എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്‍ഡെക്സ് ഫണ്ടുകളാണ് (Index funds) എക്സ്ചേഞ്ച്ട്രേഡഡ് ഫണ്ടുകള്‍ (ETF).

Update: 2022-01-10 00:10 GMT
story

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്‍ഡെക്സ് ഫണ്ടുകളാണ് (Index funds) എക്സ്ചേഞ്ച്ട്രേഡഡ് ഫണ്ടുകള്‍ (ETF). ഇവയെ ഒരു ഓഹരി പോലെ വിപണിയില്‍...

ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്‍ഡെക്സ് ഫണ്ടുകളാണ് (Index funds) എക്സ്ചേഞ്ച്ട്രേഡഡ് ഫണ്ടുകള്‍ (ETF). ഇവയെ ഒരു ഓഹരി പോലെ വിപണിയില്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ഒരര്‍ത്ഥത്തില്‍ ഇവ ഓപ്പണ്‍-എന്‍ഡഡ് മ്യൂച്ചല്‍ ഫണ്ടുകളാണ് (open-ended mutual funds). ഇവയുടെ പോര്‍ട്ഫോളിയോകള്‍ ഓഹരികള്‍, ചരക്കുകള്‍ (gold), ബോണ്ടുകള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ്. ഇ ടി എഫുകളുടെ പ്രത്യേകത അവ വിവിധ തരം അടിസ്ഥാന വസ്തുക്കള്‍ (Underlying assets) കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ് എന്നതാണ്. അതിനാല്‍ ഒരു മേഖലയിലെ തകര്‍ച്ച ഇതിന്റെ മൂല്യത്തില്‍ വലിയ കുറവുണ്ടാക്കുന്നില്ല. ഇ ടി എഫുകള്‍ അവരുടെ ഓഹരികള്‍ നേരിട്ട് നിക്ഷേപകര്‍ക്ക് വില്‍ക്കുന്നില്ല. എന്നാല്‍ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ (fluctuations)
ഇ ടി എഫിനും ബാധകമാണ്.

വിവിധ തരം ഇ ടി എഫുകള്‍ വിപണിയില്‍ ലഭ്യമാണ്. അവ വരുമാന വര്‍ധനവിനും (income generation), ഊഹക്കച്ചവടത്തിനും (speculation), ഉയര്‍ന്ന വില ലഭിക്കാനുമെല്ലാം (price increases) നിക്ഷേപകരെ സഹായിക്കുന്നു. ബോണ്ടുകളെ അടിസ്ഥാന ആസ്തിയാക്കി പരിഗണിക്കുന്ന ഇ ടി എഫുകളാണ് ബോണ്ട് ഇ ടി എഫുകള്‍. ഇതില്‍ ഗവണ്‍മെന്റ് ബോണ്ടുകളും, കോര്‍പ്പറേറ്റ് ബോണ്ടുകളും, സംസ്ഥാന-പ്രാദേശിക ബോണ്ടുകളും ഉള്‍പ്പെടുന്നു. സ്റ്റോക്ക് ഇ ടി എഫുകള്‍ ഒരു പ്രത്യേക വ്യവസായ സ്ഥാപനത്തിന്റെ ഓഹരികളാവും ഉപയോഗിക്കുക. ഇന്‍ഡസ്ട്രി ഇ ടി എഫുകള്‍ ഒരു വ്യവസായ മേഖലയില്‍ (industry/ sector) പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ പോര്‍ട്ഫോളിയോ ആയി തിരഞ്ഞെടുക്കുന്നു. കമ്മോഡിറ്റി ഇ ടി എഫുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്ത ചരക്കുകളാണ് (ഉദാഹരണമായി സ്വര്‍ണം). കറന്‍സി ഇ ടി എഫുകള്‍ വ്യത്യസ്ത രാജ്യങ്ങളുടെ കറന്‍സികളാവും പോര്‍ട്ഫോളിയോ ആയി ഉപയോഗിക്കുക.

ഇ ടി എഫ് അക്കൗണ്ടുകള്‍ക്ക് മറ്റ് ട്രേഡിംഗ് അക്കൗണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി വിവിധ ഗുണങ്ങള്‍ ഉണ്ട്. മ്യൂച്ചല്‍ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ ടി എഫുകള്‍ കുറഞ്ഞ ഇടപാട് ചെലവുകളും (transaction cost), ഫീസുകളുമാണ് ഈടാക്കുന്നത്. വിവിധ വ്യവസായങ്ങളുടെ ഓഹരികളിലേക്ക് ഇതിലൂടെ നിക്ഷേപകര്‍ക്ക് പണം നിക്ഷേപിക്കാം. വൈവിധ്യവല്‍ക്കരണത്തിലൂടെ റിസ്‌ക് മാനേജ്മെന്റ് നടത്തുന്നു എന്നതും ഇ ടി എഫുകളുടെ പ്രത്യേകതയാണ്. അതുപോലെ ടാര്‍ഗറ്റഡ് വ്യവസായങ്ങളില്‍ ശ്രദ്ധ
കേന്ദ്രീകരിക്കുന്ന ഇ ടി എഫുകളും ഉണ്ട്.

പക്ഷേ സജീവമായി കൈകാര്യം ചെയ്യുന്ന (active) ഇ ടി എഫുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നു. സിംഗിള്‍ ഇന്‍ഡസ്ട്രി ഫോക്കസ് ഇ ടി എഫുകള്‍ വൈവിധ്യവത്കരണത്തെ പരിമിതപ്പെടുത്തുന്നു. പണലഭ്യതയുടെ അഭാവം (illiquidity) ഇടപാടുകളെ തടസപ്പെടുത്തുന്നു ഇവയാണ് ഇ ടി എഫുകളുടെ പരിമിതികള്‍.

ഇ ടി എഫിന്റെ പ്രവര്‍ത്തനം

ഇ ടി എഫ് നടത്തിപ്പുകാരായ അസറ്റ് മാനേജ്മെന്റ് കമ്പനി (asset management company-AMC) ഒരു ഓതറൈസ്ഡ് പാര്‍ട്ടിസിപന്റിനെ (AP) നെ നിയമിക്കുന്നു. എ പി (മിക്കപ്പോഴും വലിയ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകള്‍) ഇ ടി എഫിന്റെ അടിസ്ഥാനമായ ഓഹരികള്‍, അല്ലെങ്കില്‍ സ്വര്‍ണം, അസറ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ നിക്ഷേപിക്കുന്നു. ഈ നിക്ഷേപത്തെ 'പോര്‍ട്‌ഫോളിയോ ഡിപ്പോസിറ്റ്' എന്നാണ് പറയുന്നത്. അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഈ പോര്‍ട്ഫോളിയോ ഡിപ്പോസിറ്റിനെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഒരു ഡിപ്പോസിറ്ററിയെ ഏല്‍പ്പിക്കുന്നു.

പോര്‍ട്ഫോളിയോ ഡിപ്പോസിറ്റിന്റെ അനുപാതത്തില്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ യൂണിറ്റുകള്‍ പുറത്തിറക്കി എപി യ്ക്ക് കൈമാറും. ഈ യൂണിറ്റുകള്‍ ഒരുമിച്ചു ചേര്‍ത്താണ് ഇ ടി എഫുകള്‍ സൃഷ്ടിക്കുന്നത്. ഇ ടി എഫുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായാല്‍ എപി കള്‍ കൂടുതല്‍ ഓഹരികള്‍/ സ്വര്‍ണം എഎംസി യില്‍ നിക്ഷേപിച്ച് പകരം യൂണിറ്റുകള്‍ ആവശ്യപ്പെടും. അതിനു ശേഷം അവ നിക്ഷേപകര്‍ക്ക് വില്‍ക്കും. എന്നാല്‍ നിക്ഷേപകര്‍ ഇ ടി എഫ് യൂണിറ്റുകള്‍ വില്‍ക്കാന്‍ താല്‍പര്യപ്പെട്ടാല്‍, എപി കള്‍ അവ വാങ്ങി എഎംസി യ്ക്ക് നല്‍കി അതിന് ആനുപാതികമായ ഓഹരികളോ, സ്വര്‍ണമോ വാങ്ങി വിപണിയില്‍ വിറ്റ് നിക്ഷേപകന് പണം നല്‍കും.

Tags:    

Similar News