വന്ദേ ഭാരത് നിര്‍മാണം ഏറ്റെടുത്ത കമ്പനി ഓഹരി വിപണിയില്‍ ചീറിപ്പാഞ്ഞു: 5 ദിവസത്തിനിടെ 50 % നേട്ടം, ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ഇന്ന് 3.21 ലക്ഷമായി

  • ഓഹരി വില 50 ശതമാനം ഉയര്‍ന്ന് 111.80 രൂപ എന്ന നിലയിൽ
  • നിലവില്‍ 22,522 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
  • റഷ്യയുടെ ഒരു കണ്‍സോര്‍ഷ്യവുമായി റെയ്ല്‍ വികാസ് നിഗം ലിമിറ്റഡ് കരാറില്‍ ഏര്‍പ്പെടും

Update: 2023-04-26 19:11 GMT

ഒരു വര്‍ഷത്തിനിടെ ഓഹരി വില 221 ശതമാനമാണ് ഉയര്‍ന്നത്

അഞ്ചുദിവസത്തിനിടെ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ച് റെയ്ല്‍ വികാസ് നിഗം ലിമിറ്റഡ്. അഞ്ച് ദിവസത്തിനിടെ ഓഹരി വില 50 ശതമാനം ഉയര്‍ന്ന് 111.80 രൂപ എന്ന നിലയിലാണ് റെയ്ല്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരികള്‍ ഇന്ന് വിപണിയില്‍ വ്യാപാരം നടത്തുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയും ഇതാണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ 66 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 167 ശതമാനത്തിന്റെയും നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ ഓഹരിവില രണ്ട് മടങ്ങോളം വര്‍ധിച്ച റെയ്ല്‍ വികാസ് നിഗം ലിമിറ്റഡ് 221 ശതമാനത്തിന്റെ നേട്ടവും നല്‍കി. അതായത്, ഒരു വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ ഈ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ മൂല്യം 3.21 ലക്ഷമായി വര്‍ധിച്ചിട്ടുണ്ടാകുമെന്ന് അര്‍ത്ഥം. ഈ വര്‍ഷം ഇതുവരെ നല്‍കിയത് 56 ശതമാനം റിട്ടേണാണ്.

റെയിൽ  പാത ഇരട്ടിപ്പിക്കല്‍, റെയില്‍വേ വൈദ്യുതീകരണം, മെട്രോ പദ്ധതികള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കുന്ന കമ്പനിയാണ് റെയ്ല്‍ വികാസ് നിഗം ലിമിറ്റഡ്. നിലവില്‍ 22,522 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

പ്രകടനത്തിന് കാരണമിത്

ഈ വര്‍ഷം ഓഗസ്റ്റില്‍ 120 നൂതന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ നിര്‍മാണം കമ്പനി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഓഹരി വില കുതിച്ചുയര്‍ന്നത്. 'ലത്തൂരിലെ മറാത്ത്വാഡ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ കുറഞ്ഞത് 120 നൂതന വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും, ഓഗസ്റ്റില്‍ നിര്‍മാണം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു,' കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെയെ ഉദ്ധരിച്ച് കഴിഞ്ഞദിവസം വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ലാത്തൂരില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ കേന്ദ്രം 600 കോടി രൂപ അനുവദിച്ചതായും റാവുസാഹേബ് ദന്‍വെ വ്യക്തമാക്കിയിരുന്നു. ലാത്തൂരില്‍ ഈ സൗകര്യം ഉടന്‍ ആരംഭിക്കും, എത്രയും വേഗം ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. റഷ്യയുടെ ഒരു കണ്‍സോര്‍ഷ്യവുമായി റെയ്ല്‍ വികാസ് നിഗം ലിമിറ്റഡ് കരാറില്‍ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവസാനം പുറത്തുവന്ന പാദഫല റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022-23 സാമ്പത്തികവര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ 341 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍പാദത്തില്‍ ഇത് 298 കോടി രൂപയായിരുന്നു. വരുമാനവും മുന്‍പാദത്തെ 4908 കോടി രൂപയില്‍നിന്ന് 5010 കോടി രൂപയായി ഉയര്‍ന്നു.

Tags:    

Similar News