രണ്ട് ദിവസത്തെ തകർച്ചയ്ക്ക് ശേഷം വീണ്ടും അസ്ഥിരമായി വിപണി. ആദ്യഘട്ടത്തിൽ ഉയർന്ന് വ്യാപാരമാരംഭിച്ചെങ്കിലും നേട്ടം നില നിർത്താൻ കഴിയാത്ത സാഹചര്യമാണ് കാണുന്നത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 98.89 പോയിന്റ് ഉയർന്ന് 59,429.79 ലെത്തിയപ്പോൾ നിഫ്റ്റി 46.35 പോയിന്റ് വർധിച്ച് 17,650.70 ലുമെത്തി. 10 .50 ന് സെൻസെക്സ് 140 .55 പോയിന്റ് ഇടിഞ്ഞ് 59,190.35 ലും നിഫ്റ്റി 52.15 പോയിന്റ് നഷ്ടത്തിൽ 17552 .20 ലുമാണ് വ്യാപാരം ചെയുന്നത്.
സെൻസെക്സിൽ ബജാജ് ഫിൻസേർവ്, എൻടിപിസി, ഐടിസി, അൾട്രാടേക്ക് സിമന്റ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ ലാഭത്തിലാണ്. പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്,, എച്ച്ഡിഎഫ് സി, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലാണ്. ഏഷ്യൻ വിപണിയിൽ സിയോൾ , ഹോങ്കോങ് എന്നിവ ദുർബലായപ്പോൾ ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിലായി. വെള്ളിയാഴ്ച യുഎസ് വിപണി ലാഭത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
വെള്ളിയായ്ഴ്ച സെൻസെക്സ് 874.16 പോയിന്റ് ഇടിഞ്ഞ് 59,330.90 ലും, നിഫ്റ്റി 287.60 പോയിന്റ് നഷ്ടത്തിൽ 17,604.35 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.17 ശതമാനം കുറഞ്ഞ് ബാരലിന് 86.51 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 5,977.86 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. അദാനിയുടെ ഓഹരികൾക്ക് സമ്മിശ്രമായ പ്രതികരണമാണ് വിപണിയിലുള്ളത്. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ 413 പേജുകളടങ്ങിയ മറുപടി ഗ്രൂപ്പ് പ്രസിദ്ധികരിച്ചതിനെ തുടർന്ന് ഇന്ന് അദാനി എന്റർപ്രൈസിന്റെ ഓഹരികൾ 10 ശതമാനത്തോളം ഉയർന്നാണ് വ്യാപാരമാരംഭിച്ചത്.
അദാനി ഗ്രൂപ്പിന്റെ 4 കമ്പനികൾ നേട്ടത്തിൽ വ്യാപാരം ചെയ്യുന്നുണ്ടെങ്കിലും, അഞ്ചു കമ്പനികൾ ചുവപ്പിൽ തന്നെയാണ് തുടരുന്നത്.
