'ഫെസായ്' ലൈസന്‍സ് നേടാം, യോഗ്യതകളെന്തെല്ലാം?

  ആരോഗ്യ-കുടുംബ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതാണ് എഫ്എസ്എസ്എഐ സ്ഥാപിത ലക്ഷ്യം. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും എഫ്എസ്എസ്എഐ തടയുന്നു. ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എഫ്എസ്എസ്എഐയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിരിക്കണം. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, സംസ്‌കരണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംരംഭകരും നിര്‍ബന്ധമായും എഫ്എസ്എസ്എഐ […]

Update: 2022-01-16 21:10 GMT
story

  ആരോഗ്യ-കുടുംബ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ്...

 

ആരോഗ്യ-കുടുംബ മന്ത്രാലയത്തിന് കീഴില്‍ സ്ഥാപിതമായ സ്വയംഭരണ സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതാണ് എഫ്എസ്എസ്എഐ സ്ഥാപിത ലക്ഷ്യം. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും എഫ്എസ്എസ്എഐ തടയുന്നു. ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എഫ്എസ്എസ്എഐയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചിരിക്കണം.

ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, സംസ്‌കരണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സംരംഭകരും നിര്‍ബന്ധമായും എഫ്എസ്എസ്എഐ രജിസ്ട്രേഷനോ ലൈസന്‍സോ നേടിയിരിക്കണം. എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ എഫ്എസ്എസ്എഐ ലൈസന്‍സില്‍ നിന്ന് വ്യത്യസ്തമാണ്. സംരംഭത്തിന്റെ സ്വഭാവമനുസരിച്ച ആവശ്യമായ രജിസ്ട്രേഷനോ ലൈസന്‍സോ ഭക്ഷ്യ സംരംഭത്തിന് നേടാം.

യോഗ്യത

സംരംഭത്തിന്റെ രീതിയും വരുമാനവും ഉത്പാദന ശേഷിയും അനുസരിച്ചാണ് എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ ലഭിക്കുന്നത്. സെന്‍ട്രല്‍ ലൈസന്‍സ്, സ്റ്റേറ്റ് ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള രജിസ്ട്രേഷനുകളാണ് നിലവിലുള്ളത്. സാധാരണഗതിയില്‍, വന്‍കിട നിര്‍മ്മാതാക്കള്‍, ഇറക്കുമതിക്കാര്‍, കയറ്റുമതിക്കാര്‍, വന്‍കിട ഭക്ഷ്യവ്യാപാരങ്ങള്‍ നടത്തുന്ന ഭക്ഷ്യ സംരംഭകര്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സെന്‍ട്രല്‍ ലൈസന്‍സ് എടുക്കണം. പരമാവധി കാലാവധി 5 വര്‍ഷവും കുറഞ്ഞത് 1 വര്‍ഷവുമാണ്. ഇത്തരം സംരംഭങ്ങളുടെ വാര്‍ഷിക വിറ്റുവരവ് 20 കോടി രൂപയ്ക്ക് മുകളിലായിരിക്കണം.

ഇടത്തര ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റുകള്‍, ഇടത്തര വ്യപരികള്‍, അവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള സ്റ്റേറ്റ് ലൈസന്‍സിന് അപേക്ഷിക്കണം. വര്‍ഷത്തില്‍ പന്ത്രണ്ട് ലക്ഷം രൂപയ്ക്കും ഇരുപത് കോടി രൂപയ്ക്കുമിടയില്‍ വിറ്റുവരവുള്ള സംരംഭങ്ങളായിരിക്കണം ഇത്. വര്‍ഷത്തില്‍ പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് താഴെ വിറ്റുവരവുള്ള ചെറിയ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി എഫ്എസ്എസ്എഐയുടെ സാധാരണ രജിസ്ട്രേഷനുമാണുള്ളത്. പ്രതിദിനം 5000 ലിറ്റര്‍ വരെ വ്യാപാരം നടത്തുന്ന ഡയറി യൂണിറ്റുകള്‍ , 3-നക്ഷത്ര ഹോട്ടലുകളും അതിനുമുകളിലും, റീലേബലിംഗ് യൂണിറ്റുകള്‍, ക്ലബ്ബുകള്‍, കാന്റീനുകള്‍ എന്നിവയെല്ലാം അവരുടെ വിറ്റുവരവ് പരിഗണിക്കാതെ തന്നെ ലൈസന്‍സിന് അപേക്ഷിക്കണം. ഇങ്ങനെ അനുവദിച്ച ലൈസന്‍സിന്റെ കാലാവധി പരമാവധി അഞ്ച് വര്‍ഷവും കുറഞ്ഞത് ഒരു വര്‍ഷവുമാണ്.

എങ്ങനെയെടുക്കാം

രജിസ്ട്രേഷനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ foscos.fssai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഇതില്‍ രണ്ട് ഫോമുകള്‍ ലഭ്യമാണ്. രജിസ്‌ട്രേഷനുള്ള ഫോം എ, സംസ്ഥാന, കേന്ദ്ര ലൈസന്‍സിനായുള്ള ്ഫോം ബി. അപേക്ഷ പൂരിപ്പിക്കുന്ന സമയത്ത് ആവശ്യമായ രേഖകള്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യണം അല്ലെങ്കില്‍ ഫിസിക്കല്‍ അപേക്ഷയോടൊപ്പം ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിച്ച തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അത് ഡിപ്പാര്‍ട്ട്മെന്റിന് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അത് അപേക്ഷകനെ രേഖാമൂലം അറിയിക്കണം. രജിസ്ട്രഷന്‍ ലഭിച്ചാല്‍ അപേക്ഷകന്റെ ഇമെയില്‍ ഐഡിയും ഫോട്ടോയും സഹിതമുള്ള ഒരു എഫ്എസ്എസ്എഐ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. അതില്‍ രജിസ്ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കും. പോര്‍ട്ടലില്‍ പ്രവേശിച്ച് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

ആവശ്യമായ രേഖകള്‍

ഭക്ഷ്യ സംരംഭകരുടെ തിരിച്ചറിയല്‍ രേഖ, സംരംഭത്തിന്റെ പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍, സംരംഭം ആരംഭിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍, വാടക കരാര്‍, വാടക കെട്ടിടത്തിന്റെ ഉടമയില്‍ നിന്നുള്ള എന്‍ഒസി, യൂട്ടിലിറ്റി ബില്ലുകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്തിന്റെയോ എന്‍ഒസി, ഹെല്‍ത്ത് എന്‍ഒസി തുടങ്ങിയ രേഖകള്‍ രജിസ്ട്രേഷനായി ആവശ്യമാണ്.

ഇത് കൂടാതെ സ്റ്റേറ്റ് ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ എഫ്എസ്എസ്എഐയുടെ ബി ഫോം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ശേഷം ഡയറക്ടര്‍മാര്‍, പങ്കാളികള്‍, ഉടമസ്ഥര്‍ എന്നിവരുടെ വിലാസം, തിരിച്ചറിയല്‍ രേഖ, ബന്ധപ്പെടാനുള്ള വിവിരങ്ങള്‍ എന്നിവ നല്‍കണം. മാത്രമല്ല ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പേരും ലിസ്റ്റും നല്‍കണം. സംരംഭത്തിന് അനുവദിച്ച സ്ഥലത്തിന്റെ അളവുകള്‍ കാണിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റിന്റെ പ്ലാന്‍, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഇനി സെന്‍ട്രല്‍ ലൈസന്‍സ് ലഭിക്കുന്നതിനും ചില രേഖകള്‍ അധികമായി നല്‍കണം. എഫ്എസ്എസ്എഐയുടെ

ബി ഫോം പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം സംരംഭത്തിന് അനുവദിച്ച സ്ഥലത്തിന്റെ അളവുകള്‍ കാണിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റിന്റെ പ്ലാന്‍ നല്‍കണം. സംരംഭങ്ങളുടെ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും പേരും ലിസ്റ്റും, ഡയറക്ടര്‍മാര്‍, പങ്കാളികള്‍, ഉടമസ്ഥര്‍ എന്നിവരുടെ വിലാസം, തിരിച്ചറിയല്‍ രേഖ, ബന്ധപ്പെടാനുള്ള വിവിരങ്ങളും നല്‍കണം. പാല്‍, മാംസം മുതലായുടെ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടത്തിന്റെ വിവരങ്ങള്‍ തുടങ്ങി ലൈസന്‍സിനായി നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ വിശദാംശങ്ങളും രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സമര്‍പ്പിച്ച രേഖകള്‍ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കും.

അപേക്ഷാ ഫീസ്

എഫ്എസ്എസ്എഐ സാധാരണ രജിസ്ട്രേഷനായി 100 രൂപയും, സ്റ്റേറ്റ് ലൈസന്‍സിനായി 2,500 രൂപ മുതല്‍ 5,000 രൂപ വരെയും സെന്‍ട്രല്‍ ലൈസന്‍സിനായി 7,500 രൂപയുമാണ് ഇടാക്കുന്നത്. എഫ്എസ്എസ്എഐ ലൈസന്‍സ് പുതുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലൈസന്‍സ് ഒരു വര്‍ഷത്തേക്കോ ചിലത് അഞ്ച് വര്‍ഷത്തേക്കോ സാധുതയുള്ളതാണ്. നിലവിലെ ലൈസന്‍സ് കാലാവധി തീരുന്നതിന് 30 ദിവസം മുമ്പ് ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കണം.

 

Tags:    

Similar News