ഒരുമാസത്തിനിടെ 40 ശതമാനം നേട്ടം; ഈ പെന്നിസ്റ്റോക്കിന് സംഭവിച്ചതെന്ത്?

  • കഴിഞ്ഞ ദിവസം 10 ശതമാനത്തിലധികവും ഓഹരി വില ഉയര്‍ന്നു
  • 11.35 രൂപ എന്ന നിലയിലാണ് സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്
  • 2023 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 5,947 കോടി രൂപ

Update: 2023-06-02 05:58 GMT

ഓഹരി വിപണിയില്‍ മിന്നും നേട്ടങ്ങള്‍ പ്രതീക്ഷിച്ചിച്ചാണ് പലരും പെന്നിസ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത്. പലപ്പോഴും ഇതൊരു ഭാഗ്യപരീക്ഷണം കൂടിയാണ്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 40 ശതമാനത്തോളം നേട്ടം സമ്മാനിച്ചൊരു പെന്നിസ്റ്റോക്കുണ്ട്. റിന്യുവബ്ള്‍ എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന സുസ്ലോണ്‍ എനര്‍ജിയാണ് ഒരു മാസത്തിനിടെ നിക്ഷേപകര്‍ക്ക് കിടിലന്‍ നേട്ടം സമ്മാനിച്ചത്. കഴിഞ്ഞപാദത്തിലെ പ്രവര്‍ത്തനഫലം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം 10 ശതമാനത്തിലധികവും ഓഹരി വില ഉയര്‍ന്നു.

നിലവില്‍ 11.35 രൂപ എന്ന നിലയിലാണ് സുസ്ലോണ്‍ എനര്‍ജിയുടെ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഒരുമാസത്തിന് മുമ്പ് വെറും 8.10 രൂപയായിരുന്നു ഈ ഓഹരിയുടെ വില. അഞ്ച് ദിവസത്തിനിടെ 15 ശതമാനത്തിന്റെ ഉയര്‍ച്ചയും ഈ ഓഹരിയിലുണ്ടായി. നിലവില്‍ 13,567 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാവായ സുസ്ലോണ്‍ എനര്‍ജി പൂനെ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.

മിന്നും പാദഫലം

2022-23 സാമ്പത്തിക വര്‍ഷത്തെ അവസാനപാദത്തില്‍ 319.99 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് സുസ്ലോണ്‍ എനര്‍ജി റിപ്പോര്‍ട്ട് ചെയ്തത്. ഈ കാലയളവിലെ ചെലവ് കുറഞ്ഞതാണ് മികച്ച ഫലത്തിന് സഹായകമായത്. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 205.52 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം. അവസാന പാദത്തിലെ വരുമാനത്തിലും വര്‍ധനവുണ്ടായി, 1,690 കോടി രൂപയാണ് 2023 ജനുവരി-മാര്‍ച്ച് കാലയളവിലെ വരുമാനം.

2023 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 5,947 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തിലെ 258 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റാദായം 2,852 കോടി രൂപയായും ഉയര്‍ന്നു.

1995ല്‍ സ്ഥാപിതമായ സുസ്ലോണ്‍ പിന്നാലെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. നിലവില്‍ 17 രാജ്യങ്ങളിലാണ് സുസ്ലോണ്‍ എനര്‍ജിക്ക് സാന്നിധ്യമുള്ളത്. ആറ് ഭൂഖണ്ഡങ്ങളിലായി 12,510ലധികം കാറ്റാടി ടര്‍ബൈനുകളും ഇന്ത്യയില്‍ 14 ലോകോത്തര നിര്‍മ്മാണ യൂണിറ്റുകളും കമ്പനിക്ക് കീഴിലുണ്ട്.

Tags:    

Similar News