂക്ഷിക്കും. വിറ്റ വിലയും, വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക്
ലാഭമായി മാറുന്നു.

ബാങ്കുകള്‍ക്ക് ഈ ഉല്‍പ്പന്നം മറ്റൊരു തരത്തില്‍ സഹായകരമാകുന്നു. പലിശനിരക്ക്
ഉയര്‍ന്നാല്‍ ബാങ്കുകള്‍ക്ക് അധിക പലിശ വരുമാനം ലഭിക്കുന്നു. എന്നാല്‍ ആര്‍ ബി ഐ പലിശ കുറച്ചാല്‍ ഐ ആര്‍ എഫുകളുടെ വില ഉയരും. ബാങ്കുകളുടെ പലിശ വരുമാനം കുറയും. ഈ നഷ്ടം മറികടക്കാന്‍ അവര്‍ക്ക് വില ഉയരുന്ന ഐ ആര്‍ എഫുകള്‍ വിപണിയില്‍ വിറ്റ് പണം കണ്ടെത്താം. ഇങ്ങനെ വ്യത്യസ്ത രീതികളില്‍ ഐ ആര്‍ എഫുകള്‍ പലിശനിരക്കിലെ ഏറ്റക്കുറച്ചിലുകളെ മറികടക്കാന്‍ സ്ഥാപനങ്ങളെ സഹായിക്കുന്നു.

 

Tags:    

Similar News