ചാഞ്ചാടിയുലഞ്ഞ് വിപണി, ആശങ്ക വേണ്ട ജാഗ്രത മതി

Update: 2022-12-22 05:59 GMT


മുംബൈ: ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച നേട്ടത്തോടെ ആരംഭിച്ച വിപണി അസ്ഥിരമാകുന്ന കാഴ്ചയാണ് ഉള്ളത്. ആഗോള വിപണികളിലെല്ലാം ഉണ്ടായ മുന്നേറ്റം തുടക്കത്തില്‍ പ്രതിഫലിച്ചുവെങ്കിലും വലിയൊരു ചാഞ്ചാട്ടം വിപണിയില്‍ ഉണ്ടാവുന്നുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 397.14 പോയിന്റ് ഉയര്‍ന്ന് 61,464.38 ലും നിഫ്റ്റി 119.65 പോയിന്റ് നേട്ടത്തില്‍ 18,318.75 ലുമെത്തി. എന്നാല്‍ 10.45 നു സെന്‍സെക്‌സ് 206.76 പോയിന്റ് നഷ്ടത്തില്‍ 60,860.48 ലും നിഫ്റ്റി 68.50 പോയിന്റ് ഇടിഞ്ഞ് 18,130.60 ലുമാണ് വ്യപാരം ചെയുന്നത്. സെന്‍സെക്‌സില്‍ സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹിന്ദ്ര ബാങ്ക്, വിപ്രോ, ബജാജ് ഫിനാന്‍സ്, ഐ ടി സി, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിന്‍സേര്‍വ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. ബുധനാഴ്ച യു എസ് വിപണിയും ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

'കഴിഞ്ഞ കുറച്ചു സെഷനുകളില്‍, പ്രധാന സമ്പദ് വ്യവസ്ഥയില്‍ നേരിടുന്ന പണപ്പെരുപ്പ ആശങ്കയും, ചൈനയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളെക്കുറിച്ചുള്ള ഭീതിയും മൂലം വലിയ ചാഞ്ചാട്ടമാണുള്ളത്. നിക്ഷേപകര്‍ ഇത് കരുതിയിയിരിക്കേണ്ടതുണ്ട്,' മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റീസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് താപ്‌സെ പറഞ്ഞു. ബുധനാഴ്ച സെന്‍സെക്‌സ് 635.05 പോയിന്റ് ഇടിഞ്ഞ് 61,067.24 ലും നിഫ്റ്റി 186.20 പോയിന്റ് ഇടിഞ്ഞ് 18,199.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.50 ശതമാനം വര്‍ധിച്ച് ബാരലിന് 82.61 ഡോളറായി. ബുധനാഴ്ച വിദേശ നിക്ഷേപകര്‍ 1,119.11 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News