ഇലോണ്‍ മസ്‌കുമില്ല, ദുബായ് രാജകുമാരനുമില്ല! സ്റ്റാര്‍ട്ടപ്പുകളെ ഒറ്റയടിക്ക് പറ്റിച്ച ഇവന്റ് തട്ടിപ്പ്

  • കേന്ദ്ര മന്ത്രിമാരുടെ ഫോട്ടോകള്‍ വെച്ച് സംഘാടകര്‍ ട്വീറ്റ് ചെയ്തു
  • 8000 രൂപ നിരക്കിലാണ് ഇവന്റിലേക്കുള്ള ടിക്കറ്റുകള്‍ വിറ്റത്
  • സ്റ്റാര്‍ട്ടപ്പിന് ഫണ്ട് ലഭിച്ചിരിക്കുമെന്ന വാഗ്ദാനമാണ് നിരവധി പേരെ ആകര്‍ഷിച്ചത്
  • സ്പോണ്‍സര്‍ഷിപ്പിനായി പല സ്റ്റാര്‍ട്ടപ്പുകളും 50 ലക്ഷം രൂപ വരെ നല്‍കി

Update: 2023-04-04 10:10 GMT


ഇലോണ്‍ മസ്‌ക്, ദുബായ് രാജകുമാരന്‍ ശൈഖ് ഹംദാന്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ... ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടന്നൊരു തട്ടിപ്പാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ അടക്കം ഫോട്ടോകള്‍ നല്‍കിയും വിവിധ ഇന്‍ഫല്‍വന്‍സമാരെ പ്രൊമോട്ടര്‍മാരാക്കിയും വമ്പന്‍ പ്രചാരണം നടത്തിയ ഇവന്റിനായി പല സ്റ്റാര്‍ട്ടപ്പുകളും സ്പോണ്‍സര്‍ഷിപ്പ് നല്‍കി. 8000 രൂപ ടിക്കറ്റ് വെച്ച പരിപാടിക്കായി നിരവധി പേര്‍ ബുക്കിംഗും ചെയ്തു. ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്ത് ഇവരെല്ലാം കാത്തിരുന്നു. ഒടുവില്‍ ഇവന്റ് ദിവസം സ്ഥലത്തെത്തിയപ്പോഴാണ് അറിയുന്നത്, ഇവന്റില്‍ ഇപ്പറഞ്ഞവരോ ഒരൊറ്റ നിക്ഷേപകനോ സംബന്ധിക്കുന്നില്ലെന്ന്!

വാഗ്ദാനം പലവിധം

ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ ഡിസംബറില്‍ ഇവന്റ് കോ-ഫൗണ്ടറായ ലൂക് തല്‍വാര്‍ ഇവന്റ് പ്രഖ്യാപിച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്കിലുള്ള എക്സ്പോ മാര്‍ട്ടില്‍ വെച്ച് ഇവന്റ് നടക്കുമെന്നും പ്രഖ്യാപനമുണ്ടായി.

1500 വിസിമാര്‍, 9000 ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാര്‍, ലോകത്തിന്റെ പല ഭാഗത്തുനിന്നായി 75,000 ത്തില്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍... ഇവരെല്ലാം സംബന്ധിക്കുമെന്നു പറഞ്ഞാണ് ഇവന്റിലേക്ക് ആളുകളെ ആകര്‍ഷിച്ചത്.

തട്ടിപ്പ് വമ്പന്മാരെ കാട്ടി

ഇവന്റിലേക്ക് ക്ഷണിച്ചുകൊണ്ട് അങ്കുര്‍ വാരികൂ, ചേതന്‍ ഭഗത്, പ്രഫുല്‍ ബില്ലോര്‍, രാജ് ശമാനി തുടങ്ങിയ പ്രമുഖ ഇന്‍ഫല്‍വന്‍സര്‍മാരുടെ വീഡിയോകളും ഇവര്‍ പുറത്തുവിട്ടു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇവന്റില്‍ നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിന് തീര്‍ച്ചയായും ഫണ്ട് ലഭിച്ചിരിക്കുമെന്ന വാഗ്ദാനമാണ് അതിലേറെ ആകര്‍ഷിച്ചത്. 8000 രൂപ നിരക്കിലാണ് ഇവന്റിലേക്കുള്ള ടിക്കറ്റുകള്‍ വിറ്റത്.

നിതിന്‍ ഗഡ്കരി അടക്കമുള്ള കേന്ദ്ര മന്ത്രിമാരുടെ ഫോട്ടോകള്‍ വെച്ച് സംഘാടകര്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. പ്രമുഖ ബിസിനസ് മാധ്യമങ്ങളില്‍ അഡ്വര്‍ട്ടോറിയലുകളും തുടരെത്തുടരെ പ്രത്യക്ഷപ്പെട്ടു. വെബ്സൈറ്റില്‍ വമ്പന്‍ കമ്പനികളുടെ ലോഗോകള്‍ നല്‍കി ഇവരെല്ലാം സംബന്ധിക്കുന്നുവെന്ന് ഖ്യാതിയും നല്‍കി.

സ്പോണ്‍സര്‍ഷിപ്പിനായി പല സ്റ്റാര്‍ട്ടപ്പുകളും 50 ലക്ഷം രൂപ വരെ നല്‍കി. പക്ഷേ, എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത്. അങ്ങനെയൊരു ഇവന്റേയില്ലെന്ന്!.

ലൂക് തല്‍വാര്‍, അര്‍ജുന്‍ ചൗധരി എന്നിവരാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഞെട്ടിച്ച ഈ തട്ടിപ്പിന് കളമൊരുക്കിയത്. നേരത്തെ ജനുവരിയില്‍ നടത്താനിരുന്ന ഇവന്റ്, പല കാരണങ്ങള്‍ പറഞ്ഞ് മാര്‍ച്ചിലാണെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് നടന്ന പരിപാടിയില്‍ പക്ഷേ, വിരലിലെണ്ണാവുന്നവര്‍ മാത്രം സംബന്ധിച്ചു. ഇതൊരു വമ്പന്‍ തട്ടിപ്പാണെന്ന് അപ്പോള്‍ മാത്രമാണ് ഫണ്ട് ചെയ്തവര്‍ മനസിലാക്കിയത്.

Tags:    

Similar News