പാര്‍ട്ടണര്‍ഷിപ് കമ്പനി എന്താണ്?

രണ്ടോ അതില്‍ അധികം പേരോ ഒരു പ്രത്യേക വാണിജ്യ പ്രവര്‍ത്തിക്കു വേണ്ടി നിക്ഷേപം നടത്തി തുടങ്ങുന്നതാണ് പാര്‍ട്ണര്‍ഷിപ് കമ്പനി

Update: 2022-01-13 23:25 GMT

ലളിതമായി ഇതിനെ പങ്കാളിത്ത കമ്പനി എന്ന് പറയാം. രണ്ടോ അതില്‍ അധികം പേരോ ഒരു പ്രത്യേക വാണിജ്യ പ്രവര്‍ത്തിക്കു വേണ്ടി നിക്ഷേപം നടത്തി...


ലളിതമായി ഇതിനെ പങ്കാളിത്ത കമ്പനി എന്ന് പറയാം. രണ്ടോ അതില്‍ അധികം പേരോ ഒരു പ്രത്യേക വാണിജ്യ പ്രവര്‍ത്തിക്കു വേണ്ടി നിക്ഷേപം നടത്തി തുടങ്ങുന്നതാണ് പാര്‍ട്ണര്‍ഷിപ് കമ്പനി. താരതമ്യേനെ ഇതിന്റെ വ്യവസ്ഥകളും മറ്റും ലളിതമാകയാല്‍ ഇന്ത്യയില്‍ അധികം കാണപ്പെടുന്നത് പങ്കാളിത്ത കമ്പനികളാണ്.


രണ്ട് തരം പങ്കാളിത്ത കമ്പനികളാണുള്ളത് - രജിസ്റ്റര്‍ ചെയ്തവയും ചെയ്യാത്തവയും. 1932 ലെ ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ് നിയമപ്രകാരം കമ്പനി തുടങ്ങാന്‍ പങ്കാളികള്‍ തമ്മില്‍ ഒരു പാര്‍ട്ണര്‍ഷിപ് ഡീഡ് മാത്രമേ ആവശ്യമുള്ളു. കമ്പനി രജിസ്റ്റര്‍ ചെയ്യണം എന്ന് വ്യവസ്ഥ ചെയ്യുന്നില്ല. അത് കൊണ്ട് പല പങ്കാളിത്ത കമ്പനികളും രജിസ്റ്റര്‍ ചെയ്യാതെ തന്നെ അവരുടെ വാണിജ്യ വ്യാപാര പ്രവര്‍ത്തികള്‍ നടത്തി പോരുന്നു. പക്ഷെ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്നതില്‍ ചില പോരായ്മകളും ഉണ്ട്.

ഒരു പങ്കാളിക്ക് മറ്റൊരു പങ്കാളിയ്ക്കെതിരെയോ സ്ഥാപനത്തിന്നെതിരെയോ നിയമ നടപടിക്ക് പോകാന്‍ പറ്റില്ല. കരാര്‍ ലംഘനത്തിന്ന് മറ്റ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കെതിരെയോ നിയമ നടപടി സ്വീകരിക്കാന്‍ പറ്റില്ല. ഇക്കാരണങ്ങള്‍ കൊണ്ട് രജിസ്റ്റര്‍ ചെയുന്നതാണ് അഭികാമ്യം. നടപടികള്‍ ലളിതമാണ്. ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ് നിയമത്തിന്റെ 58 വകുപ്പ് പ്രകാരം കമ്പനി തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ച ശേഷവും രജിസ്റ്റര്‍ ചെയ്യാം.

ആ പ്രദേശത്തെ രജിസ്ട്രാര്‍ക്ക് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വേണ്ട പരിശോധനങ്ങള്‍
നടത്തി രജിസ്ട്രേഷന്‍ അനുവദിക്കാവുന്നതാണ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ എല്ലാ കൊല്ലവും കമ്പനി രജിസ്ട്രാര്‍ക്ക് ഓഡിറ്റ് ചെയ്ത ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് നല്‍കണം., പക്ഷെ പങ്കാളിത്ത കമ്പനികള്‍ക്ക് അത്തരം വ്യവസ്ഥകള്‍ ബാധകമല്ല. പങ്കാളിത്ത കമ്പനികളിലെ ഉടമസ്ഥത കൈമാറ്റം ചെയ്യാനാവില്ല, ഓഹരി പങ്കാളിത്തം സാധ്യമല്ല തുടങ്ങിയ ന്യുനതകള്‍ കൂടാതെ പങ്കാളിത്ത കമ്പനികള്‍ക്ക് വായ്പ
നല്‍കുന്നതില്‍ ബാങ്കുകള്‍ക്ക് താല്‍പര്യക്കുറവുമുണ്ടാവും.

Tags:    

Similar News