അദാനി പോര്‍ട്‌സിന്റെ അറ്റാദായത്തില്‍ 16 ശതമാനത്തിന്റെ ഇടിവ്

പോര്‍ട്ട് എബിറ്റെട മാര്‍ജിന്‍ 70 ശതമാനം ഉള്ളതിനാല്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും ലാഭമുള്ള പോര്‍ട്ട് കമ്പനികളില്‍ ഒന്നാണ് അദാനി പോര്‍ട്ട്‌സ്.

Update: 2023-02-07 13:46 GMT


നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അദാനി പോര്‍ട്ട്‌സിന്റെ അറ്റാദായം 16 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,567 കോടി രൂപ രേഖപെടുത്തിയപ്പോള്‍ ഇത്തവണ 1,315 കോടി രൂപയായി കുറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 4,072 കോടി രൂപയില്‍ നിന്ന് 4,786 കോടി രൂപയായി.

ഫലങ്ങളുടെ പ്രഖ്യാപനത്തിനു പിന്നാലെ അദാനി പോര്‍ട്ട്‌സിന്റെ ഓഹരികള്‍ വിപണിയില്‍ 5.21 ശതമാനം ഉയര്‍ന്ന് 573.85 രൂപയിലെത്തി.

കമ്പനിയുടെ എബിറ്റെട മുന്‍വശം സമാന പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2612 കോടി രൂപയില്‍ നിന്ന് 3,011 കോടി രൂപയായി.

അദാനി പോര്‍ട്ട്‌സിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇത് വരെയുള്ള വരുമാനം 19,200 -19,800 കോടി രൂപയും എബിറ്റെട 12,200 -12,600 കോടി രൂപയുമായി.

ഡിസംബറില്‍ അവസാനിച്ച ഒന്‍പതു മാസ കാലയളവില്‍ രാജ്യത്തെ മൊത്തം ചരക്കിന്റെ 24 ശതമാനവും കൈകാര്യം ചെയ്തത് അദാനി പോര്‍ട്ട്‌സ് ആണ്. ഈ കളയവില്‍ പോര്‍ട്ട്‌സിന്റെ എബിറ്റെട വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വര്‍ധിച്ച് 9,562 കോടി രൂപയായി.

4,000 -4,500 കോടി രൂപയുടെ മൂലധന ചെലവ് കണക്കാക്കിയതിനു പുറമെ 5,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് നടത്താനും പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ കരണ്‍ അദാനി പറഞ്ഞു. ഇത് അറ്റവായ്പയുടെ എബിറ്റെട അനുപാതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോര്‍ട്ട് എബിറ്റെട മാര്‍ജിന്‍ 70 ശതമാനം ഉള്ളതിനാല്‍ ആഗോള തലത്തില്‍ തന്നെ ഏറ്റവും ലാഭമുള്ള പോര്‍ട്ട് കമ്പനികളില്‍ ഒന്നാണ് അദാനി പോര്‍ട്ട്‌സ്.

കമ്പനി ഈ പാദത്തില്‍ 259.9 മില്യണ്‍ മെട്രിക്ക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

ഇതില്‍ കല്‍ക്കരി വിഭാഗത്തില്‍ 23 ശതമാനവും, ക്രൂഡ് ഒഴികെയുള്ള മറ്റു ഇന്ധനങ്ങള്‍ 8 ശതമാനവും, കണ്ടെയ്നറുകള്‍ 5 ശതമാനവും ഉള്‍പ്പെടുന്നു. ഓട്ടോ മൊബൈല്‍ വിഭാഗത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

ലോജിസ്റ്റിക്‌സ് ബിസിനസിലെ എബിറ്റെട വാര്‍ഷികാടിസ്ഥാനത്തില്‍ 66 ശതമാനം വര്‍ധിച്ച് 354 കോടി രൂപയായി. എബിറ്റെട മാര്‍ജിന്‍ 400 ബേസിസ് പോയിന്റ് വര്‍ധിച്ചു.


Tags:    

Similar News